https://lh3.googleusercontent.com/.../w426-h284/15+-+1

2014, മാർച്ച് 28, വെള്ളിയാഴ്‌ച

സമാന്തര പാളങ്ങൾ

എനിക്കും നിനക്കും
ഇടയിലെ അതിരുകൾ
നിന്റെ മൌനത്തിന്റെ
മതിലുകളാൽ
വലുതായ് കൊണ്ടിരുന്നു
അടുക്കും തോറും എന്നിൽ നിന്നും
അകന്നു പോയ്കോണ്ടിരുന്ന
നിന്റെ ചിന്തകൾ
എന്നെ സമാന്തര
പാളങ്ങളെ ഓർമിപ്പിച്ചു
നമ്മുടെ ജീവിതം പോലെ
നീണ്ടു നീണ്ട് പോകുന്നവ
ഒരു തീവണ്ടിയുടെ താളത്തിനും
പ്രണയം വിടർത്താനാവാത്തവ
 ഇന്നെന്റെ നെടുവീർപ്പുകൾ
മാത്രം ഇവയിലൂടെ സഞ്ചരിക്കുന്നു
നിശബ്ദമായ് ..
എന്നിൽ ഉറഞ്ഞു പോയ
നിന്നെ തേടി
ഇന്നെന്നിൽ നിന്നോരുറവ
ഉരുവാകും.
എന്റെ പ്രണയത്തിൽ
ചുവന്നത് 
അത് നിന്റെ പാദങ്ങളെ
തഴുകിയെത്തും
അതിന്റെ നനവിൽ
എന്നെ നീ തിരിച്ചറിയുമെന്ന്
ഞാൻവ്യഥാ മോഹിക്കുന്നു  .

2014, മാർച്ച് 21, വെള്ളിയാഴ്‌ച

ഇതെന്റെ പ്രാർത്ഥന മാത്രം .

ആളുന്ന അഗ്നിയിൽ
ഉള്ളവും മാംസവും
വെന്തുരുകാൻ തുടങ്ങുമ്പോൾ
എനിക്ക് കരയണമെന്നുണ്ടായിരുന്നു.
എന്റെ കരച്ചിൽ മറ്റനേകം
കരച്ചിലുകളുമായ് 
എവിടെയോ കുടുങ്ങി പോയിരുന്നു.
എല്ലാം ദഹിപ്പിച്ചു
മുന്നേറുന്ന ആ ചുവന്ന
നീരാളി കൈകളിൽ നിന്ന്
ഓടി രക്ഷപെടണമെന്നും ഉണ്ടായിരുന്നു.
സാധിച്ചില്ല കാരണം,
എന്റെ കാലുകളിൽ
നിങ്ങൾ കുരുക്കിയ വള്ളികൾ
എല്ലാം മുറുകിപോയിരുന്നു.
നിങ്ങളുടെ മരവിച്ച
മനസ്സാക്ഷിക്കും അപ്പുറമായിരുന്നു
എന്റെ കണ്ണിലെ കാഴ്ചകൾ.
മുന്നിൽ പിടഞ്ഞു വീണൊടുങ്ങുന്ന
എന്റെ കുഞ്ഞുങ്ങളെ
ഒരു ചില്ല തണലാൽ പോലും
ചേർത്തു പിടിക്കാനാകാതെ
എരിയുന്ന എന്റെ നൊമ്പരം
അത് നിങ്ങളുടെ ചിന്തകളി-
ലെങ്ങുമില്ലായിരുന്നു . 

എന്റെ വീട്,
എന്റെ കുഞ്ഞുങ്ങൾ,
എന്റെ കൂട്ടാളികൾ,
എന്റെ അസ്തിത്വം,
എന്റെ എല്ലാം നിങ്ങൾ
കവർന്നെടുത്തഗ്നിയാൽ .
എന്തിനു വേണ്ടി ?
ആർക്കുവേണ്ടി ?

ഇനിയുള്ള നിങ്ങളുടെ രാത്രികൾ
ഞങ്ങളുടെ രോദനങ്ങളുടെ
ദുസ്വപ്നങ്ങളിൽ
ഞെട്ടിയുണരാതിരിക്കട്ടെ .
ഞങ്ങളുടെ ഉള്ളിലെ തീ
നിങ്ങളെ ഉരുക്കാൻ തുടങ്ങുമ്പോൾ
നിങ്ങളുടെ ദൈവങ്ങൾ ഒന്നുമേ 
ചെവി പൊത്താതിരിക്കട്ടെ .
ഇതെന്റെ പ്രാർത്ഥന
മാത്രം .

