https://lh3.googleusercontent.com/.../w426-h284/15+-+1

2014, ഫെബ്രുവരി 15, ശനിയാഴ്‌ച

ജാലകത്തിന്റെ പ്രതീക്ഷകൾ

ഈ ജാലകത്തിൻ ഇത്തിരി
ചതുരവട്ടത്തിൻ  അപ്പുറമായ്
കാഴ്ച്ചകൾ കാത്തിരിക്കുന്നെന്നെ.
ഈ ജനലഴികൾക്കും പറയുവാൻ
ഏറെ കഥകളുണ്ടായിരിക്കണമിന്നു. 
ഓരോ കഥയുടെ ഒടുക്കവും
ഒരു മഴപെയ്യുമായിരിക്കുംമെന്നിൽ .
ഓരോ മഴയുടെ ഒടുക്കവും
ഞാൻ നിന്നെയും  തിരയുമായിരിക്കും
എന്റെ കാഴ്ച്ചകൾ എത്തുന്നിടം  വരെ.
മാമരപച്ച യും ആകാശ നീലയും
ജാലക പഴുതിലൂടൊളിച്ചു നോക്കും നേരം.
നിന്റെ ഓർമ്മകൾ ഒരുകടലായ്
എൻ മിഴികളിൽ തിരയിളക്കുന്നു .
ഇരച്ചു കേറുന്നയീ കരിഞണ്ടുകൾ
വരച്ചു തീർക്കുന്നയീ വേദനയുടെ
കവിതകൾക്കുമപ്പുറം
നുരച്ചു പൊന്തുന്നു  നിന്റെ ചിന്തകൾ,
എന്നോ പെയ്തു തീർന്നിട്ടും
 പൊഴിച്ചുകൊണ്ടിരിക്കുന്നു
മരങ്ങൾ നിന്നെ ഇപ്പോഴും എന്നപോലെ.
മങ്ങിയ കാഴ്ച്ചകളിൽ
പരക്കുന്നീ വർണ്ണങ്ങൾ
നീ പ്രണയത്തിൽ ചാലിച്ച്
ഉപേക്ഷിച്ചവ എങ്കിലും .
കാത്തു സൂക്ഷിക്കുന്നു
ഈ മുടിച്ചുരുളുകൾ
പൊഴിഞ്ഞു പോയതെങ്കിലും
നിനക്ക് പ്രീയപെട്ടവ .
തറച്ചുകേറുന്ന സൂചിമുനയിൻ
വേദനകളെ  മറക്കുവാൻ
ഓർക്കുന്നു ഞാൻനിൻ മുഖം,
നിന്നോർമകളിൽ ഇന്നെൻ
മുഖമില്ലെന്നാകിലും. 
മരുന്ന്ഗന്ധമെന്നറച്ചു നീ-
യെങ്കിലും പ്രീയമെനിക്കീ
കുടുസുമുറിയും ജാലകവും
ഇവിടെ നിന്നോർമകളും ഞാനും
പിന്നെയീ ജാലകത്തിൻ പ്രതീക്ഷകളും
മാത്രം .

*************************



2014, ഫെബ്രുവരി 13, വ്യാഴാഴ്‌ച

എന്റെ ഏകാന്തത

എന്റെ ഏകാന്തത
എന്റെ പ്രണയം
എന്റെ വിരഹവും
എന്റെ സ്വപ്നങ്ങളുടെ
വിതഭൂമിയും.

എന്റെ കിനാവിൽ
പ്രണയം പൂക്കുന്നതും
അതിൽ വിരഹം
 തേങ്ങുന്നതും
ഈ  ഏകാന്തതകളിൽ മാത്രം.

എന്റെ സ്വപ്നങ്ങളിലെ
പച്ചപ്പുകൾ പൂക്കുന്നതും
ആ മരച്ചില്ലകളെ
കാറ്റുലക്കുന്നതും 
ഈ  ഏകാന്തതകളിൽ മാത്രം.

അക്ഷര ശലഭങ്ങളിവിടെ
പറന്നിറങ്ങുന്നതും
ഈ നിശാഗന്ധിതൻ
പാതിരാ സുഗന്ധം
gulmoharmagazine@gmail.com
പരത്തുന്നതും 
 ഈ  ഏകാന്തതകളിൽ മാത്രം.

 ഈ മരുഭൂമിയിൽ
ചിലപ്പോളൊരു മഴയിൽ
നറു വസന്തം വിരിക്കുന്നതും
പെയ്യാതെ കുറുമ്പുന്ന
മേഘ കുഞ്ഞിനെ
കിഴുക്കുന്നതും 
ഈ ഏകാന്തതകളിൽ മാത്രം .

 എന്റെ ഏകാന്തത
 എന്റെ  പ്രണയിനി
ഇവിടെ സ്വപ്‌നങ്ങൾ
 കൊയ്യുന്നു ഞാൻ.









