https://lh3.googleusercontent.com/.../w426-h284/15+-+1

2014, മേയ് 30, വെള്ളിയാഴ്‌ച

നിന്നോർമകളിൽഅടഞ്ഞ മുറിയിലും
ഇടനാഴിയിലും
ഇരുട്ടും ഏകാന്തതയും
ഇണചെരുമ്പോൾ
ഇവിടെയീ ചാരുകസാലകൈയിലെൻ 
കാലുയർത്തി വെച്ച്
നെഞ്ചിൽ മയങ്ങുമീ 
പുസ്തക കുഞ്ഞിനെ താരാട്ടാൻ 
എനിക്കായ്
ഇരുളിൽ സൈഗാൾ
വീണ്ടും  വീണ്ടും ഇഴഞ്ഞു പാടും
ഞാനോ നിന്നോർമകളിൽ
പുളകിതനാകും .
ഒതുക്കുകല്ലുകളിൽ 
ഉലഞ്ഞിറങ്ങുന്നയാ 
പട്ടുപാവാട ഞൊറികളും 
താമരപ്പൂ പാദങ്ങൾ 
ചുംബിച്ചു കിടക്കുന്ന 
നിന്  പാദസരങ്ങളും 
നേരിയ കൈവിരലുകൾ കൊണ്ടെന്റെ 
നെറ്റിയിലെ ആ മൃദുചന്ദന 
സ്പർശവും
പിന്നോട്ടെറിഞ്ഞിട്ടായ 
മെടഞ്ഞിട്ട മുടിയിലെ
മഴ ച്ചാറലും .
എന്നോർമകളിൽ വീണ്ടും വീണ്ടും
അലയുയർത്തും

2014, മേയ് 26, തിങ്കളാഴ്‌ച

വിതുമ്പൽ

ഉള്ളിലിരുന്നു വിതുമ്പി
കരയുന്നുണ്ടൊരു കുഞ്ഞു മനസ്സ്
എടുത്തു ഒക്കത്തിരുത്തി
ആശ്വസിപ്പിക്കാൻ
നോക്കിയിട്ടും നടക്കാതെ
പൂവും ഒപ്പം പൂമ്പാറ്റയും
തലയാട്ടി നോക്കി
മേഘങ്ങൾ ഒക്കെയും
ആനകളിച്ചു കാട്ടി
ഞാനോ നീയോന്നു
കണ്ണാരോം പൊത്തി കാട്ടി
എന്നിട്ടും വിമ്മുന്നു
ഇടയ്ക്കിടയ്ക്ക് .


2014, മേയ് 21, ബുധനാഴ്‌ച

ഭയത്തിന്റെ ഇരുണ്ട തുരങ്കങ്ങൾ - in voice

എന്റെ കവിത സുരേഷ് ഉത്രാടത്തിന്റെ ശബ്ദത്തിൽ ..

http://youtu.be/UgNfWXYKZ64


കേൾക്കുക ..അഭിപ്രായം അറിയിക്കുക ..നന്ദി 

2014, മേയ് 18, ഞായറാഴ്‌ച

കണ്ണൊന്നു തെറ്റിയാൽ
കവിളത്തുരുമ്മുന്ന
പയ്യാരം ചൊല്ലി
എൻ കൂടെ നടക്കുന്ന
കുറുനിര തഴുകി എൻ
കാതിൽ കുറുങ്ങുന്ന
മുടിയിഴ ഇളക്കിയെന്മുഖം –
മറക്കാൻ ശ്രെമിക്കുന്ന
ഇളം കാറ്റിവൾക്കെന്നോ-
ടെന്തിനീ കുറുമ്പ് .

2014, മേയ് 9, വെള്ളിയാഴ്‌ച

പൊഴിയുന്ന മഴതുള്ളിയെല്ലാം എന്റെ ഹൃദയത്തിലേക്കാണ്
എനിക്ക് ചേർത്ത് പിടിക്കാനായ് മാത്രം ..അതോ എന്നെ ചേർത്ത് പിടിക്കാനോ?
. ആരോ പറഞ്ഞു മഴയുടെ കാമുകി എന്ന് . അതെ
മഴയുടെ പല ഭാവങ്ങളിലും ഞാൻ എന്നെ കാണുന്നു .
ചിലപ്പോൾ ഒരു കാമുകനായ് , ചിലപ്പോൾ സുഹൃത്തായ് ,
മറ്റു ചിലപ്പോൾ ഒരു അമ്മ തലോടലായ് എന്റെ കൂടെ എന്നും ഈ മഴ .

