https://lh3.googleusercontent.com/.../w426-h284/15+-+1

2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

നല്ല സൌഹൃദങ്ങൾ

നല്ല സൌഹൃദങ്ങൾ വീഞ്ഞ് പോലെ ആകട്ടെ
പഴകും തോറും വീര്യമേറിയേറി
കാലങ്ങളേറെ നിലവറകളിൽ
മയങ്ങിയാലും ഒറ്റ തുറക്കലിൽ
നുരഞ്ഞു പൊന്തുന്നവ
ആദ്യത്തെ രുചിയിൽ
സ്വന്തം സ്നേഹ സാമ്രാജ്യം തീർക്കുന്നവ
അടുത്ത തുള്ളിയിൽ
അകലങ്ങളെ മായ്ച്ചു കളയുന്നവ
പിന്നെ പിന്നെ ബോധാബോധ -
തലങ്ങളെ കീഴടക്കി
സൌഹൃദത്തിൻ ആധിപത്യം
സ്ഥാപിക്കുന്നവ.  

2014, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

ശരി തെറ്റുകൾ

നിന്റെ ശരികൾ
എന്റെ തെറ്റുകളും
എന്റെ ശരികൾ
നിന്റെ തെറ്റുകളും
ആകുന്നിന്നേരം. 
ശരി തെറ്റുകൾ
കൊണ്ട് വിഭജിക്കുന്നീ
ജീവിതം നമ്മൾ .
ഞാനിപ്പോൾ എന്റെ
ശരികളിലൂടെയും
നീ നിന്റെ -
ശരികളിലൂടെയും,
ഒരു വഴിയുടെ
രണ്ടു വശങ്ങളിലൂടെ
ഒരുമിച്ചെങ്കിലും ഏകരായ്
ഒരേ ലക്ഷ്യത്തിലേക്ക്
ഒരു പ്രയാണം .
ഇതും ജീവിതം .

2014, സെപ്റ്റംബർ 14, ഞായറാഴ്‌ച

ഞങ്ങളുടെ നിൽപ്പ് സമരം

ഞങ്ങൾ കൈയില്ലാത്ത
ഇറക്കം കുറഞ്ഞ ഉടുപ്പുകൾ
ധരിച്ചിട്ടില്ല
കവിളിൽ കണ്ണാടി നോക്കാൻ
ചായങ്ങൾ പുരട്ടിയിട്ടില്ലാ
മടമ്പ് പൊങ്ങിയ
പാതുകങ്ങൾ ധരിച്ചിട്ടില്ല
ഞങ്ങളുടെ ത്വക്ക്
ക്രീമുകളുടെ അതിപ്രസരത്താൽ
തിളങ്ങുന്നില്ലാ
അവ വെയിലും മഴയും ഏറ്റു
കറുത്ത് പരുക്കനായതാണ്
നിന്ന് നിന്ന് ഞങ്ങളുടെ കാലുകൾ
മരവിച്ചതാണ്
ഉള്ളിലെ ദയനീയത
പുറത്തേക്ക് വന്നു
കണ്ണുകൾ നിർവികാരങ്ങളായതാണ്
കേഴുവാനോ, അവകാശങ്ങൾക്കായ്
ഉറക്കെ ഒച്ചവെക്കാനോ
ഇല്ല ഒരു തുള്ളി ഉമിനീർ
പോലുമീ തൊണ്ടക്കുഴിയിൽ
ദിനം ന്യൂസ്‌ ത്രെഡ് അന്വേഷിക്കുന്ന
മാധ്യമ പടകളുടെ
ഫ്ലാഷ് ലൈറ്റ്കളും
ഞങ്ങൾക്ക് നേരെയില്ല
കാരണം ഞങ്ങൾ
"ആദിവാസികളാണ് "
കാടിന്റെ സന്തതികൾ .

2014, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

പകൽ വീടുകൾ

അപ്പൂപ്പന്റെ കൈയിലിരുന്ന്
വ്യക്തമാകാത്ത ഭാഷയിൽ
ഉറക്കെ ശബ്ദമുണ്ടാക്കുന്ന
ആ കുഞ്ഞിനെ കണ്ടപ്പോളാണ്
ഒരിക്കൽ ഞാനും കുട്ടിയായിരുന്നുവല്ലോ
എന്നത് ഓർമ്മ വന്നത്.

വയോജനശാലകൾ എന്ന പേരിനെ
വെള്ളപൂശി പകൽ വീടുകൾ
എന്നാക്കുമ്പോൾ എന്തേ ഞാൻ
എന്റെ വാർധക്യത്തെ ഓർത്തില്ല .

2014, സെപ്റ്റംബർ 10, ബുധനാഴ്‌ച

യാത്രകൾ

ചില യാത്രകൾ 
എവിടെ തീരും 
എന്നറിയാതെ 
തുടർന്നു കൊണ്ടേയിരിക്കുന്നു

പുറപ്പെട്ടിടത്തുനിന്നു
പല കാതങ്ങൾ
പോന്നിട്ടും ലക്ഷ്യമെന്തെന്നു
വ്യക്തമാവാതെ.

പിന്നിട്ട ദൂരങ്ങളുടെ
ഇന്നലകളിലേക്ക്
ഒളിഞ്ഞു നോക്കിയും, 
കണ്ടില്ലെന്നു നടിച്ചും
മുന്നോട്ടുതാണ്ടുന്നവ. 
പൂത്തുലയുന്ന
സൂര്യകാന്തിപ്പാടങ്ങളെയും,
പച്ചച്ച  നെൽവയലുകളെയും,
മനകണ്ണി ൽ  കണ്ടു കൊണ്ടീ  
വരണ്ട മണ്ണിലൂടെ
ഒരു യാത്ര.
ചിലപ്പോളീ മണ്ണി ൽ
തല ചായ്ച്ചു ഓളങ്ങളിൽ
ചാഞ്ചാടുന്നൊരു
കപ്പൽ യാത്ര
സ്വപ്നം കാണും .
സ്വപ്നത്തിൽ കുഞ്ഞു -
മീനുകൾ കപ്പൽ തട്ടിലേക്ക്
ചാടി വെള്ളം
തെറിപ്പിക്കുന്നത് വരെ .
ആ ഉണർവ്വിന്റെ ചില-
നേരങ്ങളിലെ ശൂന്യത
ഒരു മലയോളം
വളരാറുണ്ട് മുന്നിൽ .
ഭ്രാന്തിന്റെ കല്ലുകളുരുട്ടി
കയറാനൊരു ക്ഷണവുമായ് .
ഇന്ന് ഇന്നലെയുടെ
ഓർമ്മകളെ കലക്കി
മറിക്കുന്നൊരു
കല്ലായ് വീഴുമ്പോൾ,
ഓളങ്ങളാൽ
അസ്വസ്ഥമാകുന്നു
മനസ്സ് .

ലക്ഷ്യമെന്തെന്നു
കണ്ടെടുക്കാനുള്ള
ഈ യാത്രയിൽ
പ്രത്യാശ വഴികാട്ടിയായ്‌
മുന്നേ പറക്കും.

ഈ വഴി - ഇവിടെ
അവസാനിക്കുന്നില്ലായീ -
യാത്രയും ,
കാഴ്ച്ചകളവസാനിക്കുന്നിടത്ത്
നിന്ന് മുളച്ചു പൊന്തുന്നു
കൂണുകൾ പോലെ .


2014, സെപ്റ്റംബർ 5, വെള്ളിയാഴ്‌ച

അസ്തമയം

നമ്മൾ അസ്തമയം കാണുന്നു
കണ്ണുകളിൽ ഉദയവും
ഒരു കപ്പൽ അതിൻ
സൈറണ്‍ മുഴക്കി കടന്നു പോകുന്നു
നിന്റെ മനസ്സ് എന്നോട്
സ്നേഹം ,സ്നേഹമെന്നും .
കൂടുതൽ ചേർന്ന് നിന്ന്
നമ്മളാ മഴയെ തോൽപ്പിക്കുന്നു .
മഴ നമ്മളേയും .
എവിടെയോ ചിതറി
നിന്നിൽ നഷ്ടപ്പെടുന്ന കാഴ്ചകൾ
ശൂന്യതയിൽ ഇല്ലാതായ്
പോകുന്ന വാക്കുകൾ
പറയാതെ എല്ലാം
മനസ്സിലാക്കാൻ ശ്രെമിക്കുന്ന
നിന്റെ കണ്ണുകളും .

