https://lh3.googleusercontent.com/.../w426-h284/15+-+1

2015, ജൂലൈ 31, വെള്ളിയാഴ്‌ച

അനാഥയാക്കപ്പെട്ടവൾ *


എവിടെയൊക്കെയൊ
മുറിഞ്ഞുപോയൊരാ
കുറച്ചു വാക്കുകൾ കൂടി
ചേർത്തു വേണമെനിക്കു
പൂർത്തിയാക്കാനീ കവിതയെ.
സഞ്ചാര വഴികളിലെല്ലാം
ഉതിർന്നു പോയോരാ
വാക്കുകൾ തേടി തിരിഞ്ഞു
പോകുന്നു പതിതയായ് ഞാൻ.
കനച്ചു നിൽകുന്നു
കണ്‍കോണുകളിൽ
കനവു പെയ്തു തീർന്നൊരാ
കാർമേഘങ്ങൾ.
ഇരമ്പിയാർക്കുന്നു
ഉള്ളിൽ നിന്നുമൊരു
കുഞ്ഞു മനസ്സിൻ
ഗദ്ഗദങ്ങൾ .
തിരിഞ്ഞു നോക്കിലും
കാണാതേയാകുന്നു
സ്വന്തം നിഴലുപോലും
കൂട്ടിനായ്....

2015, ജൂലൈ 29, ബുധനാഴ്‌ച

ഞാനെന്ന മരം

നോക്കിയിരിക്കെ എന്നിൽനിന്നൊരു
വേരിറങ്ങുന്നു .
നിന്റെ ആഴങ്ങളിലേക്ക് ,
നിന്റെ നനവുകളെ
തൊട്ടറിഞ്ഞ് ,
കാണെക്കാണേ പൊട്ടിമുളക്കും
ചില്ലകൾ ആകുന്നെന്റെ
കൈകൾ .
പൊടിക്കുന്നു ..തളിർക്കുന്നു ഇലകൾ
അതിന്മേൽ വസന്തമെന്നെന്ന്
അറിയാതെ വിടർന്നുപോയതിനാൽ
തലകുനിച്ചൊരു കുഞ്ഞിപ്പൂവും .
പോകെപ്പോകെ പുറത്തേക്ക്
പന്തലിക്കുന്നു നവദ്വാരങ്ങളിലൂടെയും,
ഞാൻ ഉള്ളിൽ മുളപ്പിച്ചൊരു വിത്ത് ,
ചില്ലകൾ കുലുക്കിയും
മരഛായ തീർത്തും
ഞാൻ ഇന്നൊരു മരമെന്ന്
സാക്ഷ്യപ്പെടുത്തി .
ഇരുളിലും വെളിച്ചത്തിലും
ഞാൻ ഇന്നൊരു മരമായ്‌ തന്നെയും .

2015, ജൂലൈ 28, ചൊവ്വാഴ്ച

ബോധവൽക്കരണo

കാട്-കാട് ന്ന് -
ആഞ്ഞ് കരയുന്നു .
ബോധവൽക്കരണങ്ങളിൽ
മുങ്ങി പൊങ്ങുന്നു .
ഹോ ഇനിയൊന്ന്
വിശ്രമിക്കട്ടേന്ന് ..
വീട്-വീട് ന്ന് ഭാര്യക്കരച്ചിൽ
പാതിയുറക്കത്തിലും
ചെവിപൊളിക്കുന്നു .
"അടങ്ങടീ ഭാര്യേ,
അതിരിലെ ആഞ്ഞിലി
മുറിക്കാൻ ആളിപ്പൊഎത്തും ..
ആഞ്ഞിലിക്കൊക്കെ ഇപ്പൊ
എന്നാ വിലയാ" ..

