https://lh3.googleusercontent.com/.../w426-h284/15+-+1

2015, മാർച്ച് 6, വെള്ളിയാഴ്‌ച

ഒരില

ഒരില ..പഴുത്ത ഇല 
അടർന്നു താഴേക്ക് ..
മറവിയിലേക്ക് 
പതിക്കാൻ മടിക്കുന്ന 
ഒരോർമ്മ പോലെ .
മനസ്സിന്റെ വിഹ്വലതകളിൽ
നിന്നും പുറപ്പെട്ടൊരു
പൊടിക്കാറ്റിൽ
താളം പിടിച്ച് പിടിച്ച്
താഴേക്ക് ...
ഒടുക്കത്തിന്റെ
അവസാന നിമിഷങ്ങളിലേക്കുള്ള
ദൂരങ്ങളെ താണ്ടി
ആയത്തിലായത്തിൽ. ...

ഞാൻ ബാക്കി വെക്കേണ്ടത്

നഷ്ടപ്പെട്ടു പോയൊരു  പുഴ
വഴി മിച്ചം വെക്കും  പോലെ
ഇവിടെ ഉണ്ടായിരുന്നു
എന്നതിനടയാളമായ്
ഞാനും ചിലത് ബാക്കിവെക്കണം
നിറം മങ്ങിയ ചിത്രങ്ങളോ,
വക്ക് പോയ കവിത-
തുണ്ടുകളോ,
ക്ലാവുപിടിച്ച ചില
സ്വപ്നങ്ങളോ എങ്കിലും  .
മരണം  സൃഷ്ടിക്കുന്ന
ശൂന്യതയിൽ
എനിക്കെന്നെ രേഖപ്പെടുത്താൻ
വേണ്ടി വരുന്നത് .
വിവർത്തനം ചെയ്ത് ചെയ്ത്
നഷ്ടപ്പെടുന്ന ഒരു കവിതയിൽ
എന്നെ അടയാളപ്പെടുത്തി
ഒരു പൂവോ ..അല്ലെങ്കിൽ
ഒരു കുരിശോ വരയ്ക്കുവാൻ .
ഞാൻ മരിച്ചു പോയെന്ന്
ഞാൻ പോലും മറന്നുപോകും മട്ടിൽ
എന്നെ ബാക്കി വെക്കാൻ
എനിക്ക് നിന്നെ ....
ചിലപ്പോൾ മാത്രം....
നിന്നെ വേണ്ടിവരുമായിരിക്കും.