https://lh3.googleusercontent.com/.../w426-h284/15+-+1

2014, ജൂലൈ 31, വ്യാഴാഴ്‌ച

വിലാപം

ഉറങ്ങാൻ കിടക്കുന്നു ഞാൻ,
മറ്റൊന്നും ചെയ്യുവാനില്ലാത്തതിനാൽ .
ഇരുട്ടിനോട്‌ സമരസപ്പെടാതെൻ -
കണ്ണൂകളുടെ  നീരസം .
നിശബ്ദതയിലും
കൈവിട്ടു പോകുന്ന ചിന്തകൾ .
അസ്വസ്ഥം ഈ  മനസ്സ് .
ഇരുട്ടിലൂടെ
കുഞ്ഞു കരച്ചിലിന്റെ
അലയൊലികൾ .
അടഞ്ഞ കണ്ണുകളിലൂടെയും
തെളിയുന്ന കണ്ണുനീർ -
ചാലിട്ട കുഞ്ഞു മുഖങ്ങൾ .
ചുവന്ന പൂക്കൾ
ചിതറിയ വീഥികൾ .
പ്രാർത്ഥനകൾ .
ദൈവമേ നീ ഭൂമിയിലേക്ക്
ഇറങ്ങുമ്പോൾ സൂക്ഷിക്കണേ
ഈ കുഞ്ഞു പൂക്കളുടെ
മീസാൻ കല്ലുകൾ
നിന്റെ പാത തടഞ്ഞേക്കാം.



2014, ജൂലൈ 25, വെള്ളിയാഴ്‌ച

നീ ,ഞാൻ , നമ്മുടെ .

നീ ,ആത്മാവിനെ
വിരൽതുമ്പിലേക്കു
ആവാഹിച്ചവൻ
നക്ഷത്രങ്ങളെ
മിഴിയിണകളിൽ
ബന്ധിച്ചവന്‍.
എന്റെ ഹൃദയത്തെ
സ്വർഗത്തിലേക്ക് -
ഉയർത്തിയവൻ 

ഞാൻ , നീ പറയാൻ
ബാക്കി വെച്ച വാക്കുകൾ
എഴുതാൻ മറന്നുപോയ
വരികൾ
കാണാതെ ഉയർത്തി -
വിട്ട സ്വപ്‌നങ്ങൾ .

വരൂ നമുക്ക് പ്രണയിക്കാം
പ്രണയത്തിലൂടെ
പൊരുതാം
അതിന്റെ അവസാനം
സമാധാനത്തിന്റെ
മുന്തിരിവള്ളികൾ
പടർത്താം.



2014, ജൂലൈ 18, വെള്ളിയാഴ്‌ച

ദേശാടനം

ഈ ദേശാടനത്തിൻ വഴിയിൽ
ഓരോ നാഴികക്കല്ലിലും
ജീവിതച്ചുമടിറക്കി , വിയർപ്പാറ്റി
ഇന്നലെകൾ അയവിറക്കി
പ്രയാണം തുടരുന്നു പിന്നെയും.
നഷ്ടബോധത്തിന്റെ
കരിയിലകളെ പറത്തി
വീശുമാ വരണ്ട കാറ്റിനെയും
പിന്നിലുപേക്ഷിച്ച്,
ഒരു മറവിക്കും
കവർന്നെടുക്കാനരുതാത്ത
ചില മുഖങ്ങളെ
പിൻവിളിക്ക് വിട്ടുകൊടുക്കാതെ
ഓർമ്മയുടെ പുനെർജനി
നൂഴാൻ കാത്തുനിർത്തുന്നു .
സ്വാർത്ഥ വിചാരങ്ങളിൽ
അവയുടെ പകിടകളിയിൽ
മുടിയഴിച്ചിട്ട് വിലപിക്കുന്നു
മനസ്സിലിന്നിൻ  ദ്രൌപദി .
ഞാൻ അനുഭവങ്ങളുടെ
പാഥേയമഴിച്ചു
നനഞ്ഞ കൈ കൊട്ടി
ക്ഷണിക്കുന്നു പിതൃക്കളെ .

