https://lh3.googleusercontent.com/.../w426-h284/15+-+1

2014, മേയ് 4, ഞായറാഴ്‌ച

മറവിയുടെ കരിമ്പടം

നിന്നെ - നിന്നെ ഞാൻ
മറന്നു പോയിരിക്കുന്നു.
ഇന്നെന്റെ സ്മരണകളെ
മറവിയുടെ കറുത്ത
കരിമ്പടങ്ങൾ പുതച്ചിരിക്കുന്നു 


അഗ്നിയെ വലം വെച്ച് ,
അമ്മിയെ  മെതിച്ചു,
നിന്റെ കാൽ വിരലിൽ
ഞാൻ ചേർത്ത മെട്ടി മണികളെയും
ഞാനിന്നു മറന്നിരിക്കുന്നു.
പരിഭ്രമിച്ചു ചേർന്ന് നിന്ന
നിന്നെയും  നാണത്താൽ
കൂമ്പിയ മിഴികളെയും
ഇന്ന് മറന്നിരിക്കുന്നു .
എന്റെ ഇഷ്ടങ്ങളിൽ നീ മറന്ന
നിന്റെ ഇഷ്ടങ്ങളെയും
ഞാനിന്നു മറന്നിരിക്കുന്നു.
തലച്ചോറിലെ കോശങ്ങളെ
കാർന്നു തിന്നുന്നയീ മറവിയിൽ
ഞാൻ എന്നെയും മറന്നിരിക്കുന്നു.
(നിന്നെ മറന്നു വെന്നാൽ പിന്നെ
ഞാൻ എന്നെ മറന്നു വെന്നല്ലേ .)
രോഗാതുരതയിൽ അസ്വസ്തമാകും
മനസ്സിനെ ഓർമകളുടെ -
കൈയടക്കത്തിലേക്ക്
ചേർക്കുവാനുള്ള സമവാക്യങ്ങളിൽ
ഞാൻ എല്ലാം മറന്നു പോകുന്നിന്നു.
കുമ്പിളിൽ കോരുന്ന കഞ്ഞിയിൽ
നിന്റെ കണ്ണ്നീരുപ്പാണെന്നതും
മറന്നു പോകുന്നു .
അടക്കി പിടിച്ചിട്ടും
കൈവിട്ടുപോകുന്ന അക്ഷരങ്ങളെ ,
തൊണ്ടകുഴിയൊളമെത്തി  തിരിച്ചു
പോകുന്ന വാക്കുകളെ ,
വഴിതെളിച്ചു എന്നിലേക്കെത്തിക്കുന്ന,
വിറച്ചു തുളുമ്പുന്ന എൻ  വിരലുകളെ
ചേർത്ത് പിടിക്കുന്ന ,
ഊന്നു വടിയെപോൽ  എനിക്ക്
 താങ്ങാവുന്ന ,
തണുപ്പ് അരിച്ചിറങ്ങുന്ന
ദുർബലമായ ആ കൈകൾ
നിന്റെതാണെന്നു  മിന്നിമറയുന്ന
ഓർമകളെയും
ഞാനിന്നു മറന്നുപോകുന്നു.
ഇന്ന് ,
ഇന്നെന്റെ സ്മരണകളെ 
മറവിയുടെ കറുത്ത കരിമ്പടങ്ങൾ
പുതച്ചിരിക്കുന്നു .








2 അഭിപ്രായങ്ങൾ:

  1. ഇന്ന് ,
    ഇന്നെന്റെ സ്മരണകളെ
    മറവിയുടെ കറുത്ത കരിമ്പടങ്ങൾ
    പുതച്ചിരിക്കുന്നു .... നല്ല വരികള്‍ ....ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