https://lh3.googleusercontent.com/.../w426-h284/15+-+1

2014, നവംബർ 30, ഞായറാഴ്‌ച

എന്റെ തിരച്ചിൽ

ഞാൻ ആരെന്നു
ഞാൻ സ്വയം
ചോദിച്ചുകൊണ്ടേ ഇരിക്കുന്നു
പിന്നിട്ട വഴിത്താരകൾ
ഒന്നും പറയുന്നതെ  ഇല്ല
എന്നെ അറിയുമെന്ന്
കടന്നു പോയ
മുഖ ങ്ങളിൽ ഒന്നും
കാണുന്നതേയില്ല
ഒരു പുഞ്ചിരി പോലും
ഞാനൊരു ശൂന്യമായ
ആരോ പറിച്ചെറിഞ്ഞ
കടലാസ് കഷ്ണം പോലെ
എങ്കിലും തിരയുന്നുണ്ട്
ഇന്നും ഞാൻ
എന്നെ മാത്രം തിരിച്ചറിയുന്ന
കണ്ണുകളെ
എനിക്കായ് പുഞ്ചിരി
സൂക്ഷിക്കുന്ന
മുഖങ്ങളെ
എന്നെ അറിയുമെന്നു
സാക്ഷ്യം പറയുന്ന
കുറച്ചു മനുഷ്യരെ .

2014, നവംബർ 20, വ്യാഴാഴ്‌ച

കനൽ ചിന്തുകൾ .

മൌനങ്ങൾ വളർന്ന് എന്നെ
വിഴുങ്ങുവാനായുമ്പോൾ
നീയെന്ന ശൂന്യത
ഇത്ര വലുതെന്ന്
ഞാനറിയുന്നു .
അതെന്നിലൊരു പ്രളയം
പോലിരച്ചു കയറിയെന്നെ
കീഴ്പെടുത്തുന്നു .
പിന്നെ... ഓരോ നാഴികമണി മിടിപ്പും
രേഖപ്പെടുത്തുന്നു എന്റെ മരണം .
നിന്നെ കാണാതെ ,
കേൾക്കാതെയസാധ്യമാകും
ദിനരാത്രങ്ങളിൽ
പൊള്ളിക്കുമൊരു
കനൽചിന്തായ്
ഒറ്റപ്പെടൽ ചിന്തയായ്
നീ .
കവിതകളുടെ
വീഞ്ഞിൽ മുങ്ങി
മറക്കുവാൻ ശ്രമിക്കേ
തികട്ടുന്നോർമ്മകൾ
വീണ്ടും .
ഒരു നിശ്വാസത്തിൽ
മറ്റൊരു മിഴിനീർ തുള്ളിയിൽ
മറയ്ക്കുന്നെൻ മനസ്സിനെ
എന്നിൽ നിന്നും.
ഏതോ നിശബ്ദതയിൽ
നിന്നും ഉയിർക്കുമൊരു
മണിനാദത്തിൻ പിന്നാലെ
വെളിപ്പെടാം നിന്റെ
സ്നേഹത്തിന്റെ സുവിശേഷം
അവിടെ ഞാൻ വീണ്ടും
മൊഴിയറ്റവളാകുന്നു.
2014, നവംബർ 7, വെള്ളിയാഴ്‌ച

ഉൾക്കാഴ്ച്ചഓടി ഒളിയ്ക്കുവാനൊരു
കാടിനിയില്ലത്രേ .
കാലമേ അറിക -
ഇന്നിവിടെ ഞാനൊറ്റ .
ചെമ്പട്ടുടുത്തർക്കൻ 
കടലിൽമുങ്ങി 
മരിക്കുമ്പോളൊക്കെ
ഞാനും കറുത്തിരുണ്ടയെൻ 
നഷ്ടസ്വപ്നങ്ങളിൽ
മുങ്ങിത്താഴ്ന്നിരുന്നു. 
നാളെയുടെ ഭാഗ്യം
കൈവെള്ളയിലെ
വരകളിൽ പിടയുന്നത് കണ്ടിരുന്നു
എന്നാൽ ,
എന്നിലെ ജനനമരണ -
ചക്രത്തിന്റെ ഗതി
വേഗങ്ങളെണ്ണി
പൂർണ്ണതയെന്നതൊരു
ഉൾക്കാഴ്ച്ച മാത്രമെന്ന
ബോധത്തിന്റെ
നൂൽപ്പാലവും കടന്നു
ഇവിടെയീ ബോധിമരച്ചുവട്ടിൽ
ഞാനിന്നേകനാണ് 
ആത്മ ബോധത്തിന്റെ
കുണ്ഡലീനിയെ ഉണർത്തി
നീ എന്ന ശക്തിയിലേക്ക് 
ഒടുങ്ങാൻ

2014, നവംബർ 3, തിങ്കളാഴ്‌ച

നിധി പെട്ടി

ഒറ്റപ്പെടലിന്റെ
പാരമ്യത്തിൽ,
നിശബ്ദതയുടെ
കനത്ത ആലിന്ഗനത്തിൽ
നിന്ന് രക്ഷപെടാൻ,
ഞാൻ വീടാകെ
പരതാൻ തുടങ്ങും
എനിക്കായ് മാത്രം
എവിടെയോ
സൂക്ഷിക്കപ്പെട്ടിരിക്കുന്ന
ഒരു നിധി പെട്ടിക്കായ്‌.
എന്റെതായ നൊമ്പരങ്ങളെയും-
സ്വപ്നങ്ങളെയും
കാത്തുവെച്ചിരിക്കുന്ന
ഒരു നിധിപ്പെട്ടിയ്ക്കായ്‌.
പഴകി ദ്രവിച്ച
ഒരു പട്ടുചേല കഷ്ണം
പോലെ പഴമ മണക്കുന്ന
അമ്മ ഓർമ്മകളെയും
തിളക്കമറ്റ-
ഒരു ഒറ്റ കാൽത്തളപോലെ-
ഒട്ടേറെ കഥകൾ
പറയാതെ പറയുന്ന
എന്റെ ബാല്യത്തെയും
എല്ലാം അടക്കി സൂക്ഷിച്ച്
ശ്വാസം മുട്ടുന്ന ഒരു
നിധി പെട്ടിയെ .
ആവർത്തിക്കപെട്ടേക്കാവുന്ന
ഈ നിമിഷങ്ങളിൽ
നെഞ്ചോടു ചേർത്ത്
പിടിച്ചാശ്വസിക്കാൻ
കൈമാറി പോണം എനിക്ക്
ഇതെന്റെ മകൾക്കായ്‌ .