https://lh3.googleusercontent.com/.../w426-h284/15+-+1

2015, ജൂൺ 16, ചൊവ്വാഴ്ച

കാഴ്ചപ്പുറങ്ങൾ


അപരിചിതത്വത്തിൻ ഇടനാഴികളാകുന്ന
നിന്റെ നോട്ടങ്ങൾ,
അവ തട്ടിത്തെറിപ്പിക്കുന്ന പുഞ്ചിരികൾ,
ഓർമ്മകളുടെ ഇന്നലെകളിലേക്ക്-
മാത്രം ഉദിക്കുന്ന സൂര്യൻ.
സ്വപ്നങ്ങളേ നിഷേധിക്കപ്പെട്ട,
ഇന്നുകളുടെ തടവറകളിൽ 
നിന്നും  നിശബ്ദമുയരുന്ന
ഏകാന്ത വിലാപങ്ങൾ.
ഇരുട്ടിനെപ്പോലും നിർജീവമാക്കി
എന്നിൽ തെളിയുന്ന
നിന്റെ നിഴൽചിത്രങ്ങൾ.
എന്റെതായ് പലവുരു ഞാൻ
അടയാളപ്പെടുത്തിക്കഴിഞ്ഞ
നാല് ചുവരുകൾക്കുള്ളിലെ
നമ്മുടെ സ്വാതന്ത്ര്യo.
അങ്ങിനെയങ്ങിനെ 
ബോധമണ്ടലങ്ങളിലേക്ക്
തിക്കിത്തിരക്കുന്ന കാഴ്ച്ചകൾ.
ഒരു കാലിടോസ്കോപ്പിലൂടെയെന്നവണ്ണം
അവസാനമില്ലാതെ എത്തുന്ന
കാഴ്ചപ്പുറങ്ങൾ.

എന്റെ ..എന്റെ മാത്രം


ഏകാന്തത നമ്മെ എവിടെയെക്കെകൊണ്ട് ചെന്നെത്തിക്കും ..അറിയില്ലാ ...അതെ പലപ്പോഴും നാം പോലുമറിയാതെ ഏതൊക്കെയോ വഴികളിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു . ..ഇഷ്ടമാണ് ഏകാന്തത ..അതുപോലെ തന്നെ വെറുപ്പുമാണ് .. ചിലപ്പോൾ ലഹരിയും . അതൊരു ഉന്മാദഅവസ്ഥയാണ് എന്ന് തന്നെ വേണമെങ്കിൽ പറയാം .
ഒരു മുറിയിൽ സ്വയം ബന്ദിക്കപ്പെട്ട് ..നേർത്ത ഇരുട്ടിനെ പുൽകി ..താഴ്‌ന്ന സ്വരത്തിൽ മൂളുന്ന സംഗീതത്തിനോടൊപ്പം എത്ര സമയം വേണമെങ്കിലും കഴിച്ചുകൂട്ടാം . അവിടെ മറ്റെല്ലാം അരുതുകളാണ് . ..
അതേ സമയം തന്നെ .. അടിച്ചമർത്തപ്പെടുന്ന വേദനകൾ എല്ലാം കൂടി ഒരേ നിമിഷത്തിൽ ഉയിർക്കുമ്പോൾ .. സ്വയം അറിയാതെ തന്നെ പെയ്യാൻ തുടങ്ങുന്ന മിഴികളും, എന്തിനാണ് ഇത് എന്ന് അമ്പരപ്പെടുന്ന മനസ്സും ഏകാന്തതയുടെ മറ്റൊരു സമ്മാനമാണ് ...ഏറെ കരഞ്ഞ് വീർത്ത മിഴികളുമായ് കണ്ണാടിയുടെ മുന്നിൽ ഞാൻ അമ്പരന്നു നിന്നിട്ടുണ്ട് ...
കെട്ടിടങ്ങളുടെ ഇടയിലൂടെ ഉയരങ്ങളിൽ നിന്നൊരു ജനാലയിലൂടെ ..അല്ലെങ്കിൽ ബാല്കണിയിലൂടെ ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന മഴയുടെ സംഗീതത്തിനൊപ്പം ഒറ്റയ്ക്ക് നിൽക്കുമ്പോൾ ..മഴനൂലുകളിൽ തൂങ്ങി താഴേക്ക് ഇറങ്ങുവാൻ ഒരു നിമിഷം മനസ്സിനൊപ്പം ആഗ്രഹിച്ചുപോയാൽ തെറ്റുപറയാൻ  പറ്റില്ലാലോ . അതുമല്ലെങ്കിൽ നേരിയ തണുത്ത കാറ്റിനൊപ്പം ചാഞ്ചാടി താഴേക്ക്‌ ഒഴുകി ഇറങ്ങാൻ തുനിഞ്ഞാൽ വട്ടെന്നു പറയാമോ .
വേണമോ വേണ്ടയോ എന്ന് തീരുമാനിക്കപ്പെടാതെ മുന്നോട്ടുള്ള ഒരു കാൽവെപ്പിൽ മരവിച്ച് നിന്നുപോയ നിമിഷങ്ങളെത്ര ...