ചോദ്യങ്ങൾ

ചോദ്യങ്ങൾ ..ചോദ്യങ്ങൾ മാത്രം
ഉത്തരമില്ലാത്ത
ചിലപ്പോൾ  ഉത്തരമേ
 ആവശ്യമില്ലാത്ത
ഏറെ ചോദ്യങ്ങൾ
തലങ്ങും വിലങ്ങും പാറിയിരുന്നു
ഇന്നലെ വരെ
പൂമുഖത്തുനിന്ന്
അടുക്കളയിലേക്കും
അടുക്കളയിൽനിന്ന്
കിടപ്പ് മുറികളിലേക്കും
തിരിച്ചും പാറിയിരുന്നു
അടുക്കളയിലേക്കു
പോകുന്നവയോടൊപ്പം
അക്ഷമയുടെ തുണ്ടുകളും
അടുക്കളയിൽ നിന്ന്
പോകുന്നവയോടൊപ്പം
കരി തുടച്ച് മുഷിഞ്ഞ
ഒരു നെടുവീർപ്പും
ഒപ്പം പോകുന്നുണ്ടായിരുന്നു
കിടപ്പ് മുറികളിലേക്ക്
വിയർപ്പുമ്മകളും
11 അടിച്ച് നിന്നുപോയ
ക്ലോക്കിന്റെ പെന്ടുലങ്ങളും
ഒപ്പം സഞ്ചരിച്ചിരുന്നു
എത്താൻ വൈകുമ്പോൾ ഒക്കെ
പലവുരു ചോദിക്കാനാഞ്ഞു
സ്വയം ഇല്ലാതാക്കിയ കുറച്ചു
ചോദ്യങ്ങൾ വാതിലിന്റെ അരുകിൽ
പാതി മറഞ്ഞു നിൽക്കുമായിരുന്നു
ഇന്നലെ വരെ ..ഇന്നലെ വരെ മാത്രം
ഇന്ന് ...
ജീവിത സായന്തന
ശൂന്യതകളിൽ
നല്ലതൊന്നും കൊടുത്തില്ലെന്ന
വ്യാകുലതകളിൽ
കൊടുത്ത സ്നേഹം മതിയായിരുന്നോ
എന്ന ഒറ്റ ചോദ്യം മാത്രം .
2015, ജൂലൈ 26, ഞായറാഴ്‌ച

കവേ നിനക്ക് രാഷ്ട്രീയമുണ്ടോ??

കവേ നിനക്ക് രാഷ്ട്രീയമുണ്ടോ??
ഉണ്ടെങ്കിൽ ഏത് ??

********

ആരോ ആരോടോ ചോദിച്ചത്‌...
അല്ലെങ്കിൽ..
ആരോടൊ ആരാലോ ചോദിക്കപ്പെട്ടത്‌ ***

***********

അതിനാര് പറഞ്ഞു
എനിക്ക് രാഷ്ട്രീയമില്ലെന്ന് ??
എനിക്കും രാഷ്ട്രീയം ഉണ്ട്
എന്റെ രാഷ്ട്രീയം
അത് കൊടിയുടെ നിറം
നോക്കിയല്ല
മുദ്രാവാക്യങ്ങളിലെ തീപ്പൊരികളിലുമല്ല
നിന്നെ നോക്കിയാണ്
നിസ്സഹായമായ നിന്റെ
കണ്ണിൽ നോക്കിയാണ്
അരുതുകളിൽ ബന്ധിക്കപ്പെട്ട
നിന്റെ ചുണ്ടുകളിൽ നോക്കിയാണ്
താഢനങ്ങളിൽ പൊട്ടി
നിണമൊലിക്കും നിന്റെ
ചെവികളിലേക്കു നോക്കിയാണ്
ഇരുട്ടുനിറച്ച നിന്റെ
കാലിലെ വെടിച്ച്കീറലുകളെ
നോക്കിയാണ്
കാഴ്ചകളിൽ നിന്ന് മറച്ചു
ചുരുട്ടുന്ന നിന്റെ മുഷ്ടികളെ
നോക്കിയാണ്
നീയും ഞാനും ഉൾപ്പെട്ട
നമ്മളെ നോക്കിയാണ്.
ഹേ ...നീ
ഉണരൂ ഇനിയെങ്കിലും .

2015, ജൂലൈ 16, വ്യാഴാഴ്‌ച

യാത്ര

പരിചിതനെന്നു നാട്യം
പക്ഷെ അപരിചിതൻ തന്നെ
ഏതോ ലക്ഷ്യത്തിലേക്കുള്ള
പ്രയാണത്തിൻ ഇടവേളകളിൽ
കണ്ടുമുട്ടി പിരിയുന്നവർ മാത്രം
എല്ലാമറിയുന്നുവെന്നുള്ള
മിഥ്യയിൽ നിന്നെപ്പോഴോ
ഒന്നുമറിയില്ലെന്ന് മനം
ഇനി അറിഞ്ഞിട്ടെന്തിനെന്ന്
മറുചോദ്യത്തിനു ഉത്തരമായ്
ചോദ്യത്തിനെ തന്നെ തിരസ്ക്കരിച്ച്
പടിയിൽ കാലുരച്ച് ഉപേക്ഷിക്കുന്ന
ഓർമ്മകളെ പിന്തിരിഞ്ഞൊന്നു
നോക്കാതെ, കുറിയ മുണ്ടിൻ -
തലപ്പ്‌ തോളിന്നേകി
വിടർന്ന കൈകളായത്തിൽ
വീശി ,
യാത്ര തുടരുന്നീ ജീവിത മദ്ധ്യാഹ്നത്തിൽ
വീണ്ടും .