2014, മാർച്ച് 20, വ്യാഴാഴ്‌ച

ഞാൻ എന്ന ഞാൻ


അന്നൊരു  പുഴയെ കൈക്കുമ്പിളിൽ
എടുത്ത് എന്നിലെക്കൊഴുക്കി
അഹങ്കാരം .
വിരലുകൾക്കിടയിലൂടത്
ചോർന്നു പോകുമെന്നറിയാതെ.

*******************************

പിന്നെ ഉള്ളറകളിലേക്ക്
ആഴ്ന്നിറങ്ങിയ  ഒരു വേര്
തന്റെ മരത്തിനെ അന്വേഷിക്കുന്നപോലെ
എന്നിലെ എന്നെ തിരഞ്ഞൊരു -
യാത്ര , അന്തമില്ലാതെ

********************************

ഇന്ന് ഞാൻ അതൃപ്തനായ കാറ്റു പോലെ
മരങ്ങളായ മരങ്ങളുടെയെല്ലാം
തല തല്ലി പറിച്ചിട്ടു ഒടുക്കം
എന്നിലേക്ക്‌ തന്നെയൊരു മടക്കം

2014, മാർച്ച് 15, ശനിയാഴ്‌ച

പ്രണയമെന്ന നുണ

നിന്നോടാണെന്റെ
പ്രണയമെന്നത്
പറയും മുന്നേ നീ ,
പ്രണയമെന്നത്
നുണയെന്നോതി 
അപ്പോൾ സത്യമെന്താ-
യിരിക്കണം ഞാൻ
ഓർമ്മകളിൽ തിരയുവാൻ
തുടങ്ങി

എന്റെ കുപ്പിവള-
പൊട്ടുകളിലൂടെ
വാടിയ ചെമ്പക പ്പൂ
മൊട്ടുകളിലൂടെ
മയിൽപ്പീലി
തുണ്ടുകളിലൂടെ
അങ്ങനെ ..
അങ്ങനെ... 

ഓരോ തിരച്ചിലിലും
നിന്നെ ,നിന്റെ
സ്പർശനങ്ങളുടെ
ഓർമ്മകളെ
ആ ഓർമ്മകളിൽ
കോരിത്തരികുന്ന  എന്നെ
നിന്റെ ചുംബനങ്ങളുടെ
ആഴങ്ങളെ , അതിൽ
വഴിമറന്നു പോകുന്ന എന്നെ
നിന്റെ വിയർപ്പു -
ഗന്ധത്തേ , അതിൽ
ഉന്മത്തയാകുന്ന എന്നെ
നിന്റെ മൌനത്തെ
അതിൽ പ്രണയത്തെ
വ്യാഖ്യാനിച്ച എന്നെ
ഞാൻ കണ്ടു കൊണ്ടേയിരിക്കുന്നു 
 ഞാൻ ..ആ ഞാനാണോ
നിന്റെ സത്യം
അതോ നീ തന്നെയോ

എന്ത് തന്നെയായാലും
ഇന്ന് നീയും നിന്റെ
പ്രണയവും അതിൻ
ഓർമ്മകളുമാണെന്റെ 
അംഗരാഗങ്ങൾ

**********അയ്യപ്പൻ ആചാര്യയുടെ "ഞാൻ-നീ-അവൾ! പ്രണയത്തിൽ നുണ പറയുന്നവർ "-വായിച്ചു കഴിഞ്ഞപ്പോൾ തോന്നിയത്.

2014, മാർച്ച് 13, വ്യാഴാഴ്‌ച

ബസ്‌ സ്റ്റോപ്പ്‌

ഇവിടം  നിറയെ
വിത്യസ്തമായ മുഖങ്ങൾ
പല നിറത്തിൽ
പല ഭാവത്തിൽ

ആരെയോ കാത്തെന്നവണ്ണം
അങ്ങുമിങ്ങും കണ്ണെറിയുന്നവ
അക്ഷമയോടെ വാച്ചിൽ
നോക്കുന്നവ
പേരറിയാത്ത വിഷമതകളെല്ലാം 
പുഞ്ചിരിയിൽ ഒതുക്കുന്നവ
ഒരു ദിനത്തിന്റെ അവശതകൾ
മുഴുവൻ ഒരു നോട്ടത്തിൽ
പേറുന്നവ
ജോലിക്ക് പോകുന്നവ
ജോലി കഴിഞ്ഞു പോകുന്നവ
ജോലി അന്വേഷിച്ചു പോകുന്നവ
ഇവിടെ നിൽകുന്നതേ ജോലി എന്ന്
കരുതുന്നവ