2015, മേയ് 1, വെള്ളിയാഴ്‌ച

നീ ആരാ

നീ ആരാ നീ ആരാന്ന് 
ഞാനില്ലേ ഞാനില്ലേന്ന് 
അല്ല അപ്പൊ ഞാൻ ആരാന്ന് 
ഞാനും ...
അപ്പോഴും ഞാനില്ലേ ഞാനില്ലേന്നു 
തന്നെ ..
ഒറ്റക്കായി പോകുന്നോ ..
എന്നൊരു തേങ്ങൽ 
ശ്വാസം മുട്ടിക്കുന്നോന്ന് ,
അതൊരു വെറും തോന്നലല്ലേന്ന് 
വീണ്ടും ..
ഞാനുണ്ടല്ലോ അല്ലേന്ന് 
വീണ്ടും വീണ്ടും പറഞ്ഞുറപ്പിക്കുന്നു 
നിനക്ക് ഞാനല്ലാതെ വേറെ ആരാ പെണ്ണേന്ന് 
മറുചിരി ചിരിക്കുന്നു .

2015, മാർച്ച് 6, വെള്ളിയാഴ്‌ച

ഒരില

ഒരില ..പഴുത്ത ഇല 
അടർന്നു താഴേക്ക് ..
മറവിയിലേക്ക് 
പതിക്കാൻ മടിക്കുന്ന 
ഒരോർമ്മ പോലെ .
മനസ്സിന്റെ വിഹ്വലതകളിൽ
നിന്നും പുറപ്പെട്ടൊരു
പൊടിക്കാറ്റിൽ
താളം പിടിച്ച് പിടിച്ച്
താഴേക്ക് ...
ഒടുക്കത്തിന്റെ
അവസാന നിമിഷങ്ങളിലേക്കുള്ള
ദൂരങ്ങളെ താണ്ടി
ആയത്തിലായത്തിൽ. ...

ഞാൻ ബാക്കി വെക്കേണ്ടത്

നഷ്ടപ്പെട്ടു പോയൊരു  പുഴ
വഴി മിച്ചം വെക്കും  പോലെ
ഇവിടെ ഉണ്ടായിരുന്നു
എന്നതിനടയാളമായ്
ഞാനും ചിലത് ബാക്കിവെക്കണം
നിറം മങ്ങിയ ചിത്രങ്ങളോ,
വക്ക് പോയ കവിത-
തുണ്ടുകളോ,
ക്ലാവുപിടിച്ച ചില
സ്വപ്നങ്ങളോ എങ്കിലും  .
മരണം  സൃഷ്ടിക്കുന്ന
ശൂന്യതയിൽ
എനിക്കെന്നെ രേഖപ്പെടുത്താൻ
വേണ്ടി വരുന്നത് .
വിവർത്തനം ചെയ്ത് ചെയ്ത്
നഷ്ടപ്പെടുന്ന ഒരു കവിതയിൽ
എന്നെ അടയാളപ്പെടുത്തി
ഒരു പൂവോ ..അല്ലെങ്കിൽ
ഒരു കുരിശോ വരയ്ക്കുവാൻ .
ഞാൻ മരിച്ചു പോയെന്ന്
ഞാൻ പോലും മറന്നുപോകും മട്ടിൽ
എന്നെ ബാക്കി വെക്കാൻ
എനിക്ക് നിന്നെ ....
ചിലപ്പോൾ മാത്രം....
നിന്നെ വേണ്ടിവരുമായിരിക്കും.

