https://lh3.googleusercontent.com/.../w426-h284/15+-+1

2014, ജനുവരി 31, വെള്ളിയാഴ്‌ച

ഞാൻ കണ്ട ചോദ്യങ്ങൾ

പിഴച്ച ജന്മമെന്ന അലർച്ചയിൽ
പകച്ച ആ പിഞ്ചു കണ്ണുകളിൽ
കണ്ടു ഞാൻ രണ്ടു ചോദ്യങ്ങൾ
പിഴച്ചതാർക്കു- "ദൈവത്തിനോ?"
"മനുഷ്യനോ ?"

" വൈദേഹി "

ഞാന്‍ വൈദേഹി..വേദന ജീവിതമെന്നറിഞ്ഞവള്‍് ,
വിരഹം വിധിയെന്ന് കരുതിയവള്‍ .
എന്നും രാമന്റെ നിഴലായവള്‍്
Add caption

2014, ജനുവരി 28, ചൊവ്വാഴ്ച

വൃദ്ധ സദനo

നിറമിഴികളാൽ യാത്രാമൊഴി-
യേകി പിന്തിരിഞ്ഞു നിന്നമ്മ.
പിന്നെയാ മുണ്ടിൻ കോന്തലയിൽ
 മൂകമായ് മായ്ച്ചുകളഞ്ഞ സങ്കടങ്ങൾ;
ആരും കാണരുതീ സങ്കടങ്ങളീ കണ്ണീരുപ്പും .

ഇനിയില്ലൊരു പിൻവിളിയെന്നറിഞ്ഞുവെങ്കിലും,
കാത്തുവെച്ചൊരു  മറുവിളി  മനസ്സിൽ  .
മങ്ങിയ കണ്ണിൻ  കാഴ്ചകളിലിന്നും
മനസ്സിൻ   വസന്തം മറയുന്നില്ല  .
പൊന്നുമോൻ അങ്ങുചെന്നു ചേരും വരെ ,
അമ്മ തൻ പ്രാർത്ഥനയുമൊടുങ്ങുന്നില്ല  .
കുഞ്ഞുമകൻ തന്നൊരാപൊട്ടിയ കളിപ്പാട്ടവും  
നെഞ്ചകം ചേർത്തു വിതുമ്പി-പിന്നെ
 പഴങ്കഥകളേറെ  പുലമ്പിക്കൊണ്ട്,
പറഞ്ഞു പഠിപ്പിച്ചു തൻ മനസ്സിനെ
ഇനി പോകും  വഴികളിലെല്ലാം-
 ഞാനീ  വൃദ്ധസദനത്തിൻ അഗതി  മാത്രം.
 ഇല്ലാ വാർധക്യത്തിൽ,
തണലായ്‌ മാറേണ്ടവൻ,
ഇനി ഇല്ലാ പൗത്രന്റെ-
കളി  കൊഞ്ചലുകളും.
 ഈ വയോജന ശാലയിൽ
നിന്നുയരുന്നെൻ  നെടുവീർപ്പുകൾ,
മേൽകൂര തട്ടി പിൻവാങ്ങുന്നു.
ഉപേക്ഷിച്ചു പോകുന്നവനറിയുന്നുണ്ടോ,
ഉപേക്ഷിക്കപെട്ടവന്റെ  വേദന.

2014, ജനുവരി 25, ശനിയാഴ്‌ച

മൌനം

നിനക്കറിയുമോ
നിന്റെ മൌനം പോലും
എന്നോട് സംസാരിക്കാറുണ്ട് .
മൌനത്തിനു ഭാഷ ഉണ്ടോ എന്ന
നിന്റെ ചോദ്യത്തിനു
ചിലപ്പോൾ കാറ്റിന്റെ
സീൽക്കാരം പോലെ
ചെവിയിൽ വന്നു
മൂളികൊണ്ടേയിരിക്കും
നിന്റെ മനസ്സിന്റെ പരാതികൾ .
ചിലപ്പോൾ കടലിന്റെ
ഇരമ്പൽ പോലെ
തിരകളുടെ താളം പോലെ

എന്നിലേയ്ക്കടിച്ചു
കേറികൊണ്ടേയിരിക്കും
നിന്റെ സ്നേഹവുമായ്‌.  
ചിലപ്പോൾ  ഒരു വിറയലാണ്
കാറ്റിൽ ഇലകളുടെ വിറയൽ പോലെ
നിന്റെ മനസ്സിന്റെ വിതുമ്പലുകൾ
പൊള്ളി പിടിക്കുന്ന പനിയിലെന്നവണ്ണം
വിറച്ചാർത്തു  വിളിക്കും
അപ്പൊ ഞാനവയെ എന്നിലേക്ക്‌
ചേർത്തു ചേർത്തു പിടിക്കും
വിതുമ്പി വിതുമ്പി ചേർന്ന് കിടക്കുന്ന
അവയെ ഞാൻ തലോടികൊണ്ടേയിരിക്കും 
ഒരു പൂച്ചകുഞ്ഞിനെ എന്നവണ്ണം
നീയൊരു കുറുകലോടെന്നിലേക്ക്‌
ചേർന്നും കണ്ണടക്കും .