2014, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

മനുഷ്യത്വത്തിന്റെ വിത്തുകൾ

ഹേ മനസ്സേ നിനക്കൊന്നു
മിണ്ടാതിരുന്നുകൂടെ.
വെറുതെ ചിലച്ചു ചിലച്ചു,
(അടക്കാ കിളിയെ പോലെ)
എന്നെ ഒന്നും പറയാൻ
അനുവദിക്കാതെ .

എനിക്ക് ചുറ്റും ഇടതിങ്ങും
നിശബ്ദതയാണ് ഇന്ന് 
നിന്റെ ചിലക്കലെന്റെ-
ഉള്ളിൽ പെരുകുമ്പോളും.
ഒരു പ്രാർത്ഥനയുടെ ശീലുകൾ
തിരയുന്നു ചുണ്ടുകൾ.

 ഒഴുകി മറയുന്ന മഴമേഘങ്ങളോട്
പെയ്യണേയെന്ന പ്രാർത്ഥനയാകം,
ചിലപ്പോൾ - അത്
തെരുവിൻ  അഴുക്കു ചാലിൽ
ഉരുകി തീരുന്ന ബാല്യങ്ങൾക്ക്
വേണ്ടിയുള്ളതുമാകാം.

പല  പ്രാർത്ഥനകളും
ചുണ്ടിൽ ജനിച്ചു മരിക്കുമ്പോൾ
ഉണ്ടാകുന്ന ശൂന്യതയിൽ
വിറയ്ക്കുന്നു മനസ്സേ
നിന്റെ കലമ്പലുകളും.

പാതി വഴിയിൽ
നഷ്ടപ്പെട്ട് പോകുന്ന
വാക്കുകളൊക്കെയും 
മരിച്ചുയർക്കുന്നത്
തു ലോകത്താകാം.
  
നട്ടുച്ചവെയിലിൽ
കത്തി ജ്വലിക്കുംമ്പോളും
നമുക്ക് നാം അന്ധരോ.
കാണുന്നില്ല പരസ്പരം,
കാണുന്നില്ല ചുറ്റിനും,
കേൾക്കുന്നുമില്ലൊന്നുമേ-
ചെവിയെ മൂടിയതിനാൽ.
തിരിച്ചറിയുന്നില്ലീ -
സ്വപ്നങ്ങൾ കാണുന്ന
കണ്ണുകളേയും.

ഉള്ളിൽ നിന്നും
പുറമേക്ക് നോക്കിയാൽ
കാണാം ചുറ്റും കുറച്ചു
ശൂന്യമായ മുഖങ്ങൾ മാത്രം.
അവയുടെ ഉള്ളുംഅത്രമേൽ 
ശൂന്യമാവണം.

മനസ്സേ, അടങ്ങൂ
ഇനിയെങ്കിലും.
എന്റെ വാക്കുകളും
ചുണ്ടുകളും തമ്മിൽ
സന്ധി ചെയ്യട്ടെ.
മുഖം മറയ്ക്കുന്ന
മുഖംമൂടികളെ
കീറിയെറിയട്ടെ.

പിണങ്ങി പോയ കാറ്റിനേം
പുഴയേം തിരികെ
വിളിക്കട്ടെ.
നഷ്ടപെട്ട ബാല്യങ്ങളെ
അതിൽ ആറാടിക്കട്ടെ.
മരവിച്ച മനുഷ്യത്വത്തിന്റെ
വിത്തുകളെ മുളപ്പിക്കട്ടെ.