2015, ഫെബ്രുവരി 24, ചൊവ്വാഴ്ച

നഷ്ടങ്ങൾ

ഡീ കോഡ്‌ ചെയ്യാനാകാത്ത
ചില സന്ദേശങ്ങൾ എനിക്കുചുറ്റും 
എന്നെ പിരിച്ചെഴുതൂ 
എന്ന് വിലപിച്ചു കൊണ്ട് 

ചില മുഖങ്ങൾ ..ഭാവങ്ങൾ 
കാണാതെ പോകുന്നത്  
കണ്ടില്ലെന്നു മനസ്സിനെ 
വിശ്വസിപ്പിക്കുന്നത് 

ആൾക്കൂട്ടത്തിൽ പോലും 
തനിച്ചാകുന്ന 
ചില നിമിഷങ്ങൾ 
കൈയിൽ നിന്നൂർന്നുപോകുന്ന 
ചില വിരൽതുമ്പുകൾ 

......
ഇവയെ എല്ലാം ഞാൻ 
മനസ്സിന്റെ ഏതു പെട്ടിയിൽ 
ഇട്ടാണാവോ 
അടച്ചു പൂട്ടേണ്ടത് . 

2015, ഫെബ്രുവരി 11, ബുധനാഴ്‌ച

ശൂന്യത

ശൂന്യത ഒരു
വികാരമാകുന്നു .
അതെന്നിൽ നിറഞ്ഞു
തുളുമ്പി ചുറ്റുപാടുകളെയും
ബാധിക്കുന്നു.
എന്നിൽ നിന്ന്
എന്റെ ആകാശത്തേയും ,
ഭൂമിയേയും
എന്റെ പൂക്കളേയും ,
പുഴകളേയും എല്ലാം
ഒരു തൂവാലയാൽ
ഒപ്പിയെടുത്തിരിക്കുന്നു
ശൂന്യത.. അതെന്നിൽ
പൂർണ്ണമായിരിക്കുന്നു .
നിന്നോട് ഞാൻ
പ്രണയത്തിലായിരിക്കുന്നു .

2015, ജനുവരി 4, ഞായറാഴ്‌ച

അകത്തളങ്ങൾ

നിങ്ങളറിഞ്ഞിരുന്നുവോ
ഇരുട്ടിനത്മാവ് പുതച്ചിരുന്ന
നമ്മുടെ അകത്തളങ്ങളെ.
ഇന്നലകളുടെ
നെടുവീർപ്പുകളെ.
മുനിഞ്ഞ്‌ കത്തുമീ
എണ്ണ വിളക്കിൻ
വെളിച്ചത്തിൽ മാത്രം
ശോഭിച്ചിരുന്നോരീ
ഇടനാഴികളെ.
ഇവിടെയെന്നും
പ്രകമ്പനിക്കുന്ന
തേങ്ങലലകളെ.
കണ്ണുനീരിൻ ഉപ്പുചുവകളെ.
ജനിച്ചനാൾ മുതലിന്നുവരെ
കാണാത്ത പൂമുഖ പ്പടിയുടെ
പ്രൗഢിയേറും കഥകൾ ചൊല്ലും
മുത്തശ്ശി മാരും,
അടുക്കളതന്നെയെന്റെ
സാമ്രാജ്യം എന്ന്
അടുപ്പ് കല്ലുകളോട്
പടവെട്ടും സ്ത്രീ ജനങ്ങളും.
ഇഷ്ടങ്ങളോ ?, അതെന്തെന്നുറക്കെ
സംശയിക്കുവാൻ  പോലും
ധൈര്യമില്ലാത്തവർ,
പണ്ട് പണ്ടിങ്ങനെയും  ചിലർ.
നമ്മുടെയകത്തളങ്ങളിൽ
മാത്രമായ്.
അവ്യക്ത ജീവിത ലക്ഷ്യങ്ങളിലും
കൈതപ്പൂ മണമുള്ള നേര്യതിൽ
ലോകം കാണുന്നവർ.
ഇവർക്ക് പാടാനും ആടാനും
നീന്തി തുടിക്കുവാനും
അങ്ങ് മാനത്ത് ദൂരെയൊരു
തിരുവാതിര നക്ഷത്രമുദിക്കണം
ഇവർ നമ്മുടെയകത്തളത്തിൻ
ആത്മാവുകൾ ,
ഇന്നലകളുടെ അമ്മമാർ .




