https://lh3.googleusercontent.com/.../w426-h284/15+-+1

2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

മരണം ..

മരണം ..
മരണം ഒരു തരത്തിൽ ഒരാനന്ദമാണോ ?
എല്ലാ തരത്തിലും ഒരു മോചനമായ് നിർവചിക്കാമോ ?
ദുഃഖങ്ങളിൽ  നിന്നും..
മോഹങ്ങളിൽ നിന്നും ..
ബന്ധങ്ങളിൽ നിന്നും ..
ബന്ധനങ്ങളിൽ നിന്നും ..
ബാധ്യതകളിൽ നിന്നും ..
സ്വപ്നങ്ങളിൽ നിന്നും ..
രോഗങ്ങളിൽ നിന്നും ..
.....എല്ലാത്തിൽ നിന്നും മോചിപ്പിക്കപെട്ടു ശാന്തമായ് ദൂരെയേതോ
സങ്കൽപ്പതീരം തേടി യാത്രയാകുന്ന ആത്മാവ് .
യോഗികൾ പ്രതീക്ഷിക്കുന്ന മുക്തി ഇതാണോ? മുക്തിയെന്നാൽ മോചനമെന്നല്ലേ ,
ശരീരത്തിൽ  നിന്നും മോചനം  നേടുന്ന ആത്മാവ് . ഭാരങ്ങൾ എല്ലാം നിമിഷനേരം കൊണ്ട്
ഭൂമിയിൽ ഉപേക്ഷിച്ചു അപ്പൂപ്പൻതാടി പോലെ അന്തരീക്ഷത്തിലേക്ക് ഉയർന്ന്  മെല്ലേ ഇല്ലാതാകുന്നു .
കൂടെ കുറെയേറെ സ്വപ്നങ്ങളും ദുഃഖങ്ങളും എല്ലാം .ഇവിടെ ഒരു ജന്മം അവസാനിക്കപെടുന്നു .  

2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

മാറ്റം

ഒരു മാറ്റം അത് അനിവാര്യമാണ്
എന്തിനും ഏതിനും .
ഒരു മാറ്റത്തിൽ നിന്നൂർജമുൾകൊണ്ടു
മാറണം  ഒരു  പുതിയ
തുടക്കത്തിലേക്ക് .
വേനലിന്റെ വറുതിയിലകപ്പെട്ട
തടാകത്തിലെ മീൻകുഞ്ഞുങ്ങൾ
ദിവസങ്ങൾ .
ഓരോ പിടച്ചിലിലൂടെയും 
ജീവൻ ചേർത്തു പിടിക്കുന്നു .
തെളിനീരിന്‍റെ സമ്പന്നത 
അവരുടെ നിനവുകളില്‍ നിറയുന്നു  .
മണൽകാറ്റിലും മറക്കപ്പെടാതെ
ഒരു തളിർനാമ്പ് മുളച്ചു നിൽക്കുന്നു .
നാളെയുടെ പ്രതീക്ഷയിൽ
ഒരു കറുത്ത മേഘത്തിനായ് .
ഇടക്കെവിടെയെക്കൊയോ
അരുടെയെക്കൊയോ മനസ്സുകളിൽ നിന്നും
ഓന്തുകൾ തലയുയർത്തി നോക്കുന്നു
രക്തദാഹികളായ ചുവന്ന ഓന്തുകൾ 

ചോദിക്കാതിരിക്കാനാവുന്നില്ലെനിക്ക് 
ഇവിടെ എനിക്കന്യമായ ആകാശം
ഇന്ന് നിനക്കെങ്ങനെ സ്വന്തമാകും.
കുതിക്കുവാൻ കൊതിക്കുന്ന
ചിറകുകളെ അമർത്തി പിടിക്കുന്നതാര് 
കൈവെള്ളയിൽ .

 ഒരു കടലുള്ളിൽ തിളക്കുന്നു -
കൊടും വേനലിൽ .
തിരകളില്ലാതെ  തിളക്കുന്ന കടൽ.
വേലിയേറ്റവും -
വേലിയിറക്കവുമില്ലാത്ത
 കടൽ .
കണ്ണുകളിലൂടെ വഴിതിരയുന്നു
തിളച്ചു തിളച്ചു പുറത്തേക്കു
ഒഴുകി രക്ഷപെടാൻ .

 മാറ്റം അത് അനിവാര്യമാകുന്നു
അതിൽ അവനവനെ തന്നെ
തിരിച്ചറിയാനാവുമെങ്കിൽ .
വശ്യമായ പുഞ്ചിരികളിൽ
മുഖമൊളിപ്പിച്ച വികൃത ഹൃദയങ്ങൾ
അകകാഴ്ചയിൽ നിനക്ക് പുറമേയ്ക്ക്
 തെളിയുമെങ്കിൽ  .

2014, ഫെബ്രുവരി 15, ശനിയാഴ്‌ച

ജാലകത്തിന്റെ പ്രതീക്ഷകൾ

ഈ ജാലകത്തിൻ ഇത്തിരി
ചതുരവട്ടത്തിൻ  അപ്പുറമായ്
കാഴ്ച്ചകൾ കാത്തിരിക്കുന്നെന്നെ.
ഈ ജനലഴികൾക്കും പറയുവാൻ
ഏറെ കഥകളുണ്ടായിരിക്കണമിന്നു. 
ഓരോ കഥയുടെ ഒടുക്കവും
ഒരു മഴപെയ്യുമായിരിക്കുംമെന്നിൽ .
ഓരോ മഴയുടെ ഒടുക്കവും
ഞാൻ നിന്നെയും  തിരയുമായിരിക്കും
എന്റെ കാഴ്ച്ചകൾ എത്തുന്നിടം  വരെ.
മാമരപച്ച യും ആകാശ നീലയും
ജാലക പഴുതിലൂടൊളിച്ചു നോക്കും നേരം.
നിന്റെ ഓർമ്മകൾ ഒരുകടലായ്
എൻ മിഴികളിൽ തിരയിളക്കുന്നു .
ഇരച്ചു കേറുന്നയീ കരിഞണ്ടുകൾ
വരച്ചു തീർക്കുന്നയീ വേദനയുടെ
കവിതകൾക്കുമപ്പുറം
നുരച്ചു പൊന്തുന്നു  നിന്റെ ചിന്തകൾ,
എന്നോ പെയ്തു തീർന്നിട്ടും
 പൊഴിച്ചുകൊണ്ടിരിക്കുന്നു
മരങ്ങൾ നിന്നെ ഇപ്പോഴും എന്നപോലെ.
മങ്ങിയ കാഴ്ച്ചകളിൽ
പരക്കുന്നീ വർണ്ണങ്ങൾ
നീ പ്രണയത്തിൽ ചാലിച്ച്
ഉപേക്ഷിച്ചവ എങ്കിലും .
കാത്തു സൂക്ഷിക്കുന്നു
ഈ മുടിച്ചുരുളുകൾ
പൊഴിഞ്ഞു പോയതെങ്കിലും
നിനക്ക് പ്രീയപെട്ടവ .
തറച്ചുകേറുന്ന സൂചിമുനയിൻ
വേദനകളെ  മറക്കുവാൻ
ഓർക്കുന്നു ഞാൻനിൻ മുഖം,
നിന്നോർമകളിൽ ഇന്നെൻ
മുഖമില്ലെന്നാകിലും. 
മരുന്ന്ഗന്ധമെന്നറച്ചു നീ-
യെങ്കിലും പ്രീയമെനിക്കീ
കുടുസുമുറിയും ജാലകവും
ഇവിടെ നിന്നോർമകളും ഞാനും
പിന്നെയീ ജാലകത്തിൻ പ്രതീക്ഷകളും
മാത്രം .

*************************



2014, ഫെബ്രുവരി 13, വ്യാഴാഴ്‌ച

എന്റെ ഏകാന്തത

എന്റെ ഏകാന്തത
എന്റെ പ്രണയം
എന്റെ വിരഹവും
എന്റെ സ്വപ്നങ്ങളുടെ
വിതഭൂമിയും.

