https://lh3.googleusercontent.com/.../w426-h284/15+-+1

2014 ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

നാമെന്ന പ്രപഞ്ചo

ഒരു ചുംബനത്തിൽ
നീ എന്നിലേക്കും
ഞാൻ നിന്നിലേക്കും
എരിഞ്ഞ് ഇല്ലാതാകുമെങ്കിൽ
ആ ചുംബനത്തീയ്ക്കായ്‌ ..


ഒരാലിംഗനത്തിൽ
നീ എന്നിലേക്കും
ഞാൻ നിന്നിലേക്കും
ചേർന്നലിഞ്ഞില്ലാതാകുമെങ്കിൽ
ആ ഒരു നിമിഷത്തിനായ് ..

ഞാൻ എന്നാ അഹങ്കാരo
നിന്റെ പ്രണയമെന്ന
പ്രളയത്തിൻ ആവേഗങ്ങളിലേക്ക്
എടുത്തെറിയപ്പെടട്ടെ

നീ കാറ്റെങ്കിൽ
ഞാനൊരൊറ്റ മരമായും
നീ പേമാരിയെങ്കിൽ
ഞാനൊരു പുൽനാമ്പായും
നിന്റെ ഗര്‍ജ്ജനത്തെ
പ്രണയ ഗീതകമായും
ഞാനറിയട്ടെ .    

നമ്മുടെ ശ്വാസനിശ്വാസങ്ങളുടെ
തോർച്ചകൾക്കൊടുവിൽ
ഈ പ്രപഞ്ചമെന്നത്
നാമെന്ന സത്യവും വെളിവാകട്ടെ .



2014 ഒക്‌ടോബർ 19, ഞായറാഴ്‌ച

ഇന്നലത്തെ സ്വപ്നം

ഇന്നലെ ഞാൻ കണ്ട
സ്വപ്നത്തിൽ
എന്റെ മരണത്തെ
ഞാൻ തന്നെ
അടയാളപ്പെടുത്തുകയായിരുന്നു

എപ്പോഴോ
ഞാൻ തന്നെ എന്നെ
മരണപ്പെടുത്തുകയും
ശവമുറികളിൽ
ഞാൻ തന്നെ തിരിച്ചറിയുകയും
ചെയ്യുന്നു

എന്നെ ഞാൻ തന്നെ
പിന്തുടരുന്ന സ്വപ്‌നങ്ങൾ
ഉണർവ്വിലും
വിടാതെ പിന്തുടരുകയും
എന്നെ ഭയപ്പെടുത്തുകയും
ചെയ്യുന്നു

ഇന്നെങ്കിലും എനിക്കൊന്നുണരണം
സ്വസ്ഥമായ്‌
സ്വപ്നങ്ങളൊന്നുമേ
പിന്തുടരാത്ത
ശാന്തമായ ഒരുറക്കത്തിലേക്ക് .



2014 ഒക്‌ടോബർ 6, തിങ്കളാഴ്‌ച

അഹംബോധo

നിനക്കറിയാം എന്നും
വിലയില്ലാതാകുന്നത്
നിന്റെ സ്വപ്നങ്ങൾക്കാണെന്ന്,
മാറ്റി വെയ്ക്കപ്പെടുന്നവ
നിന്റെ ആവശ്യങ്ങളും .
ചില സമയങ്ങളിലെ
നിന്റെ സാമിപ്യം പോലും
വിസ്മരിക്കപെടുന്നുണ്ടെന്നും .
ഒരു ശൂന്യത എന്നോളവും -
നിന്നോളവും വളർന്ന്
ആകാശം മുട്ടുന്നുണ്ടെന്നും .
എങ്കിലും .....
വഴികളിൽ
തളരുമ്പോഴെല്ലാം
നിൻ നിഴലൊരു കുളിർ -
ത്തണലായ് മാറുന്നതും.
കാലിടറുമ്പോൾ
രണ്ടു നക്ഷത്ര കണ്ണാൽ
പിടിച്ചുയർത്തുന്നതും.
ചെറു പുഞ്ചിരിയൊരു 
ആശ്വാസ തലോടലാകുന്നതും.
അറിയായ്കയല്ല
പെണ്ണേ ..
ഇതോരാണിന്റെ അഹംബോധമാണ്
അവന്റെ  പ്രണയത്തിൻ അഹങ്കാരമാണ് 
പെണ്ണേ ..


കടൽ

കടൽ എന്നും മോഹിപ്പിക്കുന്നു
മോഹം മാത്രമോ
ജീവിതവും ഓർമിപ്പിക്കുന്നു
ഓർമ്മകളുടെ വരണ്ട
കാറ്റിലൂടെ ചുണ്ടിൽ ഉമ്മ വെച്ചു
ഉപ്പ്‌ പുരട്ടുന്നു
നീയോ ഞാനോ എന്ന്
തിര ചോദ്യങ്ങൾ ഉയർത്തുന്നു
നീലിമ കാട്ടി ഭ്രമിപ്പിക്കുകയും
ആഴങ്ങൾ കാട്ടി ഭയപ്പെടുത്തുകയും
ചെയ്യുന്നു