https://lh3.googleusercontent.com/.../w426-h284/15+-+1

2014, നവംബർ 20, വ്യാഴാഴ്‌ച

കനൽ ചിന്തുകൾ .

മൌനങ്ങൾ വളർന്ന് എന്നെ
വിഴുങ്ങുവാനായുമ്പോൾ
നീയെന്ന ശൂന്യത
ഇത്ര വലുതെന്ന്
ഞാനറിയുന്നു .
അതെന്നിലൊരു പ്രളയം
പോലിരച്ചു കയറിയെന്നെ
കീഴ്പെടുത്തുന്നു .
പിന്നെ... ഓരോ നാഴികമണി മിടിപ്പും
രേഖപ്പെടുത്തുന്നു എന്റെ മരണം .
നിന്നെ കാണാതെ ,
കേൾക്കാതെയസാധ്യമാകും
ദിനരാത്രങ്ങളിൽ
പൊള്ളിക്കുമൊരു
കനൽചിന്തായ്
ഒറ്റപ്പെടൽ ചിന്തയായ്
നീ .
കവിതകളുടെ
വീഞ്ഞിൽ മുങ്ങി
മറക്കുവാൻ ശ്രമിക്കേ
തികട്ടുന്നോർമ്മകൾ
വീണ്ടും .
ഒരു നിശ്വാസത്തിൽ
മറ്റൊരു മിഴിനീർ തുള്ളിയിൽ
മറയ്ക്കുന്നെൻ മനസ്സിനെ
എന്നിൽ നിന്നും.
ഏതോ നിശബ്ദതയിൽ
നിന്നും ഉയിർക്കുമൊരു
മണിനാദത്തിൻ പിന്നാലെ
വെളിപ്പെടാം നിന്റെ
സ്നേഹത്തിന്റെ സുവിശേഷം
അവിടെ ഞാൻ വീണ്ടും
മൊഴിയറ്റവളാകുന്നു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