https://lh3.googleusercontent.com/.../w426-h284/15+-+1

2019, ജൂൺ 24, തിങ്കളാഴ്‌ച

ഹമ്പട ഞാനേ"

ഉള്ളിന്റെ ഉള്ളിൽ 
മരിച്ചു - മരച്ചങ്ങു പോകുമ്പോൾ 
ഒരു ഉയിർപ്പുണ്ട്, 
ഒരൊന്നൊന്നര ഉയിർപ്പു. 
അതുവരെ ഉള്ള ഞാനായിരിക്കില്ല 
ആ ഞാൻ .
ഉയിർത്തെണീച്ചു
ചുമലു കുടഞ്ഞൊരു പോക്കാ .
എല്ലാരോടും ചെറുങ്ങനെ ചിരിച്ചു ചിരിച്ചു
വെറുങ്ങനെ അങ്ങിനെ ചിരിച്ചിരിക്കും.
അലമ്പായ അലമ്പിലെല്ലാം കൊണ്ടോയി
തല വയ്ക്കുന്നൊരെണ്ണം.
കൂവിയാർത്ത്,
ബഹളം വെച്ച് ,
കണ്ണില്കണ്ടതും കയ്യിൽകിട്ടിയതും തിന്ന്,
കണ്ട വേരിനോടും മരത്തിനോടും ഒക്കെ
മിണ്ടി,
ഉടുപ്പിലൊക്കെ പെയിന്റ് വാരിപ്പൂശി
മോഡേൺ ആർട്ടാക്കി,
ഒരു കഥയുമില്ലാത്ത
കൊറേ കഥയും പറഞ്ഞു,
എന്തുട്രീ " ന്നു ചോദിച്ചാൽ
ഒന്നൂല്ലഡ്രാ " ന്നു പറഞ്ഞു,
നട്ടപ്പാതിരായ്ക്കും
പൊറപ്പെട്ടു പോവാൻ കൊതിക്കുന്ന ഞാൻ .
അതുവരെ ഉള്ള ഞാനായിരിക്കില്ല,
ആ ഞാൻ .
ഉയിർത്തുവരുന്ന ഞാൻ .
ഹമ്പട ഞാനേ" ന്നു ഞാൻ തന്നെ
വിളിച്ചു പോവുന്ന ഞാൻ.

2017, ഡിസംബർ 14, വ്യാഴാഴ്‌ച

വസന്തം

ഒരു മൊട്ട്.
ഒരു പൂവ് വിരിയുന്നു.
ഒരോ പൂവ് കൊണ്ടും ഓരോ വസന്തം. പൊടിയുന്ന ഓരോ  വിയർപ്പുകണങ്ങളിൽ നിന്നും ഓരോ മൊട്ട്.
വീണ്ടും ഓരോ പൂവ്.
പിന്നേയും ഓരോ വസന്തങ്ങൾ.
കറുത്ത പൂക്കൾ...
ചിലവയ്ക്ക് നിറമേയില്ല.
പക്ഷേ, മുള്ളുകളില്ല.
കറുത്തതും, നിറമില്ലാത്തതുമായ
വസന്തങ്ങൾ.
ഒന്നൊന്നായി വിരിഞ്ഞ് നിറയുന്നു...

2016, നവംബർ 30, ബുധനാഴ്‌ച

മണല്‍ ഘടികാര യാത്രകള്‍

ഇരുട്ട് പൊതിഞ്ഞ
കരയുടെ ഒറ്റപ്പെട്ട
ചില തുണ്ടുകള്‍
ചെവി തുളക്കുന്ന
ആര്‍ത്തനാദങ്ങളുടെ
കരിങ്കല്‍ ചീളുകള്‍
എരിഞ്ഞെരിഞ്ഞു പിന്നെ
പുകഞ്ഞു നീറ്റുന്ന
നോവിന്‍ കനലുകള്‍
എന്നെ എനിക്കാണേറെയിഷ്ടമെന്ന്
പതിഞ്ഞു ചൊല്ലുന്ന ഇരവുകള്‍
നിവര്‍ത്തി നിവര്‍ത്തി പ്രാന്തായ
കെട്ടുപിണഞ്ഞ പകല്‍ നേരങ്ങള്‍.
പിന്നെയും പിന്നെയും തുടര്‍ന്ന്
കൊണ്ടേയിരിക്കും
മണല്‍ ഘടികാര യാത്രകള്‍

2016, ജനുവരി 27, ബുധനാഴ്‌ച

ഒരു മഴ,
നനയാതെ നനയാൻ ,
ഒരു വെയിൽ,
ഓർമ്മകളെ പൊള്ളിക്കാൻ,
ഒരു വരി ,
നിന്നിലെൻ ആഴത്തെയറിയാൻ ,
ഒരു ചുംബനം ,
അധരങ്ങളിലീറനായിന്നും,
ഒരേയൊരു നിമിഷം ,
നിന്‍റെയസ്സാന്നിധ്യത്തെ
മറക്കാൻ ,
ഒരു മൊഴി ...
കാലം വരേയ്ക്കും
വിതുമ്പാൻ.

