https://lh3.googleusercontent.com/.../w426-h284/15+-+1

2014, ജൂൺ 29, ഞായറാഴ്‌ച

ഒരു ചുംബനത്തിന്റെ പോക്ക്

ഏതോ ചുണ്ടുകൾ
പറഞ്ഞാണ് ഞാൻ അറിഞ്ഞത്
ഒരു ചുംബനം ഈ വഴിക്ക്
പോയിട്ടുണ്ടെന്ന്.
അത്രമേൽ തീവ്രമായത്
പ്രണയത്താൽ ചുട്ടു -
പൊള്ളുന്നത്
തമ്മിൽ കാണുമ്പോൾ തന്നെ
ഒട്ടിപിടിക്കതക്കത്.
ഉടമയെ തിരഞ്ഞാവണം
പോയിരിക്കുന്നത്
.
**************************************
സുഭാഷ്‌ പാർക്കിൽ കണ്ടത്
ദിനം : 24.06.2014
സമയം : വൈകിട്ട് 6.15 

2014, ജൂൺ 24, ചൊവ്വാഴ്ച

ഒരു പ്രണയത്തിന്റെ അവസാനം (?)

നിന്നെ കുറിച്ചുള്ള
ഓർമ്മകൾ ആണെന്നെ
ഒരു ചിത്രകാരൻ ആക്കിയത്
നീ വിശ്വസിക്കുമോ ?
നിന്റെ കാലടികൾ
പതിഞ്ഞ ഇടവഴികളും
പടിക്കെട്ടുകളും
നിന്നെ കണ്ടു തുടുത്ത
ചെമ്പരത്തിപൂക്കളേയും
ഞാനെന്റെ സ്നേഹത്തിന്റെ
ചായക്കൂട്ടിൽ ചാലിച്ചാണ്
ഓർമ്മകളുടെ കാൻവാസിൽ
പകർത്തി വെച്ചതു .

എന്നിലെ കവിയേയും
കൈയ് പിടിച്ചുയര്ത്തിയത്‌
നീയും നിന്റെ ഓർമ്മകളും തന്നെ
ആ ചടുല വർത്തമാനങ്ങളും 
ചെഞ്ചുവപ്പൻ അധരങ്ങളെയും
ആ കാൽവിരൽ ചിത്രങ്ങളെയും
കണ്മിഴി,  കണ്മഷിയേയും
വർണ്ണിക്കുവാൻ
ഞാൻ ഉപമകളും
അലങ്കാരങ്ങളും തേടി .

ഒടുക്കം നീ മറഞ്ഞോരാ വഴിയിൽ
മിഴി നിറഞ്ഞോരാ നിമിഷ ത്തിൽ
നീ എന്നതൊരു മിഥ്യയും
ഞാൻ എന്നതൊരു സത്യവും
നമ്മളെന്നതൊരു സ്വപ്നവും
മെന്ന തിരിച്ചറിവിൽ
ഞാനായി തീർന്നതിന്നാരോ ?

2014, ജൂൺ 13, വെള്ളിയാഴ്‌ച

കള്ള കർക്കിടകം

പുറമേ പെയ്തു
തോർന്നുവെങ്കിലും,
ഇനിയും തോരാത്ത
ഓർമ്മ പെയ്ത്തിൽ
മൂടി പുതച്ചിരിക്കുന്നു മനം.
ഇറയത്തിൽ ഇറ്റിറ്റുവീഴും
മഴതുള്ളിയോരോന്നു -
മോർമ്മകൾക്കൊപ്പം
പുറകിലേക്കോടിയാ
ചോർച്ചവെള്ള പാത്രത്തിൻ
സംഗീതമാകവേ ,
തന്നെയുറ്റു നോക്കും
നാലു കണ്കളിൻ വിശപ്പിനെ-
വെറും വെള്ളപ്പാത്രത്തിൽ
ഇളക്കിയാറ്റുന്നമ്മ .
ഇടവഴിയിൽ തെളിയുന്ന
നിഴലനക്കത്തിലേക്ക്
പടിക്കെട്ടിലേക്കുരച്ചു കേറുന്ന
ഒരു കാലൊച്ചയിലേക്ക്
തളർന്ന കണ്ണുകൾക്കിപ്പുറം
തെളിയുന്നൊരു
കുതിർന്ന സഞ്ചിയിലേക്ക്
ഒരു പ്രതീക്ഷ .

2014, ജൂൺ 10, ചൊവ്വാഴ്ച

എന്റെ-നിന്റെ


എന്റെ ആകാശം - നല്ല നീല 
എന്നാലും നിന്റെതിന്റെയത്രയില്ല. 
മുകളിലേക്ക് നോക്കുമ്പോ കാണുന്ന 
മേല്ക്കൂരയിലെ  ഓടുകളുടെ ഇടക്കുള്ള ' 
കണ്ണാടി ചില്ലിന്റെ വ്യാസം മാത്രം 

എന്റെ  മേഘങ്ങൾ - വെള്ള പഞ്ഞികെട്ട്
എന്നാലും നീ കാണാറുള്ള പോലെ അല്ല കേട്ടോ
നല്ല കാറ്റിലങ്ങനെ ഒഴുകി പോകുമ്പോൾ
ഒരുമാത്ര എന്റെ കണ്ണിൽ തങ്ങി
നിൽക്കാറുള്ളത് മാത്രം


എന്റെ മഴ - നല്ല കുളിര്
എന്നാലും നീ കൊള്ളാറുള്ളത്രെമില്ല 
ഈ ജനാല വിരിയെ തള്ളി
ഉള്ളിലേക്ക് വന്നെന്നിലേക്ക്‌
ചാറി പോകുന്നത്  മാത്രം


എന്റെ വസന്തം - നല്ല മഞ്ഞ
എന്നാലും നീ കാണുന്നതല്ല 
 മരഅഴികൾക്കപ്പുറത്ത്‌
പൂത്തുലഞ്ഞു നിൽക്കുന്ന
മഞ്ഞ മന്ദാരം മാത്രം.


പിന്നെ ..........
എന്റെ കൂട്ടുകാർ -എന്റെ സ്വപ്നം
എന്റെ സ്വപ്നം - എന്റെ കൂട്ടുകാർ
ഈ കിടക്കയിൽ നിന്നെന്നെ
കൈപിടിച്ചുയർത്താൻ
മൈതാനത്തെ കളിപന്തിന്റെ
ആരവങ്ങളിലേക്കെത്തിക്കാൻ
ചലനമറ്റയീ കാലുകളിലെ
ഞരമ്പുകളെ പുനരുജ്ജീവിപ്പിക്കാൻ
ഇല്ല നിനക്കെന്നപോലെ
ഇത് സ്വപ്നം  എന്റെ
എന്റെ മാത്രം സ്വപ്നം  

2014, ജൂൺ 5, വ്യാഴാഴ്‌ച

എന്റെ പെണ്‍പൂക്കൾ .

ഇല്ലാ ഇനിയെനിക്കൊന്നുമേ
പറയുവാനെഴുതുവാൻ. 
എൻ  തൂലിക തുമ്പിൽ നിന്നും
പൊഴിയുന്നു പൂക്കൾ,
ചുവന്ന പെണ്‍പൂക്കൾ.
ഏറ്റിയ തൂക്കിൽ നിന്നും
ഉയിർക്കുന്ന പൂക്കൾ.
അടിക്കുന്നു ചുഴറ്റി -
യൊരു കൊടുംകാറ്റു പോലെ.
ഒളിക്കുവാൻ ഇല്ല നിനക്കില്ലിനി
നേരം .
നിന്നെ ചുംബിച്ചു ചുംബിച്ചു
നിണമൂറ്റി ത്തീർക്കാൻ.
ഉയിർക്കുന്നു ചാവേറുകളീ 
ശവക്കുഴികളിൽ  നിന്നും.
അവസാന പിടച്ചിലിലും
ആനന്ദം കണ്ട - നിൻ കണ്ണുകൾ
തുളച്ചഗ്നിയിലെരിക്കാൻ,
നിന്റെ ചുടലയിൽ നിന്നു
ചടുലതാളമുതിർക്കാൻ,
വരുന്നുണ്ടുയിർത്ത്
എന്റെ പെണ്‍പൂക്കൾ .


2014, ജൂൺ 3, ചൊവ്വാഴ്ച

നിന്നിലേകെത്തുമ്പോൾ



എന്റെ ഓർമ്മകൾ
നിന്നിലേകെത്തുമ്പോൾ
എവിടെയോ ഒരു മഴ
ചാറി തുടങ്ങുന്നുണ്ടാവം
ഒരു വെയിൽ അതിന്റെ
അവസാന കിരണവും
ചുവപ്പിചിട്ടുണ്ടാവാം
പേരറിയാത്ത ഏതോ
പക്ഷികൾ അവയുടെ പാട്ട്
നിർത്തി കൊക്കുരുമ്മി
ചിറകൊതുക്കുന്നുണ്ടാകാം
 ഒരു കൈതപ്പൂ അതിന്റെ
മണം അതിരുകളില്ലാതെ
പരത്തുന്നുണ്ടാകും
തുടക്കവും ഒടുക്കവും
അറിയാത്ത ഒരു ചെറു കാറ്റു
നിന്നെ തഴുകി മാറുന്നുണ്ടാവം  
 എന്തിനെന്നറിയാതെ
തുടുക്കുന്ന നിൻ കവിളുകളിൽ
സ്വപ്‌നങ്ങൾ കണ്ണാടി നോക്കുന്നുണ്ടാകാം