2014, ജനുവരി 23, വ്യാഴാഴ്‌ച

നനുനനുത്ത പെയ്യുന്നയീ ചാറ്റൽ മഴയെ
നനഞ്ഞ പുൽമേട്ടിൽ നിന്ന് ഏറ്റുവാങ്ങണം
പിന്നെ ചറുപിറെ  പിറുപിറുക്കുമീ
ഭ്രാന്തൻ മഴയേ ഈ മരങ്ങളോടൊത്ത്‌
നനയണം
ഇടിവെട്ടി പെയ്യുന്ന ഇടവപ്പാതിയെ
ഇടവഴിയിലാർത്തു    തോൽപ്പിക്കണം
കരിമേഘക്കൂട്ടമായ് വരും
കർക്കിടകത്തെ കരിംകൊടി (കുട )കാട്ടി
 കളിയാക്കണം
ഇങ്ങനെ ഈ മനസ്സു
പറയുന്നതൊക്കെ ചെയ്താൽ
 ഭ്രാന്തൻ എന്ന് എന്നെ
വിളിക്കുമോ നിങ്ങൾ

2014, ജനുവരി 20, തിങ്കളാഴ്‌ച

കണ്ണാടി പറഞ്ഞതും ഞാനറിഞ്ഞതും..

കൊഴിഞ്ഞു പോയ ദിനങ്ങൾ 
വെള്ളിനൂലുകളായ് കണ്ണാടിയിൽ 
പ്രതിബിംബിച്ചു. 
കുഴിഞ്ഞ കണ്ണുകളിലെ
 ക്ലാവു പിടിച്ച ഓർമ്മകളിൽ
 എനിക്കു വയസ്സായി 
 എന്നാരോ ഉള്ളിൽ പറഞ്ഞു. 
അകക്കണ്ണിലെ നിറവു 
 പുറം കണ്ണിനെ നനയിച്ചു.
വഴികൾ കടന്നും നീളുന്ന
കാഴ്ചയെ മനസ്സു പോയി
തിരിച്ചു വിളിച്ചുകൊണ്ടുവന്നു .
കൂടെയുണ്ടാകുമെന്ന
വാഗ്ദാനം പാലിക്കാത്തവളെ
ഈ ഇരുട്ടിൽ ഞാൻ എവിടെതിരയാൻ
അകന്നു പോകവേ
തിരിഞ്ഞു നോക്കാൻ
എന്റെ മനസ്സു നിന്നോട് പറഞ്ഞതല്ലേ
എങ്ങിനെ കേൾക്കാൻ
ഞാൻ പറിച്ചെടുത്ത എന്റെ മനസ്സിൽനിന്നും
നീ നിന്റെ ചെവി തിരിചെടുത്തില്ലേ
അഹങ്കാരം എന്നിൽ
അന്ധകാരമായ് മാറിയപ്പോൾ
മൂടിയ തിമിരത്തിന്റെ പാട
മാറാൻ വർഷങ്ങളേറെ .
ഇന്നീ മുറിക്കോണിലിരുട്ടിൽ
ലോകത്തെ എന്നിലേക്കു ചുരുക്കി
നിഴലുകളോട് യുദ്ധം ചെയ്ത്
കാത്തിരിക്കുന്നു നിന്നെ
ഉപേക്ഷിക്ക പെട്ടവന്റെ
ഏകാന്തത അവയുടെ
ചുളിഞ്ഞ കൈവിരലുകളാൽ
എന്നെ ഉന്മാദത്തിന്റെ
താഴ്വരകൾ കാണിക്കും വരെ