മോഹിനിയാട്ടം

ലാസ്യം മനോഹരം
മോഹിനിയാട്ടം
അർത്ഥപൂർണ്ണം
ജീവിതം അരങ്ങത്ത്
തേടുന്നു മോക്ഷം ഈ
നൂപുര ധ്വനികളിൽ

2014, മേയ് 4, ഞായറാഴ്‌ച

മറവിയുടെ കരിമ്പടം

നിന്നെ - നിന്നെ ഞാൻ
മറന്നു പോയിരിക്കുന്നു.
ഇന്നെന്റെ സ്മരണകളെ
മറവിയുടെ കറുത്ത
കരിമ്പടങ്ങൾ പുതച്ചിരിക്കുന്നു 


അഗ്നിയെ വലം വെച്ച് ,
അമ്മിയെ  മെതിച്ചു,
നിന്റെ കാൽ വിരലിൽ
ഞാൻ ചേർത്ത മെട്ടി മണികളെയും
ഞാനിന്നു മറന്നിരിക്കുന്നു.
പരിഭ്രമിച്ചു ചേർന്ന് നിന്ന
നിന്നെയും  നാണത്താൽ
കൂമ്പിയ മിഴികളെയും
ഇന്ന് മറന്നിരിക്കുന്നു .
എന്റെ ഇഷ്ടങ്ങളിൽ നീ മറന്ന
നിന്റെ ഇഷ്ടങ്ങളെയും
ഞാനിന്നു മറന്നിരിക്കുന്നു.
തലച്ചോറിലെ കോശങ്ങളെ
കാർന്നു തിന്നുന്നയീ മറവിയിൽ
ഞാൻ എന്നെയും മറന്നിരിക്കുന്നു.
(നിന്നെ മറന്നു വെന്നാൽ പിന്നെ
ഞാൻ എന്നെ മറന്നു വെന്നല്ലേ .)
രോഗാതുരതയിൽ അസ്വസ്തമാകും
മനസ്സിനെ ഓർമകളുടെ -
കൈയടക്കത്തിലേക്ക്
ചേർക്കുവാനുള്ള സമവാക്യങ്ങളിൽ
ഞാൻ എല്ലാം മറന്നു പോകുന്നിന്നു.
കുമ്പിളിൽ കോരുന്ന കഞ്ഞിയിൽ
നിന്റെ കണ്ണ്നീരുപ്പാണെന്നതും
മറന്നു പോകുന്നു .
അടക്കി പിടിച്ചിട്ടും
കൈവിട്ടുപോകുന്ന അക്ഷരങ്ങളെ ,
തൊണ്ടകുഴിയൊളമെത്തി  തിരിച്ചു
പോകുന്ന വാക്കുകളെ ,
വഴിതെളിച്ചു എന്നിലേക്കെത്തിക്കുന്ന,
വിറച്ചു തുളുമ്പുന്ന എൻ  വിരലുകളെ
ചേർത്ത് പിടിക്കുന്ന ,
ഊന്നു വടിയെപോൽ  എനിക്ക്
 താങ്ങാവുന്ന ,
തണുപ്പ് അരിച്ചിറങ്ങുന്ന
ദുർബലമായ ആ കൈകൾ
നിന്റെതാണെന്നു  മിന്നിമറയുന്ന
ഓർമകളെയും
ഞാനിന്നു മറന്നുപോകുന്നു.
ഇന്ന് ,
ഇന്നെന്റെ സ്മരണകളെ 
മറവിയുടെ കറുത്ത കരിമ്പടങ്ങൾ
പുതച്ചിരിക്കുന്നു .
2014, മേയ് 2, വെള്ളിയാഴ്‌ച

എന്റെ ഹൃദയം ഇതാ ഈ കൈകുമ്പിളിൽ 
സ്വീകരിക്കുകയോ ,തിരസ്കരിക്കുകയോ ..നിന്റെ ഇഷ്ടം ..
പിന്നെയൊരു തിരിഞ്ഞു നോട്ടത്തിൽ നിരാശയുടെ
 ഒരു കണിക പോലും നിന്നെ പൊള്ളിക്കരുത് 
അത് എന്റെ ബലി കുടീരത്തെ പോലും വിണ്ടുകീറിച്ചേക്കാം