https://lh3.googleusercontent.com/.../w426-h284/15+-+1

2016, നവംബർ 30, ബുധനാഴ്‌ച

മണല്‍ ഘടികാര യാത്രകള്‍

ഇരുട്ട് പൊതിഞ്ഞ
കരയുടെ ഒറ്റപ്പെട്ട
ചില തുണ്ടുകള്‍
ചെവി തുളക്കുന്ന
ആര്‍ത്തനാദങ്ങളുടെ
കരിങ്കല്‍ ചീളുകള്‍
എരിഞ്ഞെരിഞ്ഞു പിന്നെ
പുകഞ്ഞു നീറ്റുന്ന
നോവിന്‍ കനലുകള്‍
എന്നെ എനിക്കാണേറെയിഷ്ടമെന്ന്
പതിഞ്ഞു ചൊല്ലുന്ന ഇരവുകള്‍
നിവര്‍ത്തി നിവര്‍ത്തി പ്രാന്തായ
കെട്ടുപിണഞ്ഞ പകല്‍ നേരങ്ങള്‍.
പിന്നെയും പിന്നെയും തുടര്‍ന്ന്
കൊണ്ടേയിരിക്കും
മണല്‍ ഘടികാര യാത്രകള്‍

2016, ജനുവരി 27, ബുധനാഴ്‌ച

ഒരു മഴ,
നനയാതെ നനയാൻ ,
ഒരു വെയിൽ,
ഓർമ്മകളെ പൊള്ളിക്കാൻ,
ഒരു വരി ,
നിന്നിലെൻ ആഴത്തെയറിയാൻ ,
ഒരു ചുംബനം ,
അധരങ്ങളിലീറനായിന്നും,
ഒരേയൊരു നിമിഷം ,
നിന്‍റെയസ്സാന്നിധ്യത്തെ
മറക്കാൻ ,
ഒരു മൊഴി ...
കാലം വരേയ്ക്കും
വിതുമ്പാൻ.

2015, ഒക്‌ടോബർ 27, ചൊവ്വാഴ്ച

നിന്നെ വരയ്കുമ്പോൾ

ഞാൻ ചായക്കൂട്ടുകൾ തേടുന്നു
നിന്നെ വരയ്ക്കുവാനായ്.
എന്റെ കാൻ വാസിലെ
ഇരുണ്ട വരകളിലോ
ഒതുങ്ങാതെ നീയും.
ചായങ്ങളോ,
തികയാതെ ഞാനും.
ഉദിച്ചുയരുന്ന സൂര്യനിൽനിന്ന്
ഞാൻ കടമെടുക്കട്ടെ.
നിന്റെ തീക്ഷ്ണ നയനങ്ങളിലെ
വെള്ളി നക്ഷത്രങ്ങൾക്കായ്,
ചെന്താമാരയുടെ ചുവപ്പിൽ
തുടുപ്പിക്കുന്നു നിൻ ചെഞ്ചുണ്ടുകൾ.
രാത്രിയുടെ കറുപ്പിൽ
നിറയ്ക്കുന്നു വാർമുടിയും.
എല്ലാ നിറങ്ങളിലും
കൈകൾ ചലിപ്പിച്ചിട്ടും,
തികയുന്നില്ലാല്ലോ നിൻ-
മനസ്സൊന്ന് വരയ്ക്കാൻ.
അവിടെ ഞാൻ
മേഘത്തിൻ വെണ്മ ചേർത്ത്
മാതൃത്വത്തിൻ നന്മ നിറയ്ക്കണോ,
ചുടലയിലെ ചാരത്തിൽ നിന്ന്
കറുത്ത കാമത്തെ നിറയ്ക്കണോ,

അതോ ......
കമിത്രിയായ് ചമഞ്ഞ്
കുരുന്നിനെ മറന്നവളെന്ന്
കുറിക്കണോ ?
പുത്രരാൽ തിരസ്ക്രിതയായ്
പാതിവഴിയിൽ പതിതയായവളെന്ന്
തിരുത്തണോ?.

2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

നീണ്ടകഥ

ഞാൻ ഒരു കഥ
നീണ്ടകഥ
ശരിക്കും
നീണ്ടു നീണ്ട് ഒരു കഥ
വരികളിൽ അതി നിഗൂഡമായ
അതിന്റെ പരിസമാപ്തിയെ
തെല്ലും അനാവരണം ചെയ്യാതെ
ഉടനീളം നിന്നെ ഔത്സുക്യത്തിന്റെ
ഉത്തുംഗത്തിൽ നിർത്തി
ഇനി എന്തെന്ന ചിന്തകളിൽ
ചോദ്യചിഹ്നങ്ങളെ തുളച്ചു തൂക്കി
തുടരും എന്നാ വാക്കുകളിൽ
നിന്റെ ഹൃദയത്തെ
ഞെരിച്ചു കൊല്ലും .