എന്റെ കിനാവിൽ
പ്രണയം പൂക്കുന്നതും
അതിൽ വിരഹം
 തേങ്ങുന്നതും
ഈ  ഏകാന്തതകളിൽ മാത്രം.

എന്റെ സ്വപ്നങ്ങളിലെ
പച്ചപ്പുകൾ പൂക്കുന്നതും
ആ മരച്ചില്ലകളെ
കാറ്റുലക്കുന്നതും 
ഈ  ഏകാന്തതകളിൽ മാത്രം.

അക്ഷര ശലഭങ്ങളിവിടെ
പറന്നിറങ്ങുന്നതും
ഈ നിശാഗന്ധിതൻ
പാതിരാ സുഗന്ധം
gulmoharmagazine@gmail.com
പരത്തുന്നതും 
 ഈ  ഏകാന്തതകളിൽ മാത്രം.

 ഈ മരുഭൂമിയിൽ
ചിലപ്പോളൊരു മഴയിൽ
നറു വസന്തം വിരിക്കുന്നതും
പെയ്യാതെ കുറുമ്പുന്ന
മേഘ കുഞ്ഞിനെ
കിഴുക്കുന്നതും 
ഈ ഏകാന്തതകളിൽ മാത്രം .

 എന്റെ ഏകാന്തത
 എന്റെ  പ്രണയിനി
ഇവിടെ സ്വപ്‌നങ്ങൾ
 കൊയ്യുന്നു ഞാൻ.









2014, ഫെബ്രുവരി 9, ഞായറാഴ്‌ച

പ്രണയമേ

പ്രണയമേ
എന്റെ ഓർമകൾ
 നിന്നെ തിരയുകയാണ് ഇന്ന്.
എന്റെ മനസ്സാകട്ടെ
നിന്നെ മറക്കാൻ ശ്രെമിക്കുകയും.
നിന്റെ  ചോദ്യങ്ങളുടെ
ഉത്തരമായിരുന്നു ഞാൻ .
നിനക്കാശ്വസിക്കാനൊരു
അരയാൽ തണലും ഞാൻ
തന്നെയായിരുന്നു .
എന്റെ ഹൃദയ വേരുകൾ
എപ്പോളും നിന്നിലേക്ക്
നീണ്ടിരുന്നു .
നീ എന്നിലേക്ക്‌ പെയ്ത മഴകൾ
ഞാൻ നിന്നിൽ എണ്ണിതീർത്ത
നിന്റെ ചിന്തകളുടെ
തിരകൾ ..
ഭൂമിക്കും ആകാശത്തിനും
കൊടുക്കാതെ നിനക്കും
എനിക്കുമായ് പങ്കുവെച്ച
എന്റെ സ്വപ്‌നങ്ങൾ.
 ഹാ ..ഓർക്കുക ദുഷ്കരം.
ഇന്ന് നീയൊ ഞാനോ
അല്ലെങ്കിൽ നമ്മുടെ മനസ്സുകളോ
അകലെയായത് .
എങ്കിലും നിന്റെ നനുത്ത വിരൽ
സ്പർശത്തിൻ ഓർമ്മകൾ
എന്റെ പുലർക്കാല സ്വപ്നങ്ങൾക്ക്
ചന്ദനം  ചാർത്തിയിരുന്നു .
എന്റെ മനസ്സ് നിറഞ്ഞു
 കവിഞ്ഞൊഴുകുന്ന
നിന്റെ സ്നേഹത്തിൽ
ഞാനറിയുന്നെൻ  പ്രണയമേ .
ഞാൻ എന്നേ നിന്നിൽ
 നഷ്ടപെട്ടിരുന്നുവെന്ന് .
ഞാൻ നീയായിരുന്നുവെന്നു .