2015, ജനുവരി 2, വെള്ളിയാഴ്‌ച

ഏകാന്തതയുടെ തുരുത്ത്

അറിഞ്ഞോ അറിയാതെയോ 
ഞാൻ വീണ്ടുമീ  ഏകാന്തതയുടെ 
തുരുത്തിലേക്കെടുത്തെറിയപ്പെട്ടു .
ഏതൊക്കെയൊ  ദുസ്വപ്നങ്ങൾ
നിഴൽ വിരിക്കുന്നോരു
തുരുത്തിലേക്ക് .
ശൂന്യമായ  ചിന്തകളെ പ്പോലും
വെട്ടിപ്പിടിക്കുന്ന ദുസ്വപ്നങ്ങൾ .
ഒട്ടും അതിശയോക്തി അല്ലന്നേ
അവ വെട്ടിപ്പിടിക്കുക തന്നെയായിരുന്നു.
ചെറുതും വലുതുമായ
ഓർമ്മകളിലേക്കാണവ
ഇരച്ചു  കയറിയത്.
ഓർമ്മകളാണ് ഏകാന്തതയെന്ന്
നിരൂപിച്ചിരിക്കുമ്പോളാണ്
ഞാൻ ദുസ്വപ്നങ്ങളുടെ
വേലിയേറ്റത്തിന് ഇരയായത്.
മരണമെന്ന ശൂന്യത കൊണ്ട്
പോരാടാൻ ഉറച്ചിട്ടും
പകുതിവഴിയിലെപ്പോഴോ
ആയുധം നഷ്ടപെട്ടവളായ്
പകച്ചു നിൽക്കേണ്ടി വന്നു
ഒടുവിൽ കണ്ടു മടുത്തയീ
കാഴ്ചകൾക്ക് മുന്നിൽ
എന്റെ കണ്ണുകളേയും
കേട്ട് കേട്ട് മരവിച്ച
വാക്കുകൾക്ക് മുന്നിൽ
എന്റെയീ  ചെവികളേയും
ഞാൻ ഉപേക്ഷിക്കുന്നു.
ഇനി മൌനങ്ങൾ മാത്രം.
അർത്ഥവത്തായ
മൌനങ്ങൾ ..മാത്രം . 



2014, ഡിസംബർ 22, തിങ്കളാഴ്‌ച

മടുത്ത് മടുത്ത് അങ്ങനെ...

ഈ മടുപ്പിനെ
മടുത്ത്...മടുത്തങ്ങനെ..
ഞാൻ എന്നിൽ
മരിച്ചു ...മരിച്ചങ്ങനെ..
ഓർമ്മകളെ ഇരുട്ട് കൊണ്ട്
പുതച്ചു ....പുതച്ച്...
നീയോ ഞാനോന്ന്
ഏറ്റു ചൊല്ലി ..ചൊല്ലി...
ആരുമില്ല ആരുമില്ലെന്ന്
ഉള്ളിലറിഞ്ഞ്
പിന്നെ, പൊട്ടിപ്പോകും
പട്ടുനൂലുകളെ ചേർത്ത്
കെട്ടി നോക്കി നോക്കി
അന്തമില്ലാത്ത ഈ പടവുകളെല്ലാം
ഇറങ്ങി ..
              ഇറങ്ങി ...
                           ഇറങ്ങി ...
നാളെയും നേരം -
വെളുക്കുമെന്നുറപ്പിച്ച്
പിന്നെയും ജീവിതം
ഇങ്ങനെ നീണ്ടു ...നീണ്ട്...
എന്നെ ഞാൻ കാണാണ്ടാകും
വരെ .


2014, ഡിസംബർ 2, ചൊവ്വാഴ്ച

ഇരുട്ട് അറിയാൻ - ഇരുട്ടിനെ അറിയാൻ


ഇരുട്ടിന്റെ വിരി വിരിച്ചാണ്
ഞനെന്റെ മനസ്സിന്റെ
അടഞ്ഞ വാതിലുകൾ
മറയ്ക്കാറ്‌.. എന്നും
മേൽകൂരയിലെ
മഴവെള്ളം ചോരുന്ന
ഓട്ടകളും ഇരുട്ടുകൊണ്ടാണ്
അടയ്ക്കാറ്‌.

ചൂണ്ടു വിരലിന്റെ
ആക്രോശങ്ങളെയും
ചെവികീറുന്ന
അട്ടഹാസങ്ങളെയും
പുറത്തെ വെളിച്ചത്തിൽ
ഉപേക്ഷിച്ചു -
ഇവിടെയീ ഇരുട്ടിൽ
ചുരുണ്ടുകൂടിയാണ്
സ്വസ്ഥം ഞാനെൻ അമ്മയെ
ഓർക്കുന്നത് പലപ്പോഴും.

ഈ ഇരുട്ടാണ്  പലപ്പോഴും
നിന്റെ  മുഖം മൂടികളെ 
പറിച്ചെറിയാറ്‌,
നീ പോലുമറിയാതെ .

കണ്ണാടിയിൽ തെളിയുന്ന
കണ്‍തടത്തിലെ ഈ കറുപ്പ്
കറുപ്പല്ല ,ഇരുട്ടെന്ന്
എനിക്കല്ലേ അറിയൂ
കവിളിലേക്കൊഴുകിയ
കണ്ണുനീർ ചാലുകൾ
ഞാൻ ഇറങ്ങിയ ഇരുട്ടിന്റെ
എന്നിലേക്കു തെളിഞ്ഞ  വഴികളും 

അവിടവിടെ തെളിയുന്ന
എന്റെ വെള്ളി നരകളും
ഇരുട്ടിലേക്കിറങ്ങുമ്പോൾ
ആരും കാണില്ല
ഇരുട്ടിന്റെ കറുത്ത  മഷികളാൽ
അവയും ഞാൻ ചായം പൂശുന്നു

എന്നിട്ടും ഒരു കറുത്ത വാക്കുപോലും
എന്നോട് പറയാതെ
എന്നെ എന്നും ചേർത്തു -
പിടിക്കുന്നീ  ഇരുട്ട്.
എനിക്കുപോലും കാണാത്ത-
വണ്ണമെന്റെ ദുഃഖങ്ങളെ
മറയ്ക്കുന്ന ഈ ഇരുട്ടിനെ
എന്റെയത്ര വേറെയാർക്കറിയാൻ  .