2014, ജനുവരി 17, വെള്ളിയാഴ്‌ച

അർദ്ധനാരി

അർദ്ധനാരി
.....................................
ഞാൻ ..അർദ്ധനാരി
ഹിജടയെന്നു നിങ്ങൾ
വിശേഷിപ്പിക്കുന്നവൾ
ഞാൻ ആരെന്നു എനിക്ക് -
പോലും പിടികിട്ടാത്തവൾ
എന്നിലെ എന്നെ
തിരഞ്ഞു മടുത്തവൾ
രാവിനും പകലിനും
ഇടയ്ക്കു പെട്ടുപോയവൾ
അമ്മയുടെ കണ്ണുനീരിന്റെയും
അച്ഛന്റെ മൌനത്തിന്റെയും
വിലയറിഞ്ഞവൾ
ജീവിക്കാൻ ഇടം തേടി
അലഞ്ഞു മടുത്തവൾ
പരിഹാസങ്ങളെ
ചിരിയിലൊളിപ്പിക്കാൻ
ശീലിച്ചവൾ
കളികൂട്ടുകാരും കാണാതെ
മറയുന്നത് കണ്ടില്ലെന്ന്
നടിക്കാൻ പഠിച്ചവൾ
ഞാൻ ..അർദ്ധനാരി
ശിവന്
മോഹിനിയായവൾ
ശിഖണ്ഡിയായ് നിന്നു
യുദ്ധം ജയിച്ചവൾ
ഉള്ളിൽ മോഹങ്ങൾക്കു
ചിതയൊരുക്കിയവൾ
അവഗണനയുടെ കണ്ണുനീരിൽ
ഗംഗാ സ്നാനം ചെയ്തവൾ
ചേഷ്ടകളിലെ സ്ത്രൈണതയിൽ
ആനന്ദം കൊണ്ടവൾ
സ്ത്രീയെന്നോർത്ത്
അഹങ്കരിച്ചവൾ
പിന്നെ അല്ലന്നറിഞ്ഞു
മനസു പിടഞ്ഞവൾ
പൂർണതയിലും
പൂർണതയില്ലാത്തയീ
മനുഷ്യകോലങ്ങളിൽ
അപൂർണതയിലും
പൂർണത ഉള്ളവൾ ഞാൻ .

2014, ജനുവരി 14, ചൊവ്വാഴ്ച

പ്രതീക്ഷ

ഓർമകളെ ഒക്കേയും ഒന്ന്
മായിക്കുവാൻ കഴിഞ്ഞെങ്കിൽ
ഈ ജീവിതം തന്നെയൊന്നു
മാറ്റുവാൻ കഴിഞ്ഞെങ്കിൽ
നിരാശകളിൽ നിന്നും
പുതു നാമ്പുകൾ വിടർന്നെങ്കിൽ
നിറയുന്ന കണ്ണുകളൊരു
പുഞ്ചിരിയിലേക്കുയർന്നെങ്കിൽ
നാളെയെന്ന ദിനത്തിലേക്കൊരു
മഴവില്ല് ഉയർന്നെങ്കിൽ
എന്റെ ഹൃദയത്തിലൂടെ
നിനക്കു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ
എന്റെ സ്വപ്നങ്ങളൊക്കെയും
നിന്റെ ചിന്തകളായെങ്കിൽ
എന്റെ കണ്ണുകളിലൂടെ നീ എന്നെ
അറിഞ്ഞിരുന്നുവെങ്കിൽ
ഈ പാഴ് മനസ്സിൻ സംഘട്ടനങ്ങളിൽ
എന്റെ ജീവിത കണ്ണാടി ഉടയാതിരുന്നെങ്കിൽ

2014, ജനുവരി 10, വെള്ളിയാഴ്‌ച

എന്റെ പ്രിയനേ
ഞാൻ പറയാതെ പറഞ്ഞതല്ലേ
പ്രിയനേ നിന്നോടെന്റെ പ്രണയം
നീ കാണാതെ കടന്നു പോയില്ലേ
എന്നേക്കും എന്നിൽനിന്നും
  കണ്ണുകൾ  നിറഞ്ഞു
പെയ്തതെല്ലാം
എൻ മുടിച്ചുരുളുകൾ
ഒളിപ്പിച്ചു നിന്നിൽനിന്നും 
നമ്മളൊന്നു ചേർന്നിരുന്ന
നിമിഷങ്ങളൊക്കെയും
 ഇന്നു  വ്യർത്ഥ പ്രണയത്തിൻ
അവശേഷിപ്പ് മാത്രം
പിന്തിരിഞ്ഞൊരുമാത്ര
നോക്കുമ്പോൾ കാണാം
കരിയില മൂടിയ വഴികൾ പിന്നിൽ
പിന്നെ നാം കൈകോർത്തു
നടന്നൊരാം ഓർമ്മകളും ..
പലപ്പോഴും പങ്കുവെച്ചോരാ
ശീലക്കുടയിൻ തണലും
ചൊല്ലി പടിച്ചോരാ
കവിതതൻ ശീലും ...
 ...................................
ഒരു നെടുവീർപ്പിലൂടെ
ഞാൻ അമർത്തി വെച്ചു
തിളച്ചു പൊന്തിയൊരെൻ
ഓർമ്മകളെ
ഓർമ്മകൾ ചിലപ്പോൾ
എരിയും കനലാകാം
മറ്റു ചിലപ്പോൾ
 ഒരു വേനൽമഴയും
ഇനിയൊരു തിരിച്ചുപോക്കില്ല
എങ്കിലും
സംവദിക്കുന്നു ഞാൻ
എൻ മനസ്സിനോട്
ഞാൻ വരും
നിന്നിലെക്കെൻ പ്രണയമേ
നിന്റെ ഏകാന്തതയുടെ
മഴത്തുള്ളികളെ പെയ്തു തീർക്കാൻ  

എന്റെ പ്രണയചിന്തകൾ

എന്റെ കാഴ്ചകൾ നിന്റെ വരവുമാത്രം പ്രതീക്ഷിക്കുന്നു. എന്റെ കാതുകളിൽ നിന്റെ വിരൽതുമ്പിൻ സംഗീതം മാത്രം , സൂക്ഷിച്ചു കേൾക്കൂ , എന്റെ ഹൃദയത്തിന്റെ അവശേഷിക്കുന്ന മിടിപ്പും നിന്റെ പേര് ചൊല്ലിയാണ് വിളിക്കുന്നത്‌ . നിന്റെ ആകാശവും , നക്ഷത്രങ്ങളും എന്റേത് കൂടെയാണ് എന്നതെന്റെ അഹങ്കാരം . അകലങ്ങളിൽ എവിടെയോ നീയുണ്ടെന്നതും നിന്നിൽ ഞാനുണ്ടെന്നതും ആണ് എന്റെ ഊർജം . ഈ ദൂരമൊരു ദൂരമാണോ? നമ്മുടെ ചിന്തകൾക്കു തമ്മിൽ പ്രണയിക്ക്കുവാൻ .എന്റെ സ്വപ്‌നങ്ങൾ വഹിച്ചുകൊണ്ട് ഒരു കാറ്റ് നിന്നെ തേടിയെത്തും , അവ നിന്റെ മുടിയിഴകളെ എന്റെ വിരൽകൊണ്ട് തലോടും ,നിന്റെ വരണ്ട ചുണ്ടുകളെ എന്റെ ചുംബനം കൊണ്ടു നനയ്ക്കും ,തണുത്തു കുളിർക്കുന്ന നിന്നെ എന്റെ ചൂടുകൊണ്ട് പൊതിയും ,എന്റെ പ്രണയ കവിതകൾ കൊണ്ട് നിനക്ക് താരാട്ടു പാടി ഉറക്കും എന്നിട്ട് എന്റെ ഹൃദയം നിന്റെതിനോട് ചേർത്ത് വയ്ക്കും ...................

2014, ജനുവരി 7, ചൊവ്വാഴ്ച

എന്റെ മകളെ

എങ്ങിനെ ഞാൻ കാത്തു
സൂക്ഷിക്കേണ്ടു
എന്നോമന  പൊന്മകളെ
നിന്നെ ഞാനീ
ലോകത്തിൻ കാമ -
കണ്ണുകളിൽനിന്നും
തറയിലും തലയിലും
വെക്കാതെ ഞാൻ
നിന്നെ യെൻ കൈകളിൽ
കൊണ്ടു നടപ്പൂ
രൂക്ഷമായ് നിന്നിലെക്കുയരും
നോട്ടങ്ങളെ ഞാനെൻ
ക്രുദ്ധനയനങ്ങളാൽ
തട്ടിനീപ്പൂ
പൊൻ വേലി എന്നു
നിനക്കു തോന്നിടാമെങ്കിലും
ഇതൊരമ്മതൻ
ഹൃത്തിൻ വേവലാതി
ചുറ്റും കത്തുന്ന
കഴുകൻ കണ്ണുകളും
ചുറ്റി വരിയുന്ന
നീരാളികൈകളും
കുഞ്ഞേ നിനക്കറി യില്ലീ
 മനുഷ്യർ തൻ  പൊയ്മുഖം
എന്നും കാണുന്ന മാലാഘയാം
ചേട്ടനും ഒരു നിമിഷംകൊണ്ടൊരു
ചെകുത്താനായ്   മാറിടാം .
നിന്റെ  പൂമുഖം എന്നിലെന്നേക്കുമൊരു 
വേദനയായും മാറിടാം . 
കണ്ണിമ ചിമ്മാതെ
നോക്കിയിരിപ്പൂ ഞാൻ
 എന്നിൽ ആളിപ്പടരുമീ
ചിന്തകൾ നിന്നിലെക്കെത്തുന്ന
കാലം വരെ .