2014, ഫെബ്രുവരി 8, ശനിയാഴ്‌ച

ജടാടവീഗളജ്ജലപ്രവാഹപാവിതസ്ഥലേ
ഗളേഽവലംബ്യലംബിതാം ഭുജംഗതുംഗമാലികാം
ഡമഡ്ഡമഡ്ഡമഡ്ഡമന്നിനാദവഡ്ഡമർവയം

ചകാരചണ്ഡതാണ്ഡവം തനോതു നഃ ശിവഃ ശിവം..


ശിവതാണ്ഡവസ്തോത്രം ..ആണ് ..ഡമഡ് ഡമഡ് എന്നിങ്ങനെ തുടർച്ചയായി ഡമരു  ശബ്ദം പുറപ്പെടുവിക്കുമ്പോൾ ശിവന്റെ കാടുപിടിച്ച ജടയിലൂടെ ഊർന്നിറങ്ങിയ ഗംഗാപ്രവാഹത്തിനാൽ പവിത്രമാക്കപ്പെട്ട സ്ഥലത്ത് കഴുത്തിനെ അവലംബിച്ച് പൂമാലയെന്നപോലെ ഉഗ്രസർപ്പത്തേയും തൂക്കിയിട്ട് ഉഗ്രതാണ്ഡവം നടത്തുന്ന ശിവനേ ഞങ്ങൾക്ക് മംഗളത്തെ തന്നാലും.

എന്റെ വീടിന്റെ പുലമ്പലുകൾ

എന്റെ വീടെന്നോടു  പറയുന്നു
വൈകുന്നേരങ്ങളിൽ കൂടെ
 നടക്കാൻ ചെല്ലണമെന്നു

പണ്ടത്തെ പോലെ
എനിക്ക് സ്നേഹമില്ലാന്ന്-
അയലത്തെ വീടിനെ
ചൂണ്ടി ചിണുങ്ങുന്നു.

സായാഹ്നങ്ങളിൽ
ഒരുമിച്ചിരിക്കുന്നില്ലാന്നു
കളിവാക്കുകളിൽ
പൊട്ടിചിരിക്കുന്നില്ലാന്നു
 ഊണുമേശയിൽ
പാത്രങ്ങൾ പറയുന്നില്ലാന്നു
കുഞ്ഞു   കഥകളിൽ
ഉറക്കുന്നില്ലാന്നു
എന്തിനു കണ്‍നിറയേ കണ്ടിട്ട്
കാലമേറെയായെന്നു .

വീടറിയുന്നില്ലല്ലോ
എന്റെയീ പാച്ചിലുകൾ
കഴുത്തിലെ കാണാ-
കയറിന്റെ കുരുക്കുകൾ
സായാഹ്നങ്ങൾ കട്ടെടുത്ത
ഫയലുകൾ
പാർട്ടികളിൽ കുരുങ്ങുന്ന
രാത്രികൾ
കാത്തിരുന്നു മയങ്ങി പോകുന്ന
കുഞ്ഞികണ്ണൂകൾ 
ഊണുമേശയിൽ
ഉറങ്ങി തീരുന്നവളുടെ സ്വപ്‌നങ്ങൾ
ഭാവി ഭദ്രമാക്കാൻ എന്ന് പേര്
എന്നിട്ട് ജീവിതമോ ?




കുന്നിക്കുരു

കടുത്ത വേനൽ
വരണ്ട മനസ്സ്
മരുഭൂമിയോളം
പരന്ന ചിന്തകൾ

പ്രളയം
അതെപ്പോ വേണെലുമാകാം 
ചിലപ്പോൾ
ഒരു മഴയിൽ നിന്നും
അല്ലെങ്കിൽ
ഇരു  മിഴിയിൽ നിന്നും

സ്വപ്‌നങ്ങൾ
ചിത്രശലഭങ്ങൾ
കാണാൻ നല്ല ഭംഗി
പക്ഷെ കൈയിലെത്തുന്നില്ല  .

വാക്കുകൾ
മുറിച്ചിട്ട ഗൌളിയുടെ വാൽ
തെറിച്ചു വീണു
പിടക്കുന്നു

ജീവിതം
കനലായെരിയുന്നു
ഒരു നിമിഷം മതി
അണയാനും
ആളാനും .