വിലക്കുകൾ

നീ കരയരുത്
നിന്റെ കണ്ണിലൊടുങ്ങാത്ത
ഒരു കടലുണ്ട്,
നിന്നിൽ നിന്നും പുറപ്പെട്ട്
എന്നേയും ഈ ലോകത്തേയും
മുക്കികളയാനുള്ളത്ര. 
നിന്റെ സ്വപ്നങ്ങളെയും 
ഇങ്ങനെ അഴിച്ചു വിടരുത്
അവയിൽ നിന്റെ ദുഃഖത്തിന്റെ
കൊടുംങ്കാറ്റിനലകൾ 
ഒതുക്കി വെച്ചിരിക്കുന്നു
തരംകിട്ടിയാൽ
കെട്ടുപൊട്ടിച്ച് ആർത്തലയ്ക്കാൻ .
നിന്റെ ചിരികൾ
ജനിയ്ക്കുംമ്പോഴേ
ചുണ്ടിൽ മരിക്കുവാനുള്ളത്
വിരിയും മുന്നേ കൊഴിയും
പൂക്കളെപ്പോലെ.
മരിച്ചു വീഴുന്ന നിന്റെ
ചിരികൾക്കും, പൂട്ടിയിട്ട
നിന്റെ സ്വപ്നങ്ങൾക്കും കൂടി
ഞാൻ ഒരു വിലയിടുന്നു
നിന്റെ വില , നിന്റെ
ജീവിതത്തിന്റെ വില . 

2014, നവംബർ 30, ഞായറാഴ്‌ച

എന്റെ തിരച്ചിൽ

ഞാൻ ആരെന്നു
ഞാൻ സ്വയം
ചോദിച്ചുകൊണ്ടേ ഇരിക്കുന്നു
പിന്നിട്ട വഴിത്താരകൾ
ഒന്നും പറയുന്നതെ  ഇല്ല
എന്നെ അറിയുമെന്ന്
കടന്നു പോയ
മുഖ ങ്ങളിൽ ഒന്നും
കാണുന്നതേയില്ല
ഒരു പുഞ്ചിരി പോലും
ഞാനൊരു ശൂന്യമായ
ആരോ പറിച്ചെറിഞ്ഞ
കടലാസ് കഷ്ണം പോലെ
എങ്കിലും തിരയുന്നുണ്ട്
ഇന്നും ഞാൻ
എന്നെ മാത്രം തിരിച്ചറിയുന്ന
കണ്ണുകളെ
എനിക്കായ് പുഞ്ചിരി
സൂക്ഷിക്കുന്ന
മുഖങ്ങളെ
എന്നെ അറിയുമെന്നു
സാക്ഷ്യം പറയുന്ന
കുറച്ചു മനുഷ്യരെ .

2014, നവംബർ 24, തിങ്കളാഴ്‌ച

കാത്തിരിപ്പ്

"ഞാൻ വരും"- എന്ന്
നീയെഴുതി നിർത്തിയിടത്തിൽ
തന്നെ കാത്തിരിക്കുകയാണിപ്പോഴും
ഈ ഞാൻ, അങ്ങനെ തന്നെ ,
അന്നത്തെ പോലെ തന്നെ,
മാറ്റമേതുമില്ലാതേ.

2014, നവംബർ 20, വ്യാഴാഴ്‌ച

കനൽ ചിന്തുകൾ .

മൌനങ്ങൾ വളർന്ന് എന്നെ
വിഴുങ്ങുവാനായുമ്പോൾ
നീയെന്ന ശൂന്യത
ഇത്ര വലുതെന്ന്
ഞാനറിയുന്നു .
അതെന്നിലൊരു പ്രളയം
പോലിരച്ചു കയറിയെന്നെ
കീഴ്പെടുത്തുന്നു .
പിന്നെ... ഓരോ നാഴികമണി മിടിപ്പും
രേഖപ്പെടുത്തുന്നു എന്റെ മരണം .
നിന്നെ കാണാതെ ,
കേൾക്കാതെയസാധ്യമാകും
ദിനരാത്രങ്ങളിൽ
പൊള്ളിക്കുമൊരു
കനൽചിന്തായ്
ഒറ്റപ്പെടൽ ചിന്തയായ്
നീ .
കവിതകളുടെ
വീഞ്ഞിൽ മുങ്ങി
മറക്കുവാൻ ശ്രമിക്കേ
തികട്ടുന്നോർമ്മകൾ
വീണ്ടും .
ഒരു നിശ്വാസത്തിൽ
മറ്റൊരു മിഴിനീർ തുള്ളിയിൽ
മറയ്ക്കുന്നെൻ മനസ്സിനെ
എന്നിൽ നിന്നും.
ഏതോ നിശബ്ദതയിൽ
നിന്നും ഉയിർക്കുമൊരു
മണിനാദത്തിൻ പിന്നാലെ
വെളിപ്പെടാം നിന്റെ
സ്നേഹത്തിന്റെ സുവിശേഷം
അവിടെ ഞാൻ വീണ്ടും
മൊഴിയറ്റവളാകുന്നു.




