https://lh3.googleusercontent.com/.../w426-h284/15+-+1

2014, ഏപ്രിൽ 27, ഞായറാഴ്‌ച

തിരിച്ചുപോക്ക് (ഒരു തിരിച്ചറിവിന്റെ പൊരുത്തപ്പെടൽ )

എന്നിൽ നിന്നും നിന്നിലേക്കോ
നിന്നിൽ നിന്നും എന്നിലേക്കോ
ദൂരക്കൂടുതൽ .
തീർച്ചയായും നിന്നിൽ നിന്നും
എന്നിലേക്ക്‌ തന്നെ
അതു കൊണ്ടല്ലേ എന്നും എന്റെ ചിന്തകൾ
നിന്നെ അന്വേഷിച്ചെത്തുന്നതും ,പിന്നെ
നിരാശരായ് മടങ്ങി
കണ്ണുനീരിൽ നിന്ന് ഉപ്പു പാടങ്ങൾ
ഉണ്ടാക്കാം എന്ന് കണ്ടുപിടിക്കുന്നതും
കണ്ടോ കണ്ടോ ..നീ ഇപ്പൊ
എന്നോട് തർക്കിക്കാൻ തുടങ്ങും
നിന്റെ ചിന്തകളുടെ വ്യാപ്തിയും
നിന്റെ സ്നേഹത്തിന്റെ ആഴവും
ഒക്കെ കൈവിടർത്തി കാണിച്ചു കൊണ്ട്
അപ്പോൾ ഞാനോ ?.....ഞാൻ
നിനക്കായ്‌ എഴുതി നിർത്തിയ വരികളേയും
കൂട്ടിവെച്ച മഞ്ചാടി മണികളേയും
നെടുവീർപ്പുകളുടെ ചൂടിൽ
വരണ്ടുപോയ ഈ പനിനീർ പൂവിതളുകളേയും
മേശ വലിപ്പിനുള്ളിലേക്കൊതുക്കി വെക്കും ,
ആരും (നീ ) കാണാതെ .
പിന്നെ, ഞാൻ പറഞ്ഞു തുടങ്ങുന്ന
പെയ്തു തോർന്നു പോയ ഒരു മഴയെ -
കുറിച്ചു പൂർത്തിയാക്കാൻ
അനുവദിക്കാതെ ,നീ -
ഇന്നത്തെ മാറിയ
രാഷ്ട്രീയ ഭാവിയെ കുറിച്ച്
ആശങ്കപ്പെടും.
മച്ചിൽ കുടുങ്ങിയ കുറിഞ്ഞിയുടെ
കുഞ്ഞുങ്ങൾ എന്ന എന്റെ ചോദ്യത്തിനു
ചായക്ക് മധുരം കുറഞ്ഞുവെന്നു
നീ മറുപടി പറയും .
ഇനിയെന്ത് പറയണമെന്നറിയാതെ
എന്റെ മിഴികൾ തൊടിയിൽ  പൂത്ത
ഇലഞ്ഞിയിൽ ചെന്ന് തൊട്ട് തിരിച്ചു വരും.
നിന്റെ വിരലുകൾ റ്റി വി യിലെ
ന്യൂസ്‌ ചാനലുകൾ മാറ്റുന്ന തിരക്കിലും.
അവസാനം ..
സാരിത്തുമ്പ് കൈവിരലിൽ 
തെരുതെരെ ചുറ്റി
എന്റെ ഒരു തിരിച്ചു പോക്കുണ്ട്
അടുക്കളയിലേക്കു.

അവിടെ എന്റെ പരിഭവങ്ങൾ
ഓവ് ചാലിലൂടെ പാത്രങ്ങൾ -
കഴുകിയ വെള്ളത്തിനൊപ്പം
തമ്മിൽ തഴുകി ഒഴുകിതീരും.

എന്റെ -
കൊച്ചു കൊച്ചു വർത്തമാനങ്ങൾ
അടുപ്പിൽ കഞ്ഞിക്കൊപ്പം വെട്ടിതിളക്കും.

എന്റെ -
പറഞ്ഞു തീരാ മോഹങ്ങൾ
അരിഞ്ഞു വെച്ച പച്ചക്കറികൾ കൊപ്പം
സാമ്പാറിന് രുചിപകരും .
*****************************************

2014, ഏപ്രിൽ 25, വെള്ളിയാഴ്‌ച

മീര

എന്റെ ധ്യാനങ്ങളുടെ രാജകുമാരൻ
പകൽ സ്വപ്നങ്ങളിൽ പോലും
എന്നിലേക്കെത്തുന്നവൻ
പുൽമെത്തകളുടെ താഴ്വാരങ്ങളെ
മുളങ്കുഴൽ നാദത്താൽ ഉണർത്തുന്നവൻ
നീല വർണ്ണ കരാന്ഗുലികളാൽ  
എന്നെ സങ്കല്പ്പ യമുനയിൽ
നീരാട്ടുന്നവൻ .
എന്നിലെ ദുഃഖങ്ങളെ
പെയ്തിറക്കാൻ വേണ്ടി മാത്രം
എന്റെ വീണ കമ്പികളിലൂടെ
ഒഴുകി വരുന്നവൻ
പിൻകഴുത്തിൽ നിശ്വാസമായ്‌
എന്നെ കോരിത്തരിപ്പിക്കുന്നവൻ
ഉടലിൻ ചന്ദനഗന്ധമെൻ
ശ്വാസങ്ങളിൽ പകരുന്നവൻ
സത്യവും മിഥ്യയും അതിന്റെ
അന്തരങ്ങളും  മറച്ചെന്നെ -
ഭ്രമിപ്പിക്കുന്നവൻ
എന്റെ കണ്ണൻ
ഈ മീരയുടെ -
മോഹന കൃഷ്ണൻ .

2014, ഏപ്രിൽ 21, തിങ്കളാഴ്‌ച

പ്രണയത്തിൻ പവിഴമല്ലി

പോകുവനേറെയെൻ മനം കൊതിപ്പതെന്നാലും
പറയുവാനാകുന്നില്ല നിന്നൊടെൻ യാത്രാമൊഴികൾ
തിരിഞ്ഞു നോക്കി തടഞ്ഞു പോകും പാദങ്ങളും
തിരിച്ചെടുക്കാൻ ശ്രെമിച്ചു വിഫലമാം ഹൃദയവും
ഒഴിഞ്ഞു തീരാ കണ്ണീരും ഈ ഗദ്ഗദങ്ങളും
പൊഴിഞ്ഞു വീണയീ പ്രണയത്തിൻ പവിഴമല്ലി പൂക്കളും

2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

അയാൾ

അയാൾ* ആ പാലത്തിന്റെ
ചെരുവില്‍ ഇരുന്നു
ചൂണ്ടയിടുകയാണ്-
വളരെ ശ്രദ്ധയോടെ.
അയാൾ മറ്റൊന്നും
തന്നെ കാണുന്നുമില്ലാ-
തന്റെ ചൂണ്ട കൊളുത്തല്ലാതെ.
സന്ധ്യ ഒഴുകി പോകുന്നതോ
ഇരുട്ട് വരുന്നതോ-
അറിയുന്നില്ല.
അനങ്ങുന്ന ചൂണ്ട കൊളുത്താണ്
കണ്ണിൽ.
അങ്ങേ കരയിൽ
നഗരത്തിനെ ഹർത്താലിന്റെ
ഇരുട്ടു മൂടിയതും,
നിമിഷങ്ങൾകുള്ളിൽ  
വിജനത വരിച്ചതും
അറിയുന്നില്ല.
ഒരു കടാരമുനയിൽ
പിടഞ്ഞൊടുങ്ങിയ  ആ -
ബൈക്ക് കാരനേയും
അയാൾ കണ്ടിട്ടില്ല.
ആ സമയം കിട്ടാൻ പോകുന്ന
മുഴുത്ത  മീനിന്റെ
സ്വപ്നങ്ങളിൽ ആയിരുന്നു അയാൾ.
അനേകം പന്തങ്ങളുടെ
വെളിച്ചത്തിൽ നിന്നും
പിടഞ്ഞോടുന്ന നിസഹയതയെയും
അയാൾ ശ്രെദ്ദിച്ചില്ല.
അപ്പോൾ അയാൾ
കൊണ്ട് ചെല്ലുന്ന മീനിനെ
മുളക് പുരട്ടുന്ന മകളെയും-
അവളുടെ ചിരിയെയും
മനക്കണ്ണിൽ കണ്ടു
പുഞ്ചിരിക്കുകയായിരുന്നു .
പാലത്തിന്റെ കൈവരികളിൽ
നിന്നൊരു കരച്ചിൽ
പുഴയിലേക്ക് വീഴുന്നതോ,
അനാഥമായ ഒരു ചെരുപ്പ്
തന്റെ ഇണചെരുപ്പിനെ
തേടുന്നതോ അയാൾ
അറിയുന്നില്ല.
അപ്പോളും അയാൾ
ചൂണ്ടയിടുകയാണ് .
കഴിഞ്ഞ മാസം താൻ
വാങ്ങികൊടുത്ത
ചെരുപ്പാണ്
ഒഴുക്കിൽ തന്റെ ചൂണ്ടയിൽ
തട്ടുന്നതെന്നും അയാൾ
കണ്ടില്ല.
അപ്പോളും അയാൾ
ചൂണ്ടയിടുകയായിരുന്നു.
ഓളങ്ങളിലെ  അനക്കങ്ങളിലേക്ക്
കണ്ണ് കൂർപ്പിച്ചു
ചുറ്റും നടക്കുന്നതൊന്നും കാണാൻ
കൂട്ടാക്കാതെ .
-----------------------------------------------
* ഈ " അയാൾ " ഞാനാകാം , നീയാകാം , ചിലപ്പോൾ ഈ സമൂഹവുമാകാം .


2014, ഏപ്രിൽ 4, വെള്ളിയാഴ്‌ച

കാലൻ കുട

ഞാൻ ഒത്തിരി നോക്കീർന്നു കണ്ടില്ല
എന്നോട് വഴക്കിട്ടിട്ടാകും ന്നാ കരുതിയെ
എപ്പോഴും പോലെ -
എവിടേലും ഒളിച്ചിരിപ്പുണ്ടാകുംന്നും -
ഇന്ന് ഞാൻ മിണ്ടാൻ വരുന്നില്ലാന്നും
ഉറപ്പിച്ചു .
പിന്നേം കാണാതായപ്പോ
മനസ്സ് പിടക്കാൻ തുടങ്ങി
എന്നാലും ഇത്രേം നേരം കാണാതിരിക്കുമോ
ന്നാ അന്വേഷിച്ചൊന്നു പോകാൻ
ഇറമ്പത്തുന്നു ന്റെ കാലൻകുടയ്ക്
കൈയെത്തിയപ്പോളല്ലേ
മനസിലായെ , ന്റെ കുടേ
കാണാതായത് നിന്നെ ആണെന്ന് ...