2014, ഫെബ്രുവരി 5, ബുധനാഴ്‌ച

ആശുപത്രി

ചുവരുകൾക്ക്  തൂവെള്ള നിറമായിരുന്നു
എന്നിട്ടും എനിക്കിഷ്ടമല്ലായിരുന്നു.
ഞാൻ നോക്കുമ്പോളെല്ലാം അതിനു
നിസ്സഹയാതയുടെ നെടുവീർപ്പിന്റെ
നിറമായിരുന്നു .
സ്ട്രെകച്ചറിന്റെ വീൽതാളത്തിനവസാനം
വേദനയും കരച്ചിലുമാണ് .
ഒപ്പമെത്താൻ കൂടെയോടുന്ന
കാലുകളെ കണ്ണാടി വാതിലുകൾ
തടഞ്ഞു നിർത്തുന്നു.
മഴവില്ലിൻ നിറങ്ങളിൽ
മരുന്നുകൾ കുഴലുകളിലൂടൊഴുകുന്നു
ഞരമ്പുകളിലേക്ക് ചേരാൻ.
വെള്ളയുടുപ്പിട്ട മാലാഖമാർ
എവിടെയും സാന്നിധ്യമറിയിച്ചുകൊണ്ടിരിക്കുന്നു.
മരുന്നുകളുടെ കുറിപ്പടികൾ
രോഗിയിലേക്കും , രോഗിയിൽനിന്നു
മരുന്ന് പുരയിലേക്കും
ജൈത്രയാത്ര തുടരുന്നു.
അക്ഷമരായവരെയും , ഏറ്റം  ദൈന്യരായവരെയും
കസേരകൾ ഒരുപോലെ സ്വീകരിച്ചിരുത്തുന്നു .
ജനനവും മരണവും
രണ്ടു വാതിലുകൾക്കപ്പുറവും
ഇപ്പുറവുമായ്  മുഖത്തോടു
മുഖം നോക്കി നിന്നു .
ഇടയിൽ താളാത്മകമായ്‌
കറങ്ങുന്ന പങ്കയും
മൊഴിയുന്നതേതോ മരുന്നിന്റെ
ജെനറിക് പേര് .
പൂമുഖത്തെ ചില്ലുകൂട്ടിൽ
ഇരിക്കുന്ന മാടപ്രാവിന്റെ
മുഖത്തെ പുഞ്ചിരി മായുന്നില്ല .
വീട്ടിൽ ഉപേക്ഷിച്ചു പോന്ന
അതിന്റെ വ്യാകുലതകളെ
ആരും കാണുന്നുമില്ലാ .
ചൂലുകൊണ്ടടിച്ച്‌ നോക്കി
തുണി നനച്ചു തുടച്ചും നോക്കി
എന്നിട്ടും പോകുന്നില്ലീ
മനസ്സിൽ പിടിച്ച " മാറാല "

2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

ഭ്രാന്ത്

ചിത്ത ഭ്രമം 
ചിന്തകളിൽ
 വണ്ടുകളെ
മൂളിക്കുന്നു .
നൂലുപൊട്ടിയ
പട്ടം പോലെ
ആർത്തലക്കുന്ന
 മനസ്സിൻ
 പുലമ്പലുകളിലെ 
സത്യം നിങ്ങളുടെ
സ്വൊര്യം  കെടുത്തുന്നു .
പോകും വഴിയെല്ലാം
കലമ്പുന്നീ ചങ്ങലപൊട്ട്
എന്നോടാരും  കാണാതെ 

പുറത്തു..

 ചിതല് പിടിച്ച
തത്വശാസ്ത്രത്തെ  
തെരുവിൽ വെയിലു-
കൊള്ളാനിട്ടിരിക്കുന്നു .
വിൽപ്പനക്കുണ്ട് 
നീതി ദേവത
ഇരുമ്പുകടയിൽ.
കണ്ണിലെ കെട്ടും
അങ്ങനെ തന്നെയുണ്ട്‌ .
ചുറ്റിലും മുറുകുന്ന
നിഴൽകൂത്തുകൾ .
ഇരുളിൽ ഉണരുന്ന
മാന്യൻ മാർ.
മരിച്ചു വീഴുന്ന
ആദർശങ്ങൾ .
ഇത് കണ്ടെങ്ങനെ
ചിരിക്കാതിരിക്കും.
ആർത്തു വിളിച്ചോളൂ
ഭ്രാന്തിയെന്നു നീ.
ഭ്രാന്തിയാണ് ഞാൻ.
ഭ്രാന്തില്ലാത്തവർ നിങ്ങൾ.

2014, ഫെബ്രുവരി 3, തിങ്കളാഴ്‌ച

നർത്തകി

വിരിയിന്നു മുദ്രകൾ വിരലുകളിൽ
തെളിയുന്നു ഭാവങ്ങളീ വദനത്തിൽ
ഒരു  നിമിഷത്തിൽ അഗ്നിയും
മറു നിമിഷത്തിൽ ലജ്ജയും
പൂക്കുന്നീ കരിമിഴിക്കൊണുകളിൽ
ശിരസ്സു പകുത്തു
സൂര്യനും ചന്ദ്രനും
മെടെഞ്ഞിട്ടൊരു മുടിയിൽ
കുഞ്ചലവും
കൈകളിൽ ജ്വലിക്കുന്നു
അൽത്തയിൻ ചുവപ്പ് 
ചിലങ്കകളിൽ  തീർക്കുന്നു
ചടുല താളത്തിൻ
മായിക പ്രപഞ്ചവും
രാഗവും താളവും
സമന്വയിക്കുമ്പോൾ
വേദിയിൽ തീരുന്നൊരു  
മോഹന- നടന ശില്പം
ഉയരുന്നീ  നൂപുര ധ്വനിയിൽ
മതി മറന്നാടുന്നു നീയും .

2014, ഫെബ്രുവരി 1, ശനിയാഴ്‌ച

ചെരുപ്പുകുത്തി

 ചെരുപ്പുകുത്തി
..............................
ഞാൻ ചെരുപ്പുകുത്തി.
കാണുമ്പോൾ തന്നെ
നിങ്ങളുടെ കാലിലേക്ക് നോക്കുന്ന,
തേഞ്ഞു പോയ ചെരിപ്പുകളുടെ
ആത്മാവിനെ തുന്നുന്ന,
നിറം മങ്ങിയോര-
ലുക്കുകളെ മിനുക്കുന്ന,
കറപിടിച്ച പല്ലുകൾ കാണിച്ചു
വരൂ എന്നു ക്ഷണിക്കുന്ന,
തുന്നാൻ സ്വന്തമായൊരു
ചെരുപ്പില്ലാത്ത,
പാത തൻ തണലോരം
കൂടാരമാക്കി -
ചുറ്റും നിരത്തിവെച്ച
വാറുപോയ ,
ഉപേക്ഷിക്കപെട്ട
ചെരുപ്പുകളുടെ
ശ്വാസം മുട്ടിയ
നിലവിളിയിൽ സ്വയം
മുങ്ങിയ ചെരുപ്പുകുത്തി .

എനിക്ക് വേണം
ഒരു ചെരുപ്പുകുത്തിയെ
പാകമാകാത്തയീ  ചെരിപ്പിനെ
എന്റെ കാലിലേക്ക് തുന്നിചേർക്കാൻ .
അല്ലെങ്കിൽ ,
എന്റെ കാലുകളെ
ഈ ചെരിപ്പുകൾക്ക്
പാകമാക്കാൻ
അഴിഞ്ഞുപോകാത്ത,
കൊളുത്തുകൾ വെച്ച്,
തേച്ചു മിനുക്കിയോരലുക്കുകൾ
വെച്ചു , നടക്കുംതോറും
ഇളകാത്തവിധം
കാലിനോട് ചേർത്ത്
തുന്നിവെക്കാൻ
എനിക്ക് വേണം
ഒരു ചെരുപ്പുകുത്തിയെ.