എപ്പോഴാണ് ഞാൻ തനിച്ചായത്,
ഓർക്കുന്നില്ല.
ചിന്തകൾ അവസാനിക്കുന്ന വഴി വരേം ഞാൻ ഒരാൾക്കൂട്ടത്തിൽ ആയിരുന്നു.
പിന്നെ എപ്പോൾ ? അറിയില്ല .
എപ്പോഴാണ് നീ എന്നിൽ നിന്നും നിന്നെ പറിച്ചെടുത്തകന്നത് .
ഓർമ്മകൾ ചാവുകടലിൽ എന്നപോലെ പൊങ്ങി കിടക്കുന്നു
ആൾക്കൂട്ടങ്ങളിൽ ഒറ്റക്കാകാൻ നാം ഒന്നിച്ചാണ് പഠിച്ചത്.
എന്നിട്ടും നീ വിരൽ തുമ്പകറ്റി പിന്നിലേക്ക് മറഞ്ഞതറിഞ്ഞില്ല
അതോ ,
ഏതോ ഒരൂഞ്ഞാലായത്തിൽ ഞാൻ മുന്നിലേക്ക് മാറ്റപെട്ടതോ ?
കാഴചകൾ എന്നിൽ നിന്നും പിന്നിലേക്കോടി ഒളിക്കുമ്പോളും
എന്റെ ജനാലകൾ തുറക്കുന്നത് ഈ ഇരുണ്ട താഴ്വാരങ്ങളിലേക്ക് ആകുമ്പോളും ,
അറിയുന്നു ഞാൻ ഇന്നിവിടെ തനിച്ചാണ് എന്ന് .
ഇനി എപ്പോഴെങ്കിലും എനിക്ക് ചായാനൊരു തോളായ്,
എന്റെ സ്വപ്നങ്ങളിൽ ഒരു നിലാവായ് ,
എന്റെ ജനാലകൾ തുറക്കുമ്പോൾ ഒരു വസന്തമായ്,
എനിക്ക് നിന്നെ വീണ്ടും അറിയാൻ സാധിക്കുമോ ?
******************************************
എന്തായിരുന്നു എനിക്ക് നീ ..ഈ അവസാന നിമിഷങ്ങൾ
ഒരു പുനെർ ചിന്തനത്തിനുള്ളതല്ല . എങ്കിലും
എന്റെ മരവിച്ച മനസ്സിനെ കുത്തി ഉണർത്താനെങ്കിലും
ഈ ഓർമ്മ മുള്ളൂകൾക്ക് ആയെങ്കിലോ ?
പുള്ളിപ്പാവാടയുടുത്ത് പാറി നടന്നിരുന്ന ആ കാലങ്ങൾ അവ ഇന്നും
മങ്ങിയതെങ്കിലും വർണചിത്രങ്ങൾ തന്നെ . ഓരോ ചുവടു വെയ്പിലും
ഒരു കൂട്ടായ് , വഴികാട്ടിയായ് ഒപ്പമുണ്ടായിരുന്ന ആ പൊടിമീശക്കാരൻ .
മുണ്ടിന്റെ അറ്റം കൈയിലെടുത്തു പിടിച്ചു തലയുയർത്തി
ഒപ്പം നടന്നിരുന്ന ആ അഹങ്കാരി ചെക്കൻ ..അത് നീ അല്ലാതെ വേറെ ആര് ?
എന്നിട്ടും നിന്നെ ഞാൻ മനസ്സിലാക്കിയോ ..പൂർണമായ് ? ഇല്ല എന്ന് വിഷമത്തോടെ പറയേണ്ടിവരുന്നു . ഇന്ന് ഞാൻ അറിയുന്നു .. എന്റെ സ്വാർത്ഥ താത്പര്യങ്ങൾക്കായ് ഒരു പാവയെ പ്പോലെ നിന്നെ ഞാൻ ചരടുവലിക്കുകയായിരുന്നു . കഷ്ടം .എന്നെ വിട്ടകന്നു പോകുമ്പോളും നീ ഹൃദയം കൊണ്ടേറെ വേദനിച്ചിരിക്കും . അന്ന് യൗവ്വനത്തിന്റെ കുത്തൊഴുക്കിൽ , ഉപജാപകരുടെ ആഘോഷങ്ങളിൽ ,കാഴ്ച്കളിൽ വന്നതൊക്കെയും ഹൃദയത്തിലെക്കോ, ഹൃദയത്തിൽ നിന്നത് തലച്ചോറിലെക്കോ സഞ്ചരിച്ചില്ല . കാഴ്ചക്ക് മാത്രമല്ല തിമിരം ..അന്നെന്റെ മനസ്സിനായിരുന്നു . ഇന്നിവിടെ നോക്കി അഹങ്കരിക്കാൻ ഒരു കണ്ണാടി പോലുമില്ലാത്ത ഈ മുറിയിൽ , അലക്കി നിറം മങ്ങിയ ഈ കിടക്കവിരിയും അതിന്റെ കഞ്ഞി പശ മണവും ആസ്വദിച്ച് , വിളർത്ത കൈതണ്ടയിൽ തിണർത്ത നീല ഞരമ്പുകളെണ്ണി നീ നിന്റെ മനകണ്ണിൽ ഒരിക്കലും കാണാത്തൊരു രൂപത്തിൽ ജീവിതത്തിന്റെയീ മണൽ ഘടികാരത്തിന്റെ അർദ്ധഗോളത്തിൽ നിന്നും മണൽത്തരികൾ പൂർണവിരാമത്തിന്റെ മൌനത്തിലേക്ക് വീണ് നിശ്ചലമാകുന്നത് വിരക്തിയുടെ മഞ്ഞച്ച കണ്ണുകൾ കൊണ്ടാസ്വദിക്കുന്നു .പ്രത്യാശയുടെ ഒരു ശലഭ ചിറകിനു പോലും ഉണർത്താനാകാതെ .