https://lh3.googleusercontent.com/.../w426-h284/15+-+1

2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

പെണ്‍ചിരികള്‍ / വര്‍ത്തമാനങ്ങള്‍

ഞങ്ങള്‍പൊട്ടിച്ചിരിച്ചേക്കാം,
പരസ്പരം അടിച്ചുകൊണ്ട്-
ഉറക്കെ ഉറക്കെ നിമിഷങ്ങളെ
പങ്കുവെച്ചേക്കാം .
ഞങ്ങളുടെ പങ്കുവെയ്ക്കപ്പെടലുകളിലെ
ചില ചില്ലുകള്‍ തെറിച്ച്
നിങ്ങളുടെ കാതുകളിലേക്കും
വീണേക്കാം.
ദയവ് ചെയ്ത് അസ്വസ്ഥരാകരുതേ.
ഞങ്ങളെ തുറിച്ചു നോക്കരുതേ.
ഞങ്ങളുടെ പൊട്ടിച്ചിരികളെ
നിങ്ങളുടെ കാഴ്ചകളിലേക്കെത്തുമ്പോള്‍,
അവയേ "അഹങ്കാരത്തിന്റെ " മേലാട ചാര്‍ത്തല്ലേ.
വീണ്‌കിട്ടുന്ന കുഞ്ഞു നിമിഷങ്ങളില്‍ ഞങ്ങള്‍ -
ഞങ്ങളുടെത് മാത്രമായ ഒരു ലോകത്തിലായേക്കാം.
കുഞ്ഞു കുഞ്ഞു വിശേഷങ്ങള്‍
വല്യ വല്യ വാചകങ്ങളില്‍
പങ്കുവെയ്ക്കാം.
കാതുകളില്‍ നിന്ന് കാതുകളിലേക്ക്
നുറുങ്ങു സ്വകാര്യ പറവകളെ
പറത്തി വിട്ടേക്കാം .
ഞങ്ങള്‍ ഞങ്ങളെ അഴിച്ചു -
വിടുകയാണാ നിമിഷങ്ങളിലേക്ക്.
നിങ്ങളാല്‍ വരയ്ക്കപ്പെട്ട
അതിര്‍ത്തികളില്‍, വേലിക്കെട്ടുകളില്‍
കുടുങ്ങി കിടക്കുന്ന ആത്മാവുകള്‍
മീനെന്നപോല്‍, ജലോപരിതലത്തിലേക്ക്
എത്തിനോക്കപ്പെടുകയാണാ നിമിഷങ്ങളില്‍.
ചിലപ്പോള്‍ ..
പരോളിലിറങ്ങിയ ഏകാന്ത തടവുകാരന്‍
അവന്റെ ആകാശത്തെ ..
അവന്റെ കാഴ്ചകളെ ..
അവന്റെ സ്വാതന്ത്ര്യത്തെ...
ആസ്വദിക്കുന്നത് പോലെ
എന്നും പറയാം ... വേണമെങ്കില്‍

കുഞ്ഞിനേപ്പോല്‍ തുള്ളിച്ചാടും
മനസ്സിനെ അടക്കിപ്പിടിച്ചിട്ടും
പുറത്തേക്ക് ചാടുന്ന അലകളാണാ
പൊട്ടിച്ചിരികള്‍ / വര്‍ത്തമാനങ്ങള്‍
അവയേ അങ്ങനെ തന്നെ കാണൂ
ഇല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കൂ.

2015, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

പുഴ, മരം, കിളികൾ ...

പുഴ
-----------
ഉള്ളതെല്ലാം ഊറ്റിയേകി
എന്നിട്ടും മേലാകെ
വിഷം കലക്കി
സ്വന്തമെന്നു കൂടെ ചേർത്ത്
സംരക്ഷിക്കുവാൻ
എന്റെ പേര്
വോട്ടേർസ് ലിസ്റ്റിൽ ഇല്ലാലോ ..



മരം
-----------
പൂ ഏകി
കായേകി
തണലേകി
പ്രാണനെടുക്കുമ്പോഴും
പ്രാണവായു ഏകുന്നു
ഇരിക്കും കൊമ്പ് തന്നെ
മുറിക്കാലോ
എനിക്ക് ആധാർ കാർഡും
ഇല്ലാലോ.


കിളികൾ
------------------------
കുടിക്കാനില്ല ശുദ്ധ ജലം
ശ്വസിക്കാനില്ല ശുദ്ധ വായു
ഇരിക്കാനില്ല മരച്ചില്ലകൾ
ഇല്ല നല്ലൊരു മഴയോർമ്മ പോലും
എങ്കിലും ഞങ്ങൾ വരില്ല
ജാഥ യായ് , ധർണയായ്
പ്രതിഷേധകുറിപ്പുമായ് .

2015, സെപ്റ്റംബർ 16, ബുധനാഴ്‌ച

hi

ജീവിച്ചിരിക്കുന്നു എന്ന
ഓർമ്മപ്പെടുത്തലായ്
നമുക്ക് പരസ്പരം hi
എന്ന് സന്ദേശം ഇടാം
സന്തോഷമായ് ഇരിക്കുന്നു എന്ന
ബോധ്യപ്പെടുത്തലിനു ചിരിക്കുന്ന
സ്മൈലിയും..
നീ നന്നായിരിക്കുന്നോ വാവേ
എന്ന സ്നേഹത്തിന്
കരകവിഞ്ഞൊഴുകുന്ന
സരയുവിനെ പുറം കൈയ്യാൽ
തോർത്തി
നന്നായിരിക്കുന്നുടീ ന്ന്
മറുപടിയായ് കൊഞ്ചാം .

എന്റെ ജീവിതമേ

കൂട്ടിയിട്ടും കിഴിച്ചിട്ടും
ശിഷ്ടം ബാക്കി നിൽക്കുന്നു .. 
കടലാസ്സിലെങ്ങും ചുവന്ന വരകളും,
മഷിക്കുത്തും ..
ഒരു വഴികളിലും 
ഒതുങ്ങി തീരാത്ത കണക്കുകളും
പഠിച്ചു പഠിച്ചു തോറ്റുപോകുന്ന
പട്ടികകളും ...
എന്റെ ജീവിതമേ ..നിന്നെ കൊണ്ട് ഞാൻ തോറ്റൂ ....