https://lh3.googleusercontent.com/.../w426-h284/15+-+1

2014, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

നോട്ടങ്ങൾ

ചില നോട്ടങ്ങൾ
സങ്കടം ജനിപ്പിക്കും
ചിലത് നിസ്സഹായതയും
ചിലത് രൂക്ഷമായ് ജ്വലിച്ച്
തെറിച്ചു പോകും .
ചിലത് നിന്നനിൽപ്പിൽ
നാം നഗ്നയാക്കപ്പെടുന്നോ -
വെന്ന് ഓർമിപ്പിക്കും.
ചിലത് ഒരു കടലോളം പ്രണയത്തെ
ഉള്ളിലോളിപ്പിച്ചൊരു
മിന്നലൊളി പോലെ മാഞ്ഞു പോകും
ചിലതോ ഒന്നും ചോദിക്കാനോ
പറയാനോ നിൽക്കാതെ
നേരെ ഹൃദയത്തിലേക്കങ്ങു 
ഇടിച്ചു കേറും.
എന്നിട്ടൊരു ചോദ്യവും
"എന്തേ ന്ന് ? ".

2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

ഉറുമ്പുകൾ

വരി വരിയായ്  പോകുന്നുറുമ്പുകൾ
വ്യക്തമായൊരു ലക്ഷ്യത്തിലേക്ക്
തിരികെ വരുന്നവയിൽ
നിന്നേറ്റു വാങ്ങുന്നു
സ്നേഹ ചുംബനങ്ങൾ
വേറെയും , അതോ
പോകേണ്ട വഴി അടയാളങ്ങളോ .

2014, ഓഗസ്റ്റ് 13, ബുധനാഴ്‌ച

ഇരുട്ട് , ഇരുണ്ടയിടം മാത്രമല്ലാ

അവൻ ഇരുട്ടിന്റെ തണുത്ത
മൂലകളിലേക്ക് ഒതുങ്ങുന്നു
കണ്ണുകൾ അമർത്തി -
അമർത്തിയടച്ച്‌
ഉള്ളിലേക്കും ആ ഇരുട്ടിനെ
ആവാഹിക്കുന്നു.
അടഞ്ഞ ജാലകങ്ങളെയും
വാതായനങ്ങളെയും
സ്നേഹിക്കുന്നു.
പൊട്ടിയ ഓടിൻ -
വിടവിലൂടൂർന്നിറങ്ങുന്ന
നൂൽ വെളിച്ചത്തിനെയുമീ -
കീറ പുതപ്പിനാൽ മറച്ചുവെക്കുന്നു .
ഈ നിശബ്ദദയിൽ
ശ്വാസം മുട്ടുന്നില്ലേയെന്ന
എന്റെ ചോദ്യത്തിനെ
ഇരുട്ടിന്റെ വാചാലതക്ക്-
ആയിരം കൈകളെന്നു
തിരുത്തുന്നു.
കാതുകൾ ചേർത്തതിൻ
സംഗീതം ശ്രവിക്കുന്നു 
എന്നെയും  കേൾപ്പിക്കുന്നു.
വാക്കുകൾ ചേർത്ത്
പിടിച്ചൊരു കവിതയെ
പേർത്തു  പേർത്തുറക്കെ
ചൊല്ലുന്നു.
ഇലയനക്കങ്ങളിൽ നടുങ്ങുന്നു.
കൂട്ടത്തിലെന്റെ
കൈകളെയും തലോടി
ശമിപ്പിക്കുന്നു -പുറത്തപ്പിടി
ഭ്രാന്തൻമാരാ-
പേടിക്കണ്ട ഞാനുണ്ടിവിടെയെന്നു .
ഇടയ്ക്കു പതറുന്നു
ചിതറി പുലമ്പുന്നു
വീണ്ടും ഇരുട്ടിന്റെ
മൂലകളിലേക്ക് ഒതുങ്ങുന്നു.

2014, ഓഗസ്റ്റ് 6, ബുധനാഴ്‌ച

ഇന്ന് ഞാനുമെൻ മൌനവും .

മഴയെ ഏറെ സ്നേഹിച്ചത്
കൊണ്ടായിരിക്കണം
നീയൊരു പുഴയിലേക്കിറങ്ങി
പ്പോയത് ,
ഒഴുകി പ്പോയ്
നാളെ ഒരു മഴയായ്
പെയ്യാൻ

കൈ വിട്ടു പോയത്
എന്റെ ലോകമെന്ന
തിരിച്ചറിവിൽ ,
പെയ്തു തോർന്ന
നിൻ സ്നേഹമഴയിൽ
ഇന്ന് ഞാനുമെൻ മൌനവും .