2014, നവംബർ 7, വെള്ളിയാഴ്‌ച

ഉൾക്കാഴ്ച്ച



ഓടി ഒളിയ്ക്കുവാനൊരു
കാടിനിയില്ലത്രേ .
കാലമേ അറിക -
ഇന്നിവിടെ ഞാനൊറ്റ .
ചെമ്പട്ടുടുത്തർക്കൻ 
കടലിൽമുങ്ങി 
മരിക്കുമ്പോളൊക്കെ
ഞാനും കറുത്തിരുണ്ടയെൻ 
നഷ്ടസ്വപ്നങ്ങളിൽ
മുങ്ങിത്താഴ്ന്നിരുന്നു. 
നാളെയുടെ ഭാഗ്യം
കൈവെള്ളയിലെ
വരകളിൽ പിടയുന്നത് കണ്ടിരുന്നു
എന്നാൽ ,
എന്നിലെ ജനനമരണ -
ചക്രത്തിന്റെ ഗതി
വേഗങ്ങളെണ്ണി
പൂർണ്ണതയെന്നതൊരു
ഉൾക്കാഴ്ച്ച മാത്രമെന്ന
ബോധത്തിന്റെ
നൂൽപ്പാലവും കടന്നു
ഇവിടെയീ ബോധിമരച്ചുവട്ടിൽ
ഞാനിന്നേകനാണ് 
ആത്മ ബോധത്തിന്റെ
കുണ്ഡലീനിയെ ഉണർത്തി
നീ എന്ന ശക്തിയിലേക്ക് 
ഒടുങ്ങാൻ

2014, നവംബർ 3, തിങ്കളാഴ്‌ച

നിധി പെട്ടി

ഒറ്റപ്പെടലിന്റെ
പാരമ്യത്തിൽ,
നിശബ്ദതയുടെ
കനത്ത ആലിന്ഗനത്തിൽ
നിന്ന് രക്ഷപെടാൻ,
ഞാൻ വീടാകെ
പരതാൻ തുടങ്ങും
എനിക്കായ് മാത്രം
എവിടെയോ
സൂക്ഷിക്കപ്പെട്ടിരിക്കുന്ന
ഒരു നിധി പെട്ടിക്കായ്‌.
എന്റെതായ നൊമ്പരങ്ങളെയും-
സ്വപ്നങ്ങളെയും
കാത്തുവെച്ചിരിക്കുന്ന
ഒരു നിധിപ്പെട്ടിയ്ക്കായ്‌.
പഴകി ദ്രവിച്ച
ഒരു പട്ടുചേല കഷ്ണം
പോലെ പഴമ മണക്കുന്ന
അമ്മ ഓർമ്മകളെയും
തിളക്കമറ്റ-
ഒരു ഒറ്റ കാൽത്തളപോലെ-
ഒട്ടേറെ കഥകൾ
പറയാതെ പറയുന്ന
എന്റെ ബാല്യത്തെയും
എല്ലാം അടക്കി സൂക്ഷിച്ച്
ശ്വാസം മുട്ടുന്ന ഒരു
നിധി പെട്ടിയെ .
ആവർത്തിക്കപെട്ടേക്കാവുന്ന
ഈ നിമിഷങ്ങളിൽ
നെഞ്ചോടു ചേർത്ത്
പിടിച്ചാശ്വസിക്കാൻ
കൈമാറി പോണം എനിക്ക്
ഇതെന്റെ മകൾക്കായ്‌ .



2014, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

നാമെന്ന പ്രപഞ്ചo

ഒരു ചുംബനത്തിൽ
നീ എന്നിലേക്കും
ഞാൻ നിന്നിലേക്കും
എരിഞ്ഞ് ഇല്ലാതാകുമെങ്കിൽ
ആ ചുംബനത്തീയ്ക്കായ്‌ ..