മനസ്സിന്റെ  പകുതിവീട്ടിൽ
ഉപേക്ഷിച്ചു പോന്നവ-
കുഞ്ഞിന്റെ പനിച്ചൂടിൽ
ഉള്ളം വെന്തു നിൽകുന്നു .
പഞ്ചിംഗ് യന്ത്രങ്ങളുടെ
ഡിജിറ്റൽ അക്കങ്ങളിൽ 
മിടിച്ചു തീരുന്നുവല്ലോ
ഈ ജീവിതമെന്നു
വാച്ചിൽ മാറിമാറി നോക്കി
വ്യാകുലപ്പെടുന്നു ചിലത്
ഇനിയും വരാത്ത ബസിനെ
നോക്കി യും , മാനേജർ
കൈയടക്കി വെച്ചേക്കുന്ന
ഹാജർ ബുക്കിനെ ഓർത്തും
ദൈവത്തിനെ വിളിക്കുന്നു
ചിലത്
നേര്യതിന്റെ തുമ്പിൽ കെട്ടിയ
കുടുക്കിലെ ചില്ലറ തുട്ടുകളും
ജനറൽ ഹൊസ്പിറ്റലിലെ
വരാന്തയിൽ കിടക്കുന്ന
വിളറിയ മുഖത്തിന്റെ
പ്രതീക്ഷകളും തമ്മിൽ
കൂട്ടിയിട്ടും കൂട്ടിയിട്ടും
ചേരാതെ ചിലത് .
മനകണക്കുകളിൽ
സ്വർഗം തീർക്കുന്ന
ചിലത് .

ചെയ്യാത്ത ഹോം വർക്ക്‌ കളുടെ
എണ്ണം എടുക്കുന്ന
ചില ചെറിയ മുഖങ്ങൾ
മാത്രം ഇതിൽ നിന്നെല്ലാ-
മൊഴിഞ്ഞു മാറി നിൽക്കുന്നു

ഈ മുഖങ്ങളെല്ലാം
കണ്ണാടി പോലെ.
മനസ്സിന്റെ
നല്ല കണ്ണാടി.
നമുക്കെല്ലാം  വായിക്കുവാൻ
സാധിക്കും.
ഒരു ഹൃദയമുണ്ടായിരുന്നാൽ
മാത്രം മതി.

2014, മാർച്ച് 12, ബുധനാഴ്‌ച

ഞാനില്ലെന്നാകിലും നീ വിഷമിക്കരുത്. എന്റെ ഓർമകൾ എപ്പോഴും നിന്റെ കൂടെ . നിന്റെ ഏകാന്തതകൾ നിന്നെ വിരസമാക്കുമ്പോൾ ഉ ണ്ടാകും ഞാനവിടെയൊരു കുളിർ തെന്നലായ് ,നിന്നെ ഉമ്മവെച്ച്നിന്റെ ചെവികളിൽ
എന്റെ പ്രണയം മന്ത്രിച്ച്‌ . നമോന്നിച്ചു പിന്നിട്ട ആ പടവുകളോരോന്നിലും  ഞാനുണ്ടാകും നിന്നോടൊപ്പം നിന്റെ ഓർമകളിൽ  സഞ്ചരിച്ചുകൊണ്ടു.
 ഇന്നു ഞാൻ ഇല്ലന്നാകിലും നിന്റെ ഹൃദയത്തിൽ, നിന്റെ ഓർമകളിൽ,
നങ്കൂരമിട്ട എന്റെ പ്രണയം അതെവിടെ പോകാൻ. ഏകാന്തതകളിൽ നിന്നെ ചുറ്റുന്നൊരു കാറ്റിനെ നീ നോക്കൂ ..അത് ഞാനാണ്‌ ..എന്റെ കൈകളാണ് കാറ്റായ് നിന്നെ പുണരുവാൻ ശ്രെമിക്കുന്നത് . നിന്റെ മടിയിലേക്ക്‌ ഈ വാകപ്പൂക്കളെ പൊഴിക്കുന്നത് . നിന്റെ അളകങ്ങൾ ഒതുക്കുന്നത്‌ , നിന്നെ ചുംബിക്കുന്നത് . ഈ വിജനതയിൽ എങ്ങുനിന്നില്ലാതെ വന്ന മഴയേ നോക്കൂ ഞാനാണ്‌അത് .. നിന്റെ നെറുകയിലേക്ക് പതിക്കുന്ന എന്റെ സ്നേഹത്തുള്ളികൾ . നിന്നെ അറിഞ്ഞു ..നിന്നിലേക്കലിയാനായ് മത്സരിക്കുന്നവ . നിന്നിൽ നിന്ന് വേർപെട്ടു ഞാൻ ഇല്ല എന്റെ പ്രണയവും ..