2014, ജൂലൈ 11, വെള്ളിയാഴ്‌ച

ഒറ്റപ്പെടൽ

എപ്പോഴാണ് ഞാൻ തനിച്ചായത്,
ഓർക്കുന്നില്ല.
ചിന്തകൾ അവസാനിക്കുന്ന വഴി വരേം ഞാൻ ഒരാൾക്കൂട്ടത്തിൽ ആയിരുന്നു.
പിന്നെ എപ്പോൾ ? അറിയില്ല .
എപ്പോഴാണ് നീ എന്നിൽ നിന്നും നിന്നെ പറിച്ചെടുത്തകന്നത് .

ഓർമ്മകൾ ചാവുകടലിൽ എന്നപോലെ പൊങ്ങി കിടക്കുന്നു
ആൾക്കൂട്ടങ്ങളിൽ ഒറ്റക്കാകാൻ നാം ഒന്നിച്ചാണ് പഠിച്ചത്.
എന്നിട്ടും നീ വിരൽ തുമ്പകറ്റി പിന്നിലേക്ക് മറഞ്ഞതറിഞ്ഞില്ല
അതോ ,
ഏതോ ഒരൂഞ്ഞാലായത്തിൽ ഞാൻ മുന്നിലേക്ക് മാറ്റപെട്ടതോ ?
കാഴചകൾ എന്നിൽ നിന്നും പിന്നിലേക്കോടി ഒളിക്കുമ്പോളും
എന്റെ ജനാലകൾ തുറക്കുന്നത് ഈ ഇരുണ്ട താഴ്വാരങ്ങളിലേക്ക് ആകുമ്പോളും ,
അറിയുന്നു ഞാൻ ഇന്നിവിടെ തനിച്ചാണ് എന്ന് .
ഇനി എപ്പോഴെങ്കിലും എനിക്ക് ചായാനൊരു തോളായ്,
എന്റെ സ്വപ്നങ്ങളിൽ ഒരു നിലാവായ് ,
എന്റെ ജനാലകൾ തുറക്കുമ്പോൾ ഒരു വസന്തമായ്,
എനിക്ക് നിന്നെ വീണ്ടും അറിയാൻ സാധിക്കുമോ ?

 ******************************************
എന്തായിരുന്നു എനിക്ക് നീ ..ഈ അവസാന നിമിഷങ്ങൾ 
ഒരു പുനെർ ചിന്തനത്തിനുള്ളതല്ല . എങ്കിലും 
എന്റെ മരവിച്ച മനസ്സിനെ കുത്തി ഉണർത്താനെങ്കിലും 
ഈ ഓർമ്മ മുള്ളൂകൾക്ക് ആയെങ്കിലോ ?
പുള്ളിപ്പാവാടയുടുത്ത് പാറി നടന്നിരുന്ന ആ കാലങ്ങൾ അവ ഇന്നും 
മങ്ങിയതെങ്കിലും വർണചിത്രങ്ങൾ തന്നെ . ഓരോ ചുവടു വെയ്പിലും 
ഒരു കൂട്ടായ് , വഴികാട്ടിയായ്‌ ഒപ്പമുണ്ടായിരുന്ന ആ പൊടിമീശക്കാരൻ .
മുണ്ടിന്റെ അറ്റം  കൈയിലെടുത്തു പിടിച്ചു തലയുയർത്തി 
ഒപ്പം നടന്നിരുന്ന ആ അഹങ്കാരി ചെക്കൻ ..അത് നീ അല്ലാതെ വേറെ ആര് ?
എന്നിട്ടും നിന്നെ ഞാൻ മനസ്സിലാക്കിയോ ..പൂർണമായ് ? ഇല്ല എന്ന് വിഷമത്തോടെ പറയേണ്ടിവരുന്നു . ഇന്ന് ഞാൻ അറിയുന്നു .. എന്റെ സ്വാർത്ഥ താത്പര്യങ്ങൾക്കായ്‌ ഒരു പാവയെ പ്പോലെ നിന്നെ ഞാൻ ചരടുവലിക്കുകയായിരുന്നു . കഷ്ടം .എന്നെ വിട്ടകന്നു പോകുമ്പോളും നീ ഹൃദയം കൊണ്ടേറെ വേദനിച്ചിരിക്കും . അന്ന് യൗവ്വനത്തിന്റെ കുത്തൊഴുക്കിൽ , ഉപജാപകരുടെ ആഘോഷങ്ങളിൽ ,കാഴ്ച്കളിൽ വന്നതൊക്കെയും ഹൃയത്തിലെക്കോ,  ഹൃയത്തിൽ നിന്നത് തലച്ചോറിലെക്കോ സഞ്ചരിച്ചില്ല . കാഴ്ചക്ക് മാത്രമല്ല തിമിരം ..അന്നെന്റെ മനസ്സിനായിരുന്നു . ഇന്നിവിടെ നോക്കി അഹങ്കരിക്കാൻ ഒരു കണ്ണാടി പോലുമില്ലാത്ത ഈ മുറിയിൽ , അലക്കി നിറം മങ്ങിയ ഈ കിടക്കവിരിയും അതിന്റെ കഞ്ഞി പശ മണവും ആസ്വദിച്ച് , വിളർത്ത കൈതണ്ടയിൽ തിണർത്ത നീല ഞരമ്പുകളെണ്ണി നീ നിന്റെ മനകണ്ണിൽ ഒരിക്കലും കാണാത്തൊരു രൂപത്തിൽ ജീവിതത്തിന്റെയീ മണൽ ഘടികാരത്തിന്റെ അർദ്ധഗോളത്തിൽ നിന്നും  മണൽത്തരികൾ പൂർണവിരാമത്തിന്റെ മൌനത്തിലേക്ക്‌ വീണ് നിശ്ചലമാകുന്നത് വിരക്തിയുടെ മഞ്ഞച്ച കണ്ണുകൾ കൊണ്ടാസ്വദിക്കുന്നു .പ്രത്യാശയുടെ ഒരു ശലഭ ചിറകിനു പോലും ഉണർത്താനാകാതെ .

