https://lh3.googleusercontent.com/.../w426-h284/15+-+1

2014, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

മനുഷ്യത്വത്തിന്റെ വിത്തുകൾ

ഹേ മനസ്സേ നിനക്കൊന്നു
മിണ്ടാതിരുന്നുകൂടെ.
വെറുതെ ചിലച്ചു ചിലച്ചു,
(അടക്കാ കിളിയെ പോലെ)
എന്നെ ഒന്നും പറയാൻ
അനുവദിക്കാതെ .

എനിക്ക് ചുറ്റും ഇടതിങ്ങും
നിശബ്ദതയാണ് ഇന്ന് 
നിന്റെ ചിലക്കലെന്റെ-
ഉള്ളിൽ പെരുകുമ്പോളും.
ഒരു പ്രാർത്ഥനയുടെ ശീലുകൾ
തിരയുന്നു ചുണ്ടുകൾ.

 ഒഴുകി മറയുന്ന മഴമേഘങ്ങളോട്
പെയ്യണേയെന്ന പ്രാർത്ഥനയാകം,
ചിലപ്പോൾ - അത്
തെരുവിൻ  അഴുക്കു ചാലിൽ
ഉരുകി തീരുന്ന ബാല്യങ്ങൾക്ക്
വേണ്ടിയുള്ളതുമാകാം.

പല  പ്രാർത്ഥനകളും
ചുണ്ടിൽ ജനിച്ചു മരിക്കുമ്പോൾ
ഉണ്ടാകുന്ന ശൂന്യതയിൽ
വിറയ്ക്കുന്നു മനസ്സേ
നിന്റെ കലമ്പലുകളും.

പാതി വഴിയിൽ
നഷ്ടപ്പെട്ട് പോകുന്ന
വാക്കുകളൊക്കെയും 
മരിച്ചുയർക്കുന്നത്
തു ലോകത്താകാം.
  
നട്ടുച്ചവെയിലിൽ
കത്തി ജ്വലിക്കുംമ്പോളും
നമുക്ക് നാം അന്ധരോ.
കാണുന്നില്ല പരസ്പരം,
കാണുന്നില്ല ചുറ്റിനും,
കേൾക്കുന്നുമില്ലൊന്നുമേ-
ചെവിയെ മൂടിയതിനാൽ.
തിരിച്ചറിയുന്നില്ലീ -
സ്വപ്നങ്ങൾ കാണുന്ന
കണ്ണുകളേയും.

ഉള്ളിൽ നിന്നും
പുറമേക്ക് നോക്കിയാൽ
കാണാം ചുറ്റും കുറച്ചു
ശൂന്യമായ മുഖങ്ങൾ മാത്രം.
അവയുടെ ഉള്ളുംഅത്രമേൽ 
ശൂന്യമാവണം.

മനസ്സേ, അടങ്ങൂ
ഇനിയെങ്കിലും.
എന്റെ വാക്കുകളും
ചുണ്ടുകളും തമ്മിൽ
സന്ധി ചെയ്യട്ടെ.
മുഖം മറയ്ക്കുന്ന
മുഖംമൂടികളെ
കീറിയെറിയട്ടെ.

പിണങ്ങി പോയ കാറ്റിനേം
പുഴയേം തിരികെ
വിളിക്കട്ടെ.
നഷ്ടപെട്ട ബാല്യങ്ങളെ
അതിൽ ആറാടിക്കട്ടെ.
മരവിച്ച മനുഷ്യത്വത്തിന്റെ
വിത്തുകളെ മുളപ്പിക്കട്ടെ.

4 അഭിപ്രായങ്ങൾ: