https://lh3.googleusercontent.com/.../w426-h284/15+-+1

2013, ഡിസംബർ 20, വെള്ളിയാഴ്‌ച

ഊർമിളാ നീ എവിടെയാണ് ..

ഊർമിളാ നീ എവിടെയാണ്  ..?
നിന്റെ കാന്തൻ ലക്ഷ്മണൻ
പോകുവാൻ ഒരുങ്ങുന്നതു
കാണുന്നില്ലേ ?
ഈ വിരഹം
പതിന്നാലു സംവത്സരമെന്നു
അറിയുന്നില്ലേ ?
ഇതാ ജാനകിയും
ഒരുങ്ങി രാമനേ അനുഗമിക്കുവാൻ .

വിടപറയിലിന്റെ
അവസാന തുള്ളി കണ്ണുനീരും
പൊഴിഞ്ഞു കഴിഞ്ഞു .
വൃദ്ധരായ ഞങ്ങളെ ഓർത്തു
വിരഹിച്ചു തീർക്കുവാനോ 
നിന്റെ  ജീവിതം .
എവിടെയും നിഴലിന്റെ നിഴലായ്
ഒതുങ്ങുവാനൊ നിന്റെ യോഗം
കാലത്തിന്റെ സുവർണ
ലിപികളിൽ-
അയോദ്ധ്യാ രാമനെയും
സീതയേയും പിന്നെ
ലക്ഷ്മണനെയും
വാഴ്ത്തുമ്പോൾ
കുഞ്ഞേ , കഷ്ടം
എവിടെയാണ് നിന്റെ
സ്ഥാനം ....
മറവിയുടെ ഇരുട്ടിൽ
ഒളിച്ചിരിക്കാനോ
നിന്റെ നിയോഗം
അന്തപുരത്തിന്റെ
ഇടനാഴികളിൽ മുഴങ്ങുന്ന
ദീർഘ  നിശ്വാസങ്ങളിൽ
പോലും നീയില്ലല്ലോ
ദേവി , ഊർമിള  നീയെവിടെയാണ്  ..
പുറത്തേക്കു വരൂ
വിളിച്ചു പറയൂ
ഈ ലോകത്തോട്‌
നിന്റെ സഹനത്തിന്റെ
കഥ ..പിന്നെയീ
വിരഹത്തിന്റെ വേദന
അവഗണനയിലും
നിർവൃതി തേടിയ
നിന്റെ ഈ ജീവിതത്തിന്റെ
കഥ ..
ഊർമിളാ നീ എവിടെയാണ് ..


2 അഭിപ്രായങ്ങൾ: