https://lh3.googleusercontent.com/.../w426-h284/15+-+1

2014, മാർച്ച് 7, വെള്ളിയാഴ്‌ച

ഓർമ്മകൾ

കുന്നു കയറുമ്പോളേ 
വഴി എന്നെ തിരിച്ചറിഞ്ഞിരുന്നു. 
ഇറക്കത്തിലേക്ക് ഉരുണ്ടോടി വന്ന
ചെങ്കല്ലുകളും  ചിരിച്ചു
കാണിച്ചെന്നോട്.
കേറ്റത്തിൽ കിതച്ചു ഞാൻ
പിടിച്ചു നിന്ന വേലികല്ലും
വരുന്ന വഴിയാണല്ലേയെന്നു
കുശലം പറഞ്ഞു.
കരോട്ടെ തൊടിയിലെ
കൈസറും ആളറിഞ്ഞു തന്നാവണം
കുരച്ചു നിർത്തിയത്.
വേലിപടർപ്പീന്നു തലപുറത്തേക്കിട്ടു

ചെമ്പരത്തി കുഞ്ഞുങ്ങളും

കെറുവിച്ചു-
“ഞങ്ങളെയെല്ലാം മറന്നുന്ന്".
കിണറ്റിൻ കരയിലെ - 
തൊട്ടിയും എത്തിനോക്കി
ചോദിച്ചു "വന്നുവല്ലേന്ന്".
മുറ്റത്തേക്കടിവച്ച ഓരോ
കാലിലും ഓർമ്മകളുടെ  
കരിയിലകൾ കിരുങ്ങി.
എന്റെ ഉള്ളിലെ വിങ്ങൽ
അതിന്റെ ഉച്ചസ്ഥായിയിൽ 
വിതുമ്പി  .
ഒതുക്കു കല്ലുകൾ കേറി-
കിതച്ചു പടിയിലിരുന്നപ്പോൾ
നീളുന്ന ഒരു മൊന്ത വെള്ളത്തിനായ്
അകത്തേക്ക് നീണ്ടുപോയ് കൈകൾ
അറിയാതെ.
വിറച്ചു വീശുന്ന കാറ്റിനോടൊപ്പം
"വന്നോ മക്കളേ" യെന്ന
ചോദ്യവും എവിടെയൊക്കയോ 
മുഴങ്ങുന്നു.
മൂർദ്ദാവിൽ ചുംബിച്ചാനയിക്കാനും
വിശർപ്പാറ്റി വീശിയിരുത്താനും
ഇനിയില്ലയാകരുതെലെന്നോർമ്മയിൽ
പറിഞ്ഞുപോകുന്നുണ്ടെൻ
നെഞ്ചകം ഇപ്പോഴും.
അടുപ്പിലൂതി കണ്ണു ചുകക്കെ
"നിനക്കറിയില്ലിങ്ങുതാ-
ന്നുള്ള കളിയാക്കലും
ഇറങ്ങുമ്പോൾ ഇനിയെന്നു-
വരുമെന്ന ചോദ്യവും
പടികെട്ടോളമുള്ളനുധാവനവും   
ഇല്ലയിനിയിന്നോർമ്മകൾ മാത്രം.


2 അഭിപ്രായങ്ങൾ: