https://lh3.googleusercontent.com/.../w426-h284/15+-+1

2013, ഡിസംബർ 29, ഞായറാഴ്‌ച

പോകണം ദൂരേക്ക്‌ ,

പോകണം ദൂരേക്ക്‌ , ഞാനറിയാത്ത എന്നെ അറിയാത്ത ദൂരത്തേക്കു ....
കണ്ണടച്ചാൽ മനസ്സിൻ വെളിച്ചം നിറയുന്ന ഇടത്തിലേക്ക്
ഹൃത്തിൻ തേങ്ങലുകൾ കണ്ണുനീരായ് ഒഴുകിമാറുന്നിടത്തിലേക്ക്

എന്റെ പ്രണയം

അക്ഷരങ്ങൾ  തൊണ്ടയിൽ കുടുങ്ങിയ മീന്മുള്ള് പോലെ
അങ്ങോടുമില്ല ഇങ്ങോടുമില്ല .....
സ്വപ്‌നങ്ങൾ ഉള്ളിൽ കിടന്നൊരു
കരച്ചിൽ -  പുറത്തേക്കുള്ള
വഴിയറിയില്ലത്രേ
യാഥാർത്ഥ്യം മുൻപില്
വന്നു പകച്ചു നില്കാൻ
തുടങ്ങീട്ടു കുറച്ചു നേരമായ്
എനിക്കുമറിയില്ല
അവനുമറിയില്ല .
ചിന്തകളെ

കുറച്ചധികം നിരത്തി -
വെച്ചു നോക്കി .
പിന്നെ അതിൻ വരികളിൽ
ഒളിപ്പിച്ചു നിന്നെ
മനസ്സിൽ  നിന്നും മറച്ചു -
വെക്കുവാനും നോക്കി
എന്നിട്ടും ഉള്ളിലെ
കരച്ചിലിന്നൊരു കുറവുമില്ല
പ്രണയത്തിനു  ഇത്രേം
നൊമ്പരമെന്നു
ഇപ്പോഴാ  അറിയുന്നെ  
എന്തെങ്കിലും ഒന്ന് ചെയ്യണം
അതെ , അല്ലാതെ
എന്റെ ഉള്ളിലെ ഈ
ബുദ്ധിമുട്ട് ഞാൻ ആരോടു പറയാനാ2013, ഡിസംബർ 26, വ്യാഴാഴ്‌ച

ഒരു ക്രിസ്തുമസ് രാവിനു ശേഷം

വിട്ടുപോകുവാൻ മടിക്കുന്ന
ഈ ശൈത്യം എന്റെ കാമുകനെ പോലെ
അവന്റെ കൈകളുടെ കുസൃതി
എന്നെ ഗാഡം  പുണർന്നു
കൊണ്ടിരിക്കുന്നു .
ഉറക്കം മയങ്ങിയ എന്റെ
കണ്ണുകൾ പുലരിയിലേക്കു
തുറക്കുവാൻ മടിക്കുന്നു
ജനാല ചില്ലുകളിൽ
മുട്ടിവിളിക്കുന്ന
മഞ്ഞുതുള്ളികളാവട്ടെ
പുതപ്പിനുള്ളിലെക്കെന്നെ
വീണ്ടും തള്ളിവിടുന്നു
കോടക്കാറ്റിൻ കൈകളോ
ഇലകൊഴിഞ്ഞ മരങ്ങൾ
നഗ്നരാണെന്നോർമിപ്പിക്കുന്നു
ഈ ഡിസംബറിൽ
ഇതെന്റെ സുന്ദര പ്രഭാതം
ഒരു ക്രിസ്തുമസ് രാവ് ബാക്കിവെച്ച
എന്റെ പുലർക്കാലം
ഞാൻ വീണ്ടും വീണ്ടും
ചുരുണ്ടുകൂടുവാൻ കൊതിക്കുന്ന
എന്റെ തണുത്ത പുലർക്കാലം . 


2013, ഡിസംബർ 20, വെള്ളിയാഴ്‌ച

ഊർമിളാ നീ എവിടെയാണ് ..

ഊർമിളാ നീ എവിടെയാണ്  ..?
നിന്റെ കാന്തൻ ലക്ഷ്മണൻ
പോകുവാൻ ഒരുങ്ങുന്നതു
കാണുന്നില്ലേ ?
ഈ വിരഹം
പതിന്നാലു സംവത്സരമെന്നു
അറിയുന്നില്ലേ ?
ഇതാ ജാനകിയും
ഒരുങ്ങി രാമനേ അനുഗമിക്കുവാൻ .

വിടപറയിലിന്റെ
അവസാന തുള്ളി കണ്ണുനീരും
പൊഴിഞ്ഞു കഴിഞ്ഞു .
വൃദ്ധരായ ഞങ്ങളെ ഓർത്തു
വിരഹിച്ചു തീർക്കുവാനോ 
നിന്റെ  ജീവിതം .
എവിടെയും നിഴലിന്റെ നിഴലായ്
ഒതുങ്ങുവാനൊ നിന്റെ യോഗം
കാലത്തിന്റെ സുവർണ
ലിപികളിൽ-
അയോദ്ധ്യാ രാമനെയും
സീതയേയും പിന്നെ
ലക്ഷ്മണനെയും
വാഴ്ത്തുമ്പോൾ
കുഞ്ഞേ , കഷ്ടം
എവിടെയാണ് നിന്റെ
സ്ഥാനം ....
മറവിയുടെ ഇരുട്ടിൽ
ഒളിച്ചിരിക്കാനോ
നിന്റെ നിയോഗം
അന്തപുരത്തിന്റെ
ഇടനാഴികളിൽ മുഴങ്ങുന്ന
ദീർഘ  നിശ്വാസങ്ങളിൽ
പോലും നീയില്ലല്ലോ
ദേവി , ഊർമിള  നീയെവിടെയാണ്  ..
പുറത്തേക്കു വരൂ
വിളിച്ചു പറയൂ
ഈ ലോകത്തോട്‌
നിന്റെ സഹനത്തിന്റെ
കഥ ..പിന്നെയീ
വിരഹത്തിന്റെ വേദന
അവഗണനയിലും
നിർവൃതി തേടിയ
നിന്റെ ഈ ജീവിതത്തിന്റെ
കഥ ..
ഊർമിളാ നീ എവിടെയാണ് ..


2013, നവംബർ 10, ഞായറാഴ്‌ച

ചില മുറിവുകൾ അങ്ങനെയാണു്

ചില മുറിവുകൾ അങ്ങനെയാണു്
അവയുടെ കൈപ്പിടിയിൽ നിന്നും -
നമ്മെ വേർപെടുത്താതെ
കൊണ്ടു നടക്കും .
ഉണങ്ങിയെന്നാശ്വസിക്കുന്ന
നിമിഷങ്ങളിൽ തന്നെ  
ഒരു കുഞ്ഞു വേദനയെയോ -
ഒരു ചെറു നിണ പൊടിപ്പിനെയോ -
സമ്മാനിക്കും .
ചില മുറിവുകൾ അങ്ങനെയാണു്...
എത്രയേറെ കാലങ്ങൾ
പിന്നിട്ടാലും അവയുടെ -
നിഴൽപ്പാടുകളാൽ
നമ്മെ ഓർമ്മപ്പെടുത്തികൊണ്ടേയിരിക്കും
ഒരു ചെറു നൊമ്പരമായ് -
വന്നു മനസ്സിനെയാകെ
പിടിച്ചുലച്ചെന്നിരിക്കും .
ചിലപ്പോൾ എല്ലാം മറന്നു
മരവിച്ചൊരു കള്ളനെപോൽ
ഉള്ളിൽ ഒളിച്ചു കിടക്കും .
പലപ്പോളും അവന്റെ
ആയുധങ്ങൾ പലതാകും .
ചിലനേരങ്ങളിൽ
സ്നേഹത്തിനെ ഒരു വജ്രായുധമാക്കും
ചിലപ്പോൾ സൗഹൃദത്തിനെ
ബ്രഹ്മാസ്ത്രമാക്കും .
അതും  അല്ലെങ്കിൽ
ബന്ധങ്ങളെ അവൻ
പരിചയാക്കി മാറ്റും .
ചില മുറിവുകൾ അങ്ങനെയാണു്...
പല മുഖങ്ങൾ ഉള്ളവ ..
നമുക്ക് തിരിച്ചറിയാൻ
സാധിക്കാത്തവ
ചിലപ്പോൾ ചിരിച്ചുകൊണ്ടു -
കൂടെനടന്നു
നമ്മിലേക്കാഴ്ന്നിറങ്ങും 
മറ്റു ചിലപ്പോൾ
പതിയിരുന്നു  ചാടിവീണേക്കാം
ചില മുറിവുകൾ അങ്ങനെയാണു്...
ഉള്ളിലൊരു കനലായ് -
മാറി സ്വയം നീറി നീറി -
നമ്മെയും നീറ്റുന്നവ
വേണമെന്നു വെച്ചു നാം
നെഞ്ചോടു ചേർക്കുന്നവ ...

   


  
 

2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

എനിക്കുറങ്ങണം

എനിക്കുറങ്ങണം
സ്വസ്ഥമായ്  ഉറങ്ങണം
ക്ഷോഭിച്ച കടൽ പോലെയെൻ
ഹൃദയവും ,
ഉറവകൾ വറ്റാത്ത എൻ
കണ്ണുകളും ചതുപ്പിൽ നിന്നുയരുന്ന -
കുമിളകൾ പോലെ എൻ
ഗദ്ഗധങ്ങളും ,മറന്നു
എനിക്കുറങ്ങണം
ശാന്തമായ് - ഉറക്കത്തിൽ
മതിവരുവോള മെനിക്ക് -
സന്തോഷിക്കണം ,
ഒരപ്പൂപ്പാൻ താടിപോലെ
സ്വച്ചമായ് ഒഴുകി പറക്കണം
നിഷ്കളങ്കമാം ബാല്യതിലെന്നപൊൽ
വെറുതെ പൊട്ടിച്ചിരിക്കണം
നിർത്താതോടുന്ന തീവണ്ടിയെ
കൂവിതോല്പിക്കണം
വെള്ളാരങ്കല്ലുകൾ കൂട്ടി
കൊത്തങ്കല്ലാടണം  
വളപ്പൊട്ടുകളും -
മയിൽപ്പീലിയും കൊണ്ടൊരു
സാമ്രാജ്യം തീർക്കണം
പറമ്പിലെ മരങ്ങൾ -
പെയ്യുന്ന മഴയിൽ നനയണം ,
അമ്മയുടെ സ്നേഹകരുതലിൻ
രാസ്നാദി തിരുമ്മണം
ഞാവൽ പഴത്തിൻ
കറപിടിച്ച നാവുനീട്ടി
മുഖകണ്ണാടിയെ  പേടിപ്പിക്കണം
ഇനിയുമുണ്ടേറെ -ഒരു
ഉറക്കത്തിനു മതിയകാത്തത്ര
എനിക്കുറങ്ങണം
വേഗമുറങ്ങണം
എന്നിട്ടെന്റെ
സ്വപ്നങ്ങളിലൂടെനിക്കു 
സഞ്ചരിക്കണം 

2013, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

കവിത മരം

കവിത മരം

കൊതിച്ചു  കൊതിച്ചിരുന്നു 
ഞാനും നട്ടെന്റെ
വീടിന് മുറ്റത്തൊരു
കവിതമരം
ഇന്ന് വരും കവിത .........
നാളെ വരും കവിത ...
കാത്തു കാത്തങ്ങിരുപ്പായ്
ഇലയായ് ...പൂവായ്
കായായ് .....പിന്നെ ....
പിന്നെ അതു  "ജ്ഞാന "പഴമായ്  ...............

2013, മാർച്ച് 5, ചൊവ്വാഴ്ച

മരണ പത്രം

ഇന്നെന്തോ ഞാന്‍ തീരുമാനിക്കുന്നു 
ഇതാണു നല്ലദിവസം 
ഈ ഭുമിയില്‍ നിന്നും യാത്ര പറയുവാന്‍ 
ശുഭ ദിവസം 
അറിയാതെ അറിയാതെ 
മരണത്തിന്റെ കരുത്തുറ്റ കൈകളിലേക്ക് 
ഒരു പ്രണയിനിയെ പോലെ 
ചേര്‍ന്നു അലിയാന്‍ 
അവന്റെ കറുത്ത ചുണ്ടുകളാല്‍ 
ചുംബനം ഏറ്റുവാങ്ങാന്‍ 
മാസ്മരികമായ ആ നിര്‍വൃതിയില്‍ 
സ്വയം മറക്കാന്‍ 
ഇതാണാ ദിവസം 
ശുഭ ദിവസം 
ഇന്ന്  കറുത്ത വാവോ  വെളുത്ത വാവോ ?
അറിയില്ല  .. എങ്കിലും ഇന്നാണ ദിവസം 
ആ ശുഭ ദിവസം 
എന്റെ ബന്ധങ്ങളെയും 
ബന്ധനങ്ങളെയും 
ഞാന്‍  പൊട്ടിച്ചെറിയാന്‍ 
തീരുമാനിച്ച ദിവസം 
നാളത്തെ സൂര്യന്‍ എനിയ്ക്ക് വേണ്ടി 
ഉദിക്കില്ല .. നാളത്തെ ചന്ദ്രനും 
ഇന്നു കഴിഞ്ഞാല്‍ എനിക്കന്യം 
ഇന്നുവരെ എന്റെതെല്ലാം 
നാളെ  നിന്റെ ആകാം 
ഇതാണാ ദിവസം 
എന്റെ എന്റെ എന്നാ ശബ്ദത്തിനു 
എനിക്ക് അര്‍ത്ഥമില്ലതാകുന്ന 
ശുഭ ദിവസം 
അരുടെയെക്കയോ 
ഹൃദയത്തില്‍ ചെറു പോറലുകള്‍ 
ഏല്പിച്ചും ഞാന്‍ ഇന്നു പോകാന്‍ തീരുമാനിക്കുന്നു 
ഇന്നലെകള്‍ എന്നില്‍ എന്തായിരുന്നു 
അറിയില്ല നാളെകളില്‍ എന്റെ ഓര്‍മ്മകള്‍ 
എന്തായിരിക്കാം അതും അറിയില്ല 
എങ്കിലും എന്റെ പ്രണാമം എല്ലാവര്ക്കും 
എന്റെ അവസാന പ്രണാമം ...............