https://lh3.googleusercontent.com/.../w426-h284/15+-+1

2014, ഡിസംബർ 22, തിങ്കളാഴ്‌ച

മടുത്ത് മടുത്ത് അങ്ങനെ...

ഈ മടുപ്പിനെ
മടുത്ത്...മടുത്തങ്ങനെ..
ഞാൻ എന്നിൽ
മരിച്ചു ...മരിച്ചങ്ങനെ..
ഓർമ്മകളെ ഇരുട്ട് കൊണ്ട്
പുതച്ചു ....പുതച്ച്...
നീയോ ഞാനോന്ന്
ഏറ്റു ചൊല്ലി ..ചൊല്ലി...
ആരുമില്ല ആരുമില്ലെന്ന്
ഉള്ളിലറിഞ്ഞ്
പിന്നെ, പൊട്ടിപ്പോകും
പട്ടുനൂലുകളെ ചേർത്ത്
കെട്ടി നോക്കി നോക്കി
അന്തമില്ലാത്ത ഈ പടവുകളെല്ലാം
ഇറങ്ങി ..
              ഇറങ്ങി ...
                           ഇറങ്ങി ...
നാളെയും നേരം -
വെളുക്കുമെന്നുറപ്പിച്ച്
പിന്നെയും ജീവിതം
ഇങ്ങനെ നീണ്ടു ...നീണ്ട്...
എന്നെ ഞാൻ കാണാണ്ടാകും
വരെ .


2014, ഡിസംബർ 2, ചൊവ്വാഴ്ച

ഇരുട്ട് അറിയാൻ - ഇരുട്ടിനെ അറിയാൻ


ഇരുട്ടിന്റെ വിരി വിരിച്ചാണ്
ഞനെന്റെ മനസ്സിന്റെ
അടഞ്ഞ വാതിലുകൾ
മറയ്ക്കാറ്‌.. എന്നും
മേൽകൂരയിലെ
മഴവെള്ളം ചോരുന്ന
ഓട്ടകളും ഇരുട്ടുകൊണ്ടാണ്
അടയ്ക്കാറ്‌.

ചൂണ്ടു വിരലിന്റെ
ആക്രോശങ്ങളെയും
ചെവികീറുന്ന
അട്ടഹാസങ്ങളെയും
പുറത്തെ വെളിച്ചത്തിൽ
ഉപേക്ഷിച്ചു -
ഇവിടെയീ ഇരുട്ടിൽ
ചുരുണ്ടുകൂടിയാണ്
സ്വസ്ഥം ഞാനെൻ അമ്മയെ
ഓർക്കുന്നത് പലപ്പോഴും.

ഈ ഇരുട്ടാണ്  പലപ്പോഴും
നിന്റെ  മുഖം മൂടികളെ 
പറിച്ചെറിയാറ്‌,
നീ പോലുമറിയാതെ .

കണ്ണാടിയിൽ തെളിയുന്ന
കണ്‍തടത്തിലെ ഈ കറുപ്പ്
കറുപ്പല്ല ,ഇരുട്ടെന്ന്
എനിക്കല്ലേ അറിയൂ
കവിളിലേക്കൊഴുകിയ
കണ്ണുനീർ ചാലുകൾ
ഞാൻ ഇറങ്ങിയ ഇരുട്ടിന്റെ
എന്നിലേക്കു തെളിഞ്ഞ  വഴികളും 

അവിടവിടെ തെളിയുന്ന
എന്റെ വെള്ളി നരകളും
ഇരുട്ടിലേക്കിറങ്ങുമ്പോൾ
ആരും കാണില്ല
ഇരുട്ടിന്റെ കറുത്ത  മഷികളാൽ
അവയും ഞാൻ ചായം പൂശുന്നു

എന്നിട്ടും ഒരു കറുത്ത വാക്കുപോലും
എന്നോട് പറയാതെ
എന്നെ എന്നും ചേർത്തു -
പിടിക്കുന്നീ  ഇരുട്ട്.
എനിക്കുപോലും കാണാത്ത-
വണ്ണമെന്റെ ദുഃഖങ്ങളെ
മറയ്ക്കുന്ന ഈ ഇരുട്ടിനെ
എന്റെയത്ര വേറെയാർക്കറിയാൻ  .









വിലക്കുകൾ

നീ കരയരുത്
നിന്റെ കണ്ണിലൊടുങ്ങാത്ത
ഒരു കടലുണ്ട്,
നിന്നിൽ നിന്നും പുറപ്പെട്ട്
എന്നേയും ഈ ലോകത്തേയും
മുക്കികളയാനുള്ളത്ര. 
നിന്റെ സ്വപ്നങ്ങളെയും 
ഇങ്ങനെ അഴിച്ചു വിടരുത്
അവയിൽ നിന്റെ ദുഃഖത്തിന്റെ
കൊടുംങ്കാറ്റിനലകൾ 
ഒതുക്കി വെച്ചിരിക്കുന്നു
തരംകിട്ടിയാൽ
കെട്ടുപൊട്ടിച്ച് ആർത്തലയ്ക്കാൻ .
നിന്റെ ചിരികൾ
ജനിയ്ക്കുംമ്പോഴേ
ചുണ്ടിൽ മരിക്കുവാനുള്ളത്
വിരിയും മുന്നേ കൊഴിയും
പൂക്കളെപ്പോലെ.
മരിച്ചു വീഴുന്ന നിന്റെ
ചിരികൾക്കും, പൂട്ടിയിട്ട
നിന്റെ സ്വപ്നങ്ങൾക്കും കൂടി
ഞാൻ ഒരു വിലയിടുന്നു
നിന്റെ വില , നിന്റെ
ജീവിതത്തിന്റെ വില .