2014, ജൂലൈ 7, തിങ്കളാഴ്‌ച

ലൂർദ് ഹോസ്പിറ്റൽ

ഇത് ഫ്ലാഷ് ബാക്ക് ആണൂട്ടോ . കുറച്ചു അധികം പുറകിലോട്ടു പോണം . (പോയ്‌ പോയ്‌ തപ്പി തടഞ്ഞു വീഴല്ലും ) ഒരു 15 കൊല്ലത്തിനു മുന്നേ .എന്റെ അമ്മ എറണാകുളം ലൂർദ് ഹോസ്പിറ്റലിൽ മാസത്തിൽ ഒരിക്കൽ എന്നവണ്ണം വിസിറ്റ് ചെയ്തോണ്ടിരികുന്ന ടൈം.മാസത്തിൽ ഒരിക്കൽ അമ്മ ഹോസ്പിറ്റൽ മിസ്സ്‌ ചെയ്യും . ഞാൻ ഉടനേ അങ്ങോട്ട്‌ കൊണ്ടുപോകും . അച്ഛൻ ഒമാനിൽ നിന്ന് കാശ് അയക്കും ഞാൻ അത് എടുത്തു ലൂർദിൽ കൊടുക്കും . അതായിരുന്നു എന്റെ മെയിൻ ഡ്യൂട്ടി . ( ഹോസ്പിറ്റലിന്റെ ഒരു ഷെയർ തരാന്ന് പറഞ്ഞതാ . ഞങ്ങടെ നല്ല മനസ്സ് കൊണ്ട് വാങ്ങിയില്ല ). ഹോസ്പിറ്റൽ കാന്റീനിൽ ഫുഡും , പകൽ പഠിപ്പും ജോലിം , രാത്രി ഹോസ്പിറ്റൽകാർക്ക് എന്റെ വക ഫ്രീ സർവീസും . വാർഡുകളിൽ അല്ലറ ചില്ലറ സേവനങ്ങൾ . അതാണ് ന്റെ സർവീസ് .ആ സമയത്താണ് ഒരു ദിവസം ഒരു അമ്മാമ്മയെ കാലത്തേ മക്കള് കൊണ്ട് വന്നു അഡ്മിറ്റ്‌ ചെയ്തത് . മക്കൾക്ക്‌ ആർക്കും നിൽക്കാൻ സമയമില്ല. രാത്രി കിടക്കാൻ ഒരു കുട്ടി വരും , അത് കൊണ്ട് ബാക്കി എല്ലാരേം ഏൽപിച്ചിട്ട് അവർ പോയി . ഞാൻ വൈകുന്നേരം വന്ന് വാർഡിൽ ഒക്കെ ഒന്ന് കറങ്ങി മരുന്ന് ഒക്കെ വാങ്ങാൻ ഉള്ളവർക്ക് അതൊക്കെ വാങ്ങി വന്നു അവിടെയുള്ള   അമ്മമാർ സ്നേഹത്തോടെ തരുന്ന പലഹാരം ഒക്കെ തിന്നു ഈ അമ്മാമ്മയുടെ അടുത്ത് പോയി ഇരിക്കും . ഈ അമ്മാമ്മയുടെ വർത്തമാനം  കേൾക്കാൻ നല്ല രസമാണ് . പഴേ കാര്യങ്ങൾ ഒക്കെ പറയും . ഈ ലൂർദ് ഹോസ്പിറ്റലിന്റെ മുന്നിൽ തന്നെ ആണ് റെയിൽവേ ട്രാക്ക് . മിനുട്ടിന് മിനുട്ടിന് ട്രെയിൻ പോയ്കൊണ്ടിരിക്കും . ഞങ്ങക്ക് പിന്നെ ഈ സംഗീതം (ട്രെയിനിന്റെ ) ശീലമായിപ്പോയ് . അതില്ലാതെ പറ്റില്ലാണ്ടായ് . പക്ഷേ നമ്മുടെ  അമ്മാമ്മക്ക് അങ്ങനെ അല്ല , ഇവിടെ വന്നതിനു ശേഷമാണ് പുള്ളിക്കാരി ഇതൊക്കെ കേൾക്കുന്നേ . ആദ്യമൊക്കെ  ട്രെയിൻ പോകുമ്പോൾ ഞാൻ താങ്ങി ഇരുത്തി ജനലിൽ കൂടി കാണിച്ചു കൊടുക്കും . അപ്പൊ ഭയങ്കര സന്തോഷമാ ..