2014, ഫെബ്രുവരി 9, ഞായറാഴ്‌ച

പ്രണയമേ

പ്രണയമേ
എന്റെ ഓർമകൾ
 നിന്നെ തിരയുകയാണ് ഇന്ന്.
എന്റെ മനസ്സാകട്ടെ
നിന്നെ മറക്കാൻ ശ്രെമിക്കുകയും.
നിന്റെ  ചോദ്യങ്ങളുടെ
ഉത്തരമായിരുന്നു ഞാൻ .
നിനക്കാശ്വസിക്കാനൊരു
അരയാൽ തണലും ഞാൻ
തന്നെയായിരുന്നു .
എന്റെ ഹൃദയ വേരുകൾ
എപ്പോളും നിന്നിലേക്ക്
നീണ്ടിരുന്നു .
നീ എന്നിലേക്ക്‌ പെയ്ത മഴകൾ
ഞാൻ നിന്നിൽ എണ്ണിതീർത്ത
നിന്റെ ചിന്തകളുടെ
തിരകൾ ..
ഭൂമിക്കും ആകാശത്തിനും
കൊടുക്കാതെ നിനക്കും
എനിക്കുമായ് പങ്കുവെച്ച
എന്റെ സ്വപ്‌നങ്ങൾ.
 ഹാ ..ഓർക്കുക ദുഷ്കരം.
ഇന്ന് നീയൊ ഞാനോ
അല്ലെങ്കിൽ നമ്മുടെ മനസ്സുകളോ
അകലെയായത് .
എങ്കിലും നിന്റെ നനുത്ത വിരൽ
സ്പർശത്തിൻ ഓർമ്മകൾ
എന്റെ പുലർക്കാല സ്വപ്നങ്ങൾക്ക്
ചന്ദനം  ചാർത്തിയിരുന്നു .
എന്റെ മനസ്സ് നിറഞ്ഞു
 കവിഞ്ഞൊഴുകുന്ന
നിന്റെ സ്നേഹത്തിൽ
ഞാനറിയുന്നെൻ  പ്രണയമേ .
ഞാൻ എന്നേ നിന്നിൽ
 നഷ്ടപെട്ടിരുന്നുവെന്ന് .
ഞാൻ നീയായിരുന്നുവെന്നു .



2014, ഫെബ്രുവരി 8, ശനിയാഴ്‌ച

ജടാടവീഗളജ്ജലപ്രവാഹപാവിതസ്ഥലേ
ഗളേഽവലംബ്യലംബിതാം ഭുജംഗതുംഗമാലികാം
ഡമഡ്ഡമഡ്ഡമഡ്ഡമന്നിനാദവഡ്ഡമർവയം

ചകാരചണ്ഡതാണ്ഡവം തനോതു നഃ ശിവഃ ശിവം..


ശിവതാണ്ഡവസ്തോത്രം ..ആണ് ..ഡമഡ് ഡമഡ് എന്നിങ്ങനെ തുടർച്ചയായി ഡമരു  ശബ്ദം പുറപ്പെടുവിക്കുമ്പോൾ ശിവന്റെ കാടുപിടിച്ച ജടയിലൂടെ ഊർന്നിറങ്ങിയ ഗംഗാപ്രവാഹത്തിനാൽ പവിത്രമാക്കപ്പെട്ട സ്ഥലത്ത് കഴുത്തിനെ അവലംബിച്ച് പൂമാലയെന്നപോലെ ഉഗ്രസർപ്പത്തേയും തൂക്കിയിട്ട് ഉഗ്രതാണ്ഡവം നടത്തുന്ന ശിവനേ ഞങ്ങൾക്ക് മംഗളത്തെ തന്നാലും.

എന്റെ വീടിന്റെ പുലമ്പലുകൾ

എന്റെ വീടെന്നോടു  പറയുന്നു
വൈകുന്നേരങ്ങളിൽ കൂടെ
 നടക്കാൻ ചെല്ലണമെന്നു

പണ്ടത്തെ പോലെ
എനിക്ക് സ്നേഹമില്ലാന്ന്-
അയലത്തെ വീടിനെ
ചൂണ്ടി ചിണുങ്ങുന്നു.

സായാഹ്നങ്ങളിൽ
ഒരുമിച്ചിരിക്കുന്നില്ലാന്നു
കളിവാക്കുകളിൽ
പൊട്ടിചിരിക്കുന്നില്ലാന്നു
 ഊണുമേശയിൽ
പാത്രങ്ങൾ പറയുന്നില്ലാന്നു
കുഞ്ഞു   കഥകളിൽ
ഉറക്കുന്നില്ലാന്നു
എന്തിനു കണ്‍നിറയേ കണ്ടിട്ട്
കാലമേറെയായെന്നു .

വീടറിയുന്നില്ലല്ലോ
എന്റെയീ പാച്ചിലുകൾ
കഴുത്തിലെ കാണാ-
കയറിന്റെ കുരുക്കുകൾ
സായാഹ്നങ്ങൾ കട്ടെടുത്ത
ഫയലുകൾ
പാർട്ടികളിൽ കുരുങ്ങുന്ന
രാത്രികൾ
കാത്തിരുന്നു മയങ്ങി പോകുന്ന
കുഞ്ഞികണ്ണൂകൾ 
ഊണുമേശയിൽ
ഉറങ്ങി തീരുന്നവളുടെ സ്വപ്‌നങ്ങൾ
ഭാവി ഭദ്രമാക്കാൻ എന്ന് പേര്
എന്നിട്ട് ജീവിതമോ ?