ഒരാലിംഗനത്തിൽ
നീ എന്നിലേക്കും
ഞാൻ നിന്നിലേക്കും
ചേർന്നലിഞ്ഞില്ലാതാകുമെങ്കിൽ
ആ ഒരു നിമിഷത്തിനായ് ..

ഞാൻ എന്നാ അഹങ്കാരo
നിന്റെ പ്രണയമെന്ന
പ്രളയത്തിൻ ആവേഗങ്ങളിലേക്ക്
എടുത്തെറിയപ്പെടട്ടെ

നീ കാറ്റെങ്കിൽ
ഞാനൊരൊറ്റ മരമായും
നീ പേമാരിയെങ്കിൽ
ഞാനൊരു പുൽനാമ്പായും
നിന്റെ ഗര്‍ജ്ജനത്തെ
പ്രണയ ഗീതകമായും
ഞാനറിയട്ടെ .    

നമ്മുടെ ശ്വാസനിശ്വാസങ്ങളുടെ
തോർച്ചകൾക്കൊടുവിൽ
ഈ പ്രപഞ്ചമെന്നത്
നാമെന്ന സത്യവും വെളിവാകട്ടെ .



2014, ഒക്‌ടോബർ 19, ഞായറാഴ്‌ച

ഇന്നലത്തെ സ്വപ്നം

ഇന്നലെ ഞാൻ കണ്ട
സ്വപ്നത്തിൽ
എന്റെ മരണത്തെ
ഞാൻ തന്നെ
അടയാളപ്പെടുത്തുകയായിരുന്നു

എപ്പോഴോ
ഞാൻ തന്നെ എന്നെ
മരണപ്പെടുത്തുകയും
ശവമുറികളിൽ
ഞാൻ തന്നെ തിരിച്ചറിയുകയും
ചെയ്യുന്നു

എന്നെ ഞാൻ തന്നെ
പിന്തുടരുന്ന സ്വപ്‌നങ്ങൾ
ഉണർവ്വിലും
വിടാതെ പിന്തുടരുകയും
എന്നെ ഭയപ്പെടുത്തുകയും
ചെയ്യുന്നു

ഇന്നെങ്കിലും എനിക്കൊന്നുണരണം
സ്വസ്ഥമായ്‌
സ്വപ്നങ്ങളൊന്നുമേ
പിന്തുടരാത്ത
ശാന്തമായ ഒരുറക്കത്തിലേക്ക് .



2014, ഒക്‌ടോബർ 6, തിങ്കളാഴ്‌ച

അഹംബോധo

നിനക്കറിയാം എന്നും
വിലയില്ലാതാകുന്നത്
നിന്റെ സ്വപ്നങ്ങൾക്കാണെന്ന്,
മാറ്റി വെയ്ക്കപ്പെടുന്നവ
നിന്റെ ആവശ്യങ്ങളും .
ചില സമയങ്ങളിലെ
നിന്റെ സാമിപ്യം പോലും
വിസ്മരിക്കപെടുന്നുണ്ടെന്നും .
ഒരു ശൂന്യത എന്നോളവും -
നിന്നോളവും വളർന്ന്
ആകാശം മുട്ടുന്നുണ്ടെന്നും .
എങ്കിലും .....
വഴികളിൽ
തളരുമ്പോഴെല്ലാം
നിൻ നിഴലൊരു കുളിർ -
ത്തണലായ് മാറുന്നതും.
കാലിടറുമ്പോൾ
രണ്ടു നക്ഷത്ര കണ്ണാൽ
പിടിച്ചുയർത്തുന്നതും.
ചെറു പുഞ്ചിരിയൊരു 
ആശ്വാസ തലോടലാകുന്നതും.
അറിയായ്കയല്ല
പെണ്ണേ ..
ഇതോരാണിന്റെ അഹംബോധമാണ്
അവന്റെ  പ്രണയത്തിൻ അഹങ്കാരമാണ് 
പെണ്ണേ ..