https://lh3.googleusercontent.com/.../w426-h284/15+-+1

2014, ഡിസംബർ 2, ചൊവ്വാഴ്ച

ഇരുട്ട് അറിയാൻ - ഇരുട്ടിനെ അറിയാൻ


ഇരുട്ടിന്റെ വിരി വിരിച്ചാണ്
ഞനെന്റെ മനസ്സിന്റെ
അടഞ്ഞ വാതിലുകൾ
മറയ്ക്കാറ്‌.. എന്നും
മേൽകൂരയിലെ
മഴവെള്ളം ചോരുന്ന
ഓട്ടകളും ഇരുട്ടുകൊണ്ടാണ്
അടയ്ക്കാറ്‌.

ചൂണ്ടു വിരലിന്റെ
ആക്രോശങ്ങളെയും
ചെവികീറുന്ന
അട്ടഹാസങ്ങളെയും
പുറത്തെ വെളിച്ചത്തിൽ
ഉപേക്ഷിച്ചു -
ഇവിടെയീ ഇരുട്ടിൽ
ചുരുണ്ടുകൂടിയാണ്
സ്വസ്ഥം ഞാനെൻ അമ്മയെ
ഓർക്കുന്നത് പലപ്പോഴും.

ഈ ഇരുട്ടാണ്  പലപ്പോഴും
നിന്റെ  മുഖം മൂടികളെ 
പറിച്ചെറിയാറ്‌,
നീ പോലുമറിയാതെ .

കണ്ണാടിയിൽ തെളിയുന്ന
കണ്‍തടത്തിലെ ഈ കറുപ്പ്
കറുപ്പല്ല ,ഇരുട്ടെന്ന്
എനിക്കല്ലേ അറിയൂ
കവിളിലേക്കൊഴുകിയ
കണ്ണുനീർ ചാലുകൾ
ഞാൻ ഇറങ്ങിയ ഇരുട്ടിന്റെ
എന്നിലേക്കു തെളിഞ്ഞ  വഴികളും 

അവിടവിടെ തെളിയുന്ന
എന്റെ വെള്ളി നരകളും
ഇരുട്ടിലേക്കിറങ്ങുമ്പോൾ
ആരും കാണില്ല
ഇരുട്ടിന്റെ കറുത്ത  മഷികളാൽ
അവയും ഞാൻ ചായം പൂശുന്നു

എന്നിട്ടും ഒരു കറുത്ത വാക്കുപോലും
എന്നോട് പറയാതെ
എന്നെ എന്നും ചേർത്തു -
പിടിക്കുന്നീ  ഇരുട്ട്.
എനിക്കുപോലും കാണാത്ത-
വണ്ണമെന്റെ ദുഃഖങ്ങളെ
മറയ്ക്കുന്ന ഈ ഇരുട്ടിനെ
എന്റെയത്ര വേറെയാർക്കറിയാൻ  .









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