https://lh3.googleusercontent.com/.../w426-h284/15+-+1

2014, ജൂൺ 10, ചൊവ്വാഴ്ച

എന്റെ-നിന്റെ


എന്റെ ആകാശം - നല്ല നീല 
എന്നാലും നിന്റെതിന്റെയത്രയില്ല. 
മുകളിലേക്ക് നോക്കുമ്പോ കാണുന്ന 
മേല്ക്കൂരയിലെ  ഓടുകളുടെ ഇടക്കുള്ള ' 
കണ്ണാടി ചില്ലിന്റെ വ്യാസം മാത്രം 

എന്റെ  മേഘങ്ങൾ - വെള്ള പഞ്ഞികെട്ട്
എന്നാലും നീ കാണാറുള്ള പോലെ അല്ല കേട്ടോ
നല്ല കാറ്റിലങ്ങനെ ഒഴുകി പോകുമ്പോൾ
ഒരുമാത്ര എന്റെ കണ്ണിൽ തങ്ങി
നിൽക്കാറുള്ളത് മാത്രം


എന്റെ മഴ - നല്ല കുളിര്
എന്നാലും നീ കൊള്ളാറുള്ളത്രെമില്ല 
ഈ ജനാല വിരിയെ തള്ളി
ഉള്ളിലേക്ക് വന്നെന്നിലേക്ക്‌
ചാറി പോകുന്നത്  മാത്രം


എന്റെ വസന്തം - നല്ല മഞ്ഞ
എന്നാലും നീ കാണുന്നതല്ല 
 മരഅഴികൾക്കപ്പുറത്ത്‌
പൂത്തുലഞ്ഞു നിൽക്കുന്ന
മഞ്ഞ മന്ദാരം മാത്രം.


പിന്നെ ..........
എന്റെ കൂട്ടുകാർ -എന്റെ സ്വപ്നം
എന്റെ സ്വപ്നം - എന്റെ കൂട്ടുകാർ
ഈ കിടക്കയിൽ നിന്നെന്നെ
കൈപിടിച്ചുയർത്താൻ
മൈതാനത്തെ കളിപന്തിന്റെ
ആരവങ്ങളിലേക്കെത്തിക്കാൻ
ചലനമറ്റയീ കാലുകളിലെ
ഞരമ്പുകളെ പുനരുജ്ജീവിപ്പിക്കാൻ
ഇല്ല നിനക്കെന്നപോലെ
ഇത് സ്വപ്നം  എന്റെ
എന്റെ മാത്രം സ്വപ്നം  

2 അഭിപ്രായങ്ങൾ: