നിറമിഴികളാൽ യാത്രാമൊഴി-
യേകി പിന്തിരിഞ്ഞു നിന്നമ്മ.
പിന്നെയാ മുണ്ടിൻ കോന്തലയിൽ
മൂകമായ് മായ്ച്ചുകളഞ്ഞ സങ്കടങ്ങൾ;
ആരും കാണരുതീ സങ്കടങ്ങളീ കണ്ണീരുപ്പും .
ഇനിയില്ലൊരു പിൻവിളിയെന്നറിഞ്ഞുവെങ്കിലും,
കാത്തുവെച്ചൊരു മറുവിളി മനസ്സിൽ .
മങ്ങിയ കണ്ണിൻ കാഴ്ചകളിലിന്നും
മനസ്സിൻ വസന്തം മറയുന്നില്ല .
പൊന്നുമോൻ അങ്ങുചെന്നു ചേരും വരെ ,
അമ്മ തൻ പ്രാർത്ഥനയുമൊടുങ്ങുന്നില്ല .
കുഞ്ഞുമകൻ തന്നൊരാപൊട്ടിയ കളിപ്പാട്ടവും
നെഞ്ചകം ചേർത്തു വിതുമ്പി-പിന്നെ
പഴങ്കഥകളേറെ പുലമ്പിക്കൊണ്ട്,
പറഞ്ഞു പഠിപ്പിച്ചു തൻ മനസ്സിനെ
ഇനി പോകും വഴികളിലെല്ലാം-
ഞാനീ വൃദ്ധസദനത്തിൻ അഗതി മാത്രം.
ഇല്ലാ വാർധക്യത്തിൽ,
തണലായ് മാറേണ്ടവൻ,
ഇനി ഇല്ലാ പൗത്രന്റെ-
കളി കൊഞ്ചലുകളും.
ഈ വയോജന ശാലയിൽ
നിന്നുയരുന്നെൻ നെടുവീർപ്പുകൾ,
മേൽകൂര തട്ടി പിൻവാങ്ങുന്നു.
ഉപേക്ഷിച്ചു പോകുന്നവനറിയുന്നുണ്ടോ,
ഉപേക്ഷിക്കപെട്ടവന്റെ വേദന.