2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

പെണ്‍ചിരികള്‍ / വര്‍ത്തമാനങ്ങള്‍

ഞങ്ങള്‍പൊട്ടിച്ചിരിച്ചേക്കാം,
പരസ്പരം അടിച്ചുകൊണ്ട്-
ഉറക്കെ ഉറക്കെ നിമിഷങ്ങളെ
പങ്കുവെച്ചേക്കാം .
ഞങ്ങളുടെ പങ്കുവെയ്ക്കപ്പെടലുകളിലെ
ചില ചില്ലുകള്‍ തെറിച്ച്
നിങ്ങളുടെ കാതുകളിലേക്കും
വീണേക്കാം.
ദയവ് ചെയ്ത് അസ്വസ്ഥരാകരുതേ.
ഞങ്ങളെ തുറിച്ചു നോക്കരുതേ.
ഞങ്ങളുടെ പൊട്ടിച്ചിരികളെ
നിങ്ങളുടെ കാഴ്ചകളിലേക്കെത്തുമ്പോള്‍,
അവയേ "അഹങ്കാരത്തിന്റെ " മേലാട ചാര്‍ത്തല്ലേ.
വീണ്‌കിട്ടുന്ന കുഞ്ഞു നിമിഷങ്ങളില്‍ ഞങ്ങള്‍ -
ഞങ്ങളുടെത് മാത്രമായ ഒരു ലോകത്തിലായേക്കാം.
കുഞ്ഞു കുഞ്ഞു വിശേഷങ്ങള്‍
വല്യ വല്യ വാചകങ്ങളില്‍
പങ്കുവെയ്ക്കാം.
കാതുകളില്‍ നിന്ന് കാതുകളിലേക്ക്
നുറുങ്ങു സ്വകാര്യ പറവകളെ
പറത്തി വിട്ടേക്കാം .
ഞങ്ങള്‍ ഞങ്ങളെ അഴിച്ചു -
വിടുകയാണാ നിമിഷങ്ങളിലേക്ക്.
നിങ്ങളാല്‍ വരയ്ക്കപ്പെട്ട
അതിര്‍ത്തികളില്‍, വേലിക്കെട്ടുകളില്‍
കുടുങ്ങി കിടക്കുന്ന ആത്മാവുകള്‍
മീനെന്നപോല്‍, ജലോപരിതലത്തിലേക്ക്
എത്തിനോക്കപ്പെടുകയാണാ നിമിഷങ്ങളില്‍.
ചിലപ്പോള്‍ ..
പരോളിലിറങ്ങിയ ഏകാന്ത തടവുകാരന്‍
അവന്റെ ആകാശത്തെ ..
അവന്റെ കാഴ്ചകളെ ..
അവന്റെ സ്വാതന്ത്ര്യത്തെ...
ആസ്വദിക്കുന്നത് പോലെ
എന്നും പറയാം ... വേണമെങ്കില്‍

കുഞ്ഞിനേപ്പോല്‍ തുള്ളിച്ചാടും
മനസ്സിനെ അടക്കിപ്പിടിച്ചിട്ടും
പുറത്തേക്ക് ചാടുന്ന അലകളാണാ
പൊട്ടിച്ചിരികള്‍ / വര്‍ത്തമാനങ്ങള്‍
അവയേ അങ്ങനെ തന്നെ കാണൂ
ഇല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കൂ.

2015, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

പുഴ, മരം, കിളികൾ ...

പുഴ
-----------
ഉള്ളതെല്ലാം ഊറ്റിയേകി
എന്നിട്ടും മേലാകെ
വിഷം കലക്കി
സ്വന്തമെന്നു കൂടെ ചേർത്ത്
സംരക്ഷിക്കുവാൻ
എന്റെ പേര്
വോട്ടേർസ് ലിസ്റ്റിൽ ഇല്ലാലോ ..മരം
-----------
പൂ ഏകി
കായേകി
തണലേകി
പ്രാണനെടുക്കുമ്പോഴും
പ്രാണവായു ഏകുന്നു
ഇരിക്കും കൊമ്പ് തന്നെ
മുറിക്കാലോ
എനിക്ക് ആധാർ കാർഡും
ഇല്ലാലോ.