കൊച്ചു പിള്ളേരുടെ കൂട്ട് . അമ്മാമ്മ വന്നതിന്റെ രണ്ടാമത്തെ ദിവസം രാത്രി എല്ലാവരും മരുന്ന് ഒക്കെ കഴിച്ചുന്ന് ഉറപ്പുവരുത്തി ഞാനും നമ്മുടെ മാലാഖ കുഞ്ഞുങ്ങളും കൂടെ  ലൈറ്റ് അണച്ച് നഴ്സിംഗ് റൂമിൽ കൊച്ചു വർത്തമാനം പറഞ്ഞു ഇരിക്കുവാരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഭയങ്കര അലർച്ചയും , ബഹളവും ..ഈശ്വരാ ..ആരാണ്ടൊക്കെ ഓടുന്നു ..ചാടുന്നു ..കൂട്ടത്തിൽ ഞങ്ങളും ഓടി . വാർഡിലേക്ക് ..താഴത്തെ ഫ്ലോറിൽ നിന്ന് നമ്മുടെ സെക്യുരിറ്റി ചേട്ടൻ വരെ വന്നു ...എല്ലാരും എഴുന്നേറ്റു കുത്തി ഇരുപ്പുണ്ട്‌ . ആർക്കും ഒന്നും മനസ്സിലായില്ല എന്നതാ സംഭവം ന്നു ..ഈ അമ്മാമ്മ മാത്രം നല്ല ഉറക്കം . ഞങ്ങള് അവിടെ ഒക്കെ അരിച്ചു പെറുക്കി നടന്നു.  CBI  യിൽ മമ്മൂട്ടി നടന്നപോലെ .ങേ ഹേ ...ഒരു ഐഡിയയുമില്ല ..അവസാനം ആൾകുട്ടം പിരിഞ്ഞു പോകുവാൻ തുടങ്ങി . ദേ ..വന്നടാ .പിന്നേം ഒരലർച്ച ..ഇപ്പൊ അത് ഞങ്ങൾക്ക് വളരെ ക്ലിയർ ആയി...ഇത് നുമ്മട അമ്മാമ്മയാണല്ലോടീ ന്നു അർച്ചന സിസ്റ്റർ . വേഗം അമ്മാമ്മയുടെ അടുത്തെത്തി ..ഈശ്വരാ അവിടെ ഇതൊന്നും അറിഞ്ഞമട്ടില്ല . നല്ല ഉറക്കമാ ..ഉറക്കത്തിനിടയിൽ ബോറടിച്ചിട്ടാകും ..ഡോൾബിയിൽ ഈ മ്യൂസിക്‌ പ്രയോഗം ...രണ്ടും കൽപിച്ചു അമ്മാമ്മയെ ഞങ്ങൾ കുത്തി പൊക്കി . കണ്ണും മിഴിച്ച് കുന്തം വിഴുങ്ങി ഇരുന്ന അമ്മാമ്മയെ സ്വബോധത്തിലേക്ക് ക്രാഷ് ലാൻഡ്‌ ചെയ്യിപ്പിച്ചു ..അപ്പോളല്ലേ സംഭവം പറയുന്നേ ..പുള്ളിക്കാരി സ്വപ്നം കാണുവാരുന്നത്രേ ..ട്രെയിൻ അതിന്റെ പാളത്തിൽ നിന്നും ഓടി ഹോസ്പിറ്റലിലോട്ട്‌  ..അതും മൂന്നാം നിലയിലുള്ള ഈ വാർഡിലോട്ടു തന്നെ വന്നുന്ന്  ..ഹും  ..വന്ന ട്രെയിൻ ഈ അലർച്ചയിൽ എപ്പോളേ  തിരികേ  സ്റ്റേഷൻ പിടിച്ചിട്ടുണ്ടാകും . പാവം അമ്മാമ്മ ..പിറ്റേന്നുഅതും പറഞ്ഞു കളിയാക്കി ഞങ്ങൾ പഴംപൊരി മേടിപ്പിച്ചു തിന്നു .