 .2014, മാർച്ച് 9, ഞായറാഴ്‌ച

മഴപെയ്ത്ത്

പുഴ ഭയങ്കര
ദേഷ്യത്തിലാണ്.
ചോദിക്കാതേം
പറയാതേം
മഴ ആർത്തലച്ചു
പുഴയിലേക്ക് വീണൂന്ന്.
ആ ദേഷ്യത്തിൽ
മഴയെ അങ്ങനെ തന്നെ
കടലീ കൊണ്ട്
കളയുവേം ചെയ്തു.
മഴയ്ക്ക്
അങ്ങനെ തന്നെ വേണം.
പാവം കടൽ
രണ്ടുപേരേം
സമാധാനിപ്പിക്കാൻ
ഏറെ പാടുപെട്ടു.
മഴയുടെ കരച്ചിൽ
മാറ്റാനാരുന്നു
ഏറെ പാട്.
പിന്നെ എത്ര പറഞ്ഞിട്ടാ
മഴ
ആകാശ വീട്ടിലേക്കു
തനിയേ പോയെ .
പോകുന്ന വഴിയും
ചിണുങ്ങുന്നുണ്ടാരുന്നു.2014, മാർച്ച് 7, വെള്ളിയാഴ്‌ച

ഓർമ്മകൾ
കുന്നു കയറുമ്പോളേ 
വഴി എന്നെ തിരിച്ചറിഞ്ഞിരുന്നു. 
ഇറക്കത്തിലേക്ക് ഉരുണ്ടോടി വന്ന
ചെങ്കല്ലുകളും  ചിരിച്ചു
കാണിച്ചെന്നോട്.
കേറ്റത്തിൽ കിതച്ചു ഞാൻ
പിടിച്ചു നിന്ന വേലികല്ലും
വരുന്ന വഴിയാണല്ലേയെന്നു
കുശലം പറഞ്ഞു.
കരോട്ടെ തൊടിയിലെ
കൈസറും ആളറിഞ്ഞു തന്നാവണം
കുരച്ചു നിർത്തിയത്.
വേലിപടർപ്പീന്നു തലപുറത്തേക്കിട്ടു

ചെമ്പരത്തി കുഞ്ഞുങ്ങളും

കെറുവിച്ചു-
“ഞങ്ങളെയെല്ലാം മറന്നുന്ന്".
കിണറ്റിൻ കരയിലെ - 
തൊട്ടിയും എത്തിനോക്കി
ചോദിച്ചു "വന്നുവല്ലേന്ന്".
മുറ്റത്തേക്കടിവച്ച ഓരോ
കാലിലും ഓർമ്മകളുടെ  
കരിയിലകൾ കിരുങ്ങി.
എന്റെ ഉള്ളിലെ വിങ്ങൽ
അതിന്റെ ഉച്ചസ്ഥായിയിൽ 
വിതുമ്പി  .
ഒതുക്കു കല്ലുകൾ കേറി-
കിതച്ചു പടിയിലിരുന്നപ്പോൾ
നീളുന്ന ഒരു മൊന്ത വെള്ളത്തിനായ്
അകത്തേക്ക് നീണ്ടുപോയ് കൈകൾ
അറിയാതെ.
വിറച്ചു വീശുന്ന കാറ്റിനോടൊപ്പം
"വന്നോ മക്കളേ" യെന്ന
ചോദ്യവും എവിടെയൊക്കയോ 
മുഴങ്ങുന്നു.
മൂർദ്ദാവിൽ ചുംബിച്ചാനയിക്കാനും
വിശർപ്പാറ്റി വീശിയിരുത്താനും
ഇനിയില്ലയാകരുതെലെന്നോർമ്മയിൽ
പറിഞ്ഞുപോകുന്നുണ്ടെൻ
നെഞ്ചകം ഇപ്പോഴും.
അടുപ്പിലൂതി കണ്ണു ചുകക്കെ
"നിനക്കറിയില്ലിങ്ങുതാ-
ന്നുള്ള കളിയാക്കലും
ഇറങ്ങുമ്പോൾ ഇനിയെന്നു-
വരുമെന്ന ചോദ്യവും
പടികെട്ടോളമുള്ളനുധാവനവും   
ഇല്ലയിനിയിന്നോർമ്മകൾ മാത്രം.