കിളികൾ
------------------------
കുടിക്കാനില്ല ശുദ്ധ ജലം
ശ്വസിക്കാനില്ല ശുദ്ധ വായു
ഇരിക്കാനില്ല മരച്ചില്ലകൾ
ഇല്ല നല്ലൊരു മഴയോർമ്മ പോലും
എങ്കിലും ഞങ്ങൾ വരില്ല
ജാഥ യായ് , ധർണയായ്
പ്രതിഷേധകുറിപ്പുമായ് .

2015, ഓഗസ്റ്റ് 2, ഞായറാഴ്‌ച

വിളംബരം :Poem "ADVERTISEMENT" : By WISLAWA SZYMBORSKA TRANSLATED : By SUNITHA MADHU


ഞാൻ ഒരു ശമനൗഷധം, മന:ക്ഷോഭശമനൗഷധം.
ഞാൻ വീട്ടിലാണ് ഏറ്റം ഫലപ്രദം.
എന്നാലോ ജോലിസ്ഥലങ്ങളിലും ഉപയോഗപ്രദം.
പ്രതിസന്ധികൾ, പരീക്ഷണങ്ങൾ എനിക്ക് ലളിതം.
ബന്ധങ്ങളെ ഉടഞ്ഞ കപ്പുകളെന്നപോൽ,
സ്നേഹത്തോടെ ഞാൻ നവീകരിക്കുന്നു .
ഇതിനായ് എന്നെയും കൊണ്ടുപോകൂ നിന്റെ കൂടെ .
നിന്റെ നാവിൻ അടിത്തടങ്ങളിൽ അലിഞ്ഞു തീരട്ടെ ഞാൻ.
വെറുമൊരു കോപ്പ വെള്ളത്തിനൊപ്പം പാനം ചെയ്യൂ എന്നെ.
എനിക്കറിയാം ദൌർഭാഗ്യങ്ങളെ എങ്ങിനെ എന്റെ കൈപ്പിടിയിൽ ഒതുക്കണമെന്ന്,
ദുഃഖവാർത്തകളെ എങ്ങിനെ സ്വീകരിക്കണമെന്ന് ,
അനീതിയെ എങ്ങിനെ സംക്ഷേപിക്കണമെന്ന്,
ദൈവീക അസ്സാന്നിധ്യനിമിഷങ്ങളെ എങ്ങിനെ ദീപ്തമാക്കണം എന്ന് ,
അതുമല്ലെങ്കിൽ, നിനക്കുചിതമായൊരു വിധവയുടെ മൂടുപടം -
എങ്ങിനെ തിരഞ്ഞെടുക്കണം എന്ന്.
ഇനി എന്തിനായ് കാത്തിരിക്കുന്നു നീ.
എന്റെ അനുകമ്പയിൽ അതിന്റെ പൊരുളിൽവിശ്വാസമർപ്പിക്കൂ.
നീ ഇപ്പോഴും നിന്റെ യൌവനങ്ങളിൽ തന്നെ.
ഇനിയും വിശ്രമത്തിനുള്ള നേരം അതിക്രമിച്ചിട്ടില്ല .
എല്ലാം ഉള്ളിലൊതുക്കി പുകഞ്ഞുകൊണ്ടേയിരിക്കണമെന്നു
ആരുപറഞ്ഞു ?
നിന്നിലെ ഇരുണ്ട അഗാധഗർത്തങ്ങളിലേക്കണയാൻ എന്നെ അനുവദിക്കൂ..
ഞാനവയെ ഒരുറക്കം കൊണ്ട് ശാന്തമായൊതുക്കാം.
സുരക്ഷിതമായ ഈ നിലനിൽപ്പിൽ നീ എന്നിൽ കൃതാർത്ഥയാകും, ഉറപ്പ് .
നിന്റെ ആത്മാവിനെ നീ എനിക്കുതരൂ.
അവിടെ ഇനി മറ്റൊരു കൊടുക്കൽ വാങ്ങലുകളില്ലാ.
ഇനിയൊരു ചെകുത്താനും അവിടെ അവശേഷിക്കുന്നില്ലാ.

Poem "ADVERTISEMENT" : By WISLAWA SZYMBORSKA
TRANSLATED : By SUNITHA MADHU
***ഒരു ശ്രമം മാത്രമാണ് .. തെറ്റുകൾ ഉണ്ടാകാം... തിരുത്താം