2015, നവംബർ 2, തിങ്കളാഴ്‌ച

പിരിച്ചെഴുത്ത്

അനേകം സാധ്യതകളിൽ നിന്ന്
സംഭവിച്ച ഒരു ദിവസത്തിനെ
എങ്ങിനെ പിരിച്ചെഴുതാം
നീയും ഞാനുമെന്നോ
അതോ ഇരുളിനേം
വെളിച്ചത്തിനെം
ഇടകലർത്തി കുഴിച്ചുമൂടിയ
നമ്മുടെ സ്വപ്നങ്ങളെന്നോ

മനസ്സ്

ഞാന്‍ അസ്വസ്ഥയാണ്..
സ്വപ്നത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും
നേര്‍ത്ത അതിര്‍ വരമ്പുകളില്‍
മനസ്സിന്‍റെ വിഭ്രാത്മക പരിവൃത്തം.
സംഭ്രമിപ്പിക്കുന്ന ചിന്തകളുടെ
വേലിയേറ്റ- ഇറക്കങ്ങള്‍.
തിളച്ചുപൊന്തുന്ന നിശ്വാസങ്ങള്‍
അവ തച്ചുടയ്ക്കുന്ന -
മനഃസന്തുലനം

2015, ഒക്‌ടോബർ 27, ചൊവ്വാഴ്ച

നിന്നെ വരയ്കുമ്പോൾ

ഞാൻ ചായക്കൂട്ടുകൾ തേടുന്നു
നിന്നെ വരയ്ക്കുവാനായ്.
എന്റെ കാൻ വാസിലെ
ഇരുണ്ട വരകളിലോ
ഒതുങ്ങാതെ നീയും.
ചായങ്ങളോ,
തികയാതെ ഞാനും.
ഉദിച്ചുയരുന്ന സൂര്യനിൽനിന്ന്
ഞാൻ കടമെടുക്കട്ടെ.
നിന്റെ തീക്ഷ്ണ നയനങ്ങളിലെ
വെള്ളി നക്ഷത്രങ്ങൾക്കായ്,
ചെന്താമാരയുടെ ചുവപ്പിൽ
തുടുപ്പിക്കുന്നു നിൻ ചെഞ്ചുണ്ടുകൾ.
രാത്രിയുടെ കറുപ്പിൽ
നിറയ്ക്കുന്നു വാർമുടിയും.
എല്ലാ നിറങ്ങളിലും
കൈകൾ ചലിപ്പിച്ചിട്ടും,
തികയുന്നില്ലാല്ലോ നിൻ-
മനസ്സൊന്ന് വരയ്ക്കാൻ.
അവിടെ ഞാൻ
മേഘത്തിൻ വെണ്മ ചേർത്ത്
മാതൃത്വത്തിൻ നന്മ നിറയ്ക്കണോ,
ചുടലയിലെ ചാരത്തിൽ നിന്ന്
കറുത്ത കാമത്തെ നിറയ്ക്കണോ,

അതോ ......
കമിത്രിയായ് ചമഞ്ഞ്
കുരുന്നിനെ മറന്നവളെന്ന്
കുറിക്കണോ ?
പുത്രരാൽ തിരസ്ക്രിതയായ്
പാതിവഴിയിൽ പതിതയായവളെന്ന്
തിരുത്തണോ?.

2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

നീണ്ടകഥ

ഞാൻ ഒരു കഥ
നീണ്ടകഥ
ശരിക്കും
നീണ്ടു നീണ്ട് ഒരു കഥ
വരികളിൽ അതി നിഗൂഡമായ
അതിന്റെ പരിസമാപ്തിയെ
തെല്ലും അനാവരണം ചെയ്യാതെ
ഉടനീളം നിന്നെ ഔത്സുക്യത്തിന്റെ
ഉത്തുംഗത്തിൽ നിർത്തി
ഇനി എന്തെന്ന ചിന്തകളിൽ
ചോദ്യചിഹ്നങ്ങളെ തുളച്ചു തൂക്കി
തുടരും എന്നാ വാക്കുകളിൽ
നിന്റെ ഹൃദയത്തെ
ഞെരിച്ചു കൊല്ലും .