2014, ജൂലൈ 4, വെള്ളിയാഴ്‌ച

അവർ

ഏതോ അദൃശ്യമായ
ചങ്ങല കണ്ണികളാൽ
പൂട്ടി ഇട്ടിരിക്കുന്നു
പരസ്പരം.
വേർപെടുത്തുവാനാകാതെ ,
വേർപെടുത്തിയാലും
അകന്നുമാറി പ്പോകുവാനാകാതെ
ചില ജന്മങ്ങൾ .
കൈകാലുകളിലെ
ചങ്ങലപ്പാടിനെ
പുഞ്ചിരികൊണ്ടു
മറയ്ക്കുന്നവർ.
മനസ്സിൽ പലവട്ടം
മരിച്ചുയർക്കുന്നവർ .
കടലാസ്സു പൂക്കളെപ്പോൽ
നിർജീവമായ് ജീവിച്ചു
തീർക്കുന്നവർ .
പുറമേ നിന്ന് -
കല്പ്പിച്ചു കൊടുക്കുന്ന
കടമകളെയും ,
കടപ്പാടുകളെയും ,
നെഞ്ചോടു ചേർക്കുന്നവർ .
ജീവിതത്തിന്റെ
കണക്കു പുസ്തകങ്ങളിൽ
തങ്ങളുടെ ആകെത്തുക
പൂജ്യമെന്നറിഞ്ഞും
ഹൃദയത്തിൽ സമ്പന്നത
സൂക്ഷിക്കുന്നവർ .
നാളെയെന്തെന്ന ചോദ്യത്തിനു
മേൽപ്പോട്ടുയർത്തിയ
കണ്ണുകളിൽ ആകാശം
ഉത്തരമാക്കിയവർ .
പിടഞ്ഞൊടുങ്ങുന്ന
നിമിഷം വരെ ആർക്കോ
വേണ്ടി ജീവിക്കുന്നവർ .


2014, ജൂലൈ 2, ബുധനാഴ്‌ച

പനിച്ചൂടിൽ പൊള്ളിയമർന്ന
കണ്ണിമകൾക്ക് മുകളിൽ
കുഞ്ഞുകുളിർ സ്പർശം
അമ്മേയെന്ന സംഗീതത്തിൻ
അകമ്പടിയോടെ.

അന്തിക്ക് മാനത്തുന്നു പൊട്ടിവീണ നക്ഷത്രകുഞ്ഞുങ്ങളെയെല്ലാം വാരി മാറോടടുക്കി ചിരിക്കുന്നു അമ്മ നന്ത്യാർവട്ടം