2014, മാർച്ച് 2, ഞായറാഴ്‌ച

കവിത തെയ്യം

അക്ഷരങ്ങൾ മുടിയഴിച്ചാടുന്നു
ഇന്നിവിടയീ  ദ്രാവിഡ തെയ്യകോലങ്ങളിൽ.
ഇരവുകളിൽ  തുടി മുഴക്കുന്നു,
ചിന്തകളിൽ പന്തം നാട്ടുന്നു
അന്തി തോറ്റത്തിൻ  കോപ്പാളാർ.
കൈകളിൽ തീപന്തവും,
ദൃഷ്ടിയിൽ തീക്കനലുമായ്
ഇന്നിൻ മുച്ചിലോട്ടു ഭഗവതിമാരും.
ഓർമ്മകളിൽ ദുരിതപർവ്വങ്ങളുടെ
മേലേരിയിലിരിക്കുന്നു
അനേകം ഉച്ചിട്ടമാർ.
ഒന്നൊന്നായ് പുറത്തെക്കൊഴുകും
വരികളിലൊരു അസുരാട്ടകലാശം.
ആത്മാക്കളും ..
ദേവതമാരും ..
മൂർത്തികളും ..
ആടി തിമിർക്കുന്നീ  തൂലിക തുമ്പിൽ .
ആട്ടവും താളവുമൊടുങ്ങുമ്പോൾ
അവശേഷിക്കുന്നീ പുസ്തകത്തിൽ
അനുഗ്രഹത്തിൻ മഞ്ഞകുറിപ്പാടുകൾ .

2014, മാർച്ച് 1, ശനിയാഴ്‌ച

മാന്ത്രികൻ

ഒന്ന് ചിന്തിക്കൂ ,
ഇവിടെ ഈ ഭൂമിയിൽ കറുപ്പിനും -
വെളുപ്പിനുമപ്പുറം വർണങ്ങളൊന്നുംഇല്ലായിരുന്നുവെങ്കിൽ
മഴവില്ലിൻ ഏഴഴകെന്നതൊരു കെട്ടുകഥയിൽ കുടുങ്ങിയേനെ .
കറുകറുത്തിലകൾക്കിടയിൽ വെളുത്ത പൂക്കൾ ചിരിച്ചേനെ .

അപ്പൊ ....
വെളുത്ത അകാശത്തിൽ
കറുത്ത മേഘങ്ങളോ
അതോ ..
കറുത്ത  അകാശത്തിൽ
വെളുത്ത മേഘങ്ങളോ

ഒന്നുകൂടി ചിന്തിച്ചു
നോക്കൂ ....,
ഇവിടെ ഈ ഭൂവിൻ മണങ്ങളൊക്കെ ഒരു രാത്രി വെളുക്കുമ്പോൾ
മറഞ്ഞുവെന്നാലോ, സുഗന്ധ രാജ്ഞിയാം മുല്ലപൂവുതൻ സൗരഭ്യമെല്ലാം
കവി മനം എങ്ങനെ വർണിച്ചിടും . എല്ലാ പൂക്കളുമിന്നു കടലാസ് പൂവായ്
ചമയുകില്ലേ .

എല്ലാത്തിനേയും കോർത്തിണക്കിയ ഈശന്റെ കഴിവിനെ
ഏറെ പുകഴ്ത്താതെ വയ്യ . മാന്ത്രികൻ  ഇവൻ മായാജാലക്കാരൻ
കണ്‍കെട്ട്‌  വിദ്യകളിൽ മനം കുളിർപ്പിക്കുന്നവൻ .