കുന്നിക്കുരു

കടുത്ത വേനൽ
വരണ്ട മനസ്സ്
മരുഭൂമിയോളം
പരന്ന ചിന്തകൾ

പ്രളയം
അതെപ്പോ വേണെലുമാകാം 
ചിലപ്പോൾ
ഒരു മഴയിൽ നിന്നും
അല്ലെങ്കിൽ
ഇരു  മിഴിയിൽ നിന്നും

സ്വപ്‌നങ്ങൾ
ചിത്രശലഭങ്ങൾ
കാണാൻ നല്ല ഭംഗി
പക്ഷെ കൈയിലെത്തുന്നില്ല  .

വാക്കുകൾ
മുറിച്ചിട്ട ഗൌളിയുടെ വാൽ
തെറിച്ചു വീണു
പിടക്കുന്നു

ജീവിതം
കനലായെരിയുന്നു
ഒരു നിമിഷം മതി
അണയാനും
ആളാനും .

2014, ഫെബ്രുവരി 5, ബുധനാഴ്‌ച

ആശുപത്രി

ചുവരുകൾക്ക്  തൂവെള്ള നിറമായിരുന്നു
എന്നിട്ടും എനിക്കിഷ്ടമല്ലായിരുന്നു.
ഞാൻ നോക്കുമ്പോളെല്ലാം അതിനു
നിസ്സഹയാതയുടെ നെടുവീർപ്പിന്റെ
നിറമായിരുന്നു .
സ്ട്രെകച്ചറിന്റെ വീൽതാളത്തിനവസാനം
വേദനയും കരച്ചിലുമാണ് .
ഒപ്പമെത്താൻ കൂടെയോടുന്ന
കാലുകളെ കണ്ണാടി വാതിലുകൾ
തടഞ്ഞു നിർത്തുന്നു.
മഴവില്ലിൻ നിറങ്ങളിൽ
മരുന്നുകൾ കുഴലുകളിലൂടൊഴുകുന്നു
ഞരമ്പുകളിലേക്ക് ചേരാൻ.
വെള്ളയുടുപ്പിട്ട മാലാഖമാർ
എവിടെയും സാന്നിധ്യമറിയിച്ചുകൊണ്ടിരിക്കുന്നു.
മരുന്നുകളുടെ കുറിപ്പടികൾ
രോഗിയിലേക്കും , രോഗിയിൽനിന്നു
മരുന്ന് പുരയിലേക്കും
ജൈത്രയാത്ര തുടരുന്നു.
അക്ഷമരായവരെയും , ഏറ്റം  ദൈന്യരായവരെയും
കസേരകൾ ഒരുപോലെ സ്വീകരിച്ചിരുത്തുന്നു .
ജനനവും മരണവും
രണ്ടു വാതിലുകൾക്കപ്പുറവും
ഇപ്പുറവുമായ്  മുഖത്തോടു
മുഖം നോക്കി നിന്നു .
ഇടയിൽ താളാത്മകമായ്‌
കറങ്ങുന്ന പങ്കയും
മൊഴിയുന്നതേതോ മരുന്നിന്റെ
ജെനറിക് പേര് .
പൂമുഖത്തെ ചില്ലുകൂട്ടിൽ
ഇരിക്കുന്ന മാടപ്രാവിന്റെ
മുഖത്തെ പുഞ്ചിരി മായുന്നില്ല .
വീട്ടിൽ ഉപേക്ഷിച്ചു പോന്ന
അതിന്റെ വ്യാകുലതകളെ
ആരും കാണുന്നുമില്ലാ .
ചൂലുകൊണ്ടടിച്ച്‌ നോക്കി
തുണി നനച്ചു തുടച്ചും നോക്കി
എന്നിട്ടും പോകുന്നില്ലീ
മനസ്സിൽ പിടിച്ച " മാറാല "

2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

ഭ്രാന്ത്

ചിത്ത ഭ്രമം 
ചിന്തകളിൽ
 വണ്ടുകളെ
മൂളിക്കുന്നു .
നൂലുപൊട്ടിയ
പട്ടം പോലെ
ആർത്തലക്കുന്ന
 മനസ്സിൻ
 പുലമ്പലുകളിലെ 
സത്യം നിങ്ങളുടെ
സ്വൊര്യം  കെടുത്തുന്നു .
പോകും വഴിയെല്ലാം
കലമ്പുന്നീ ചങ്ങലപൊട്ട്
എന്നോടാരും  കാണാതെ 

പുറത്തു..

 ചിതല് പിടിച്ച
തത്വശാസ്ത്രത്തെ  
തെരുവിൽ വെയിലു-
കൊള്ളാനിട്ടിരിക്കുന്നു .
വിൽപ്പനക്കുണ്ട് 
നീതി ദേവത
ഇരുമ്പുകടയിൽ.
കണ്ണിലെ കെട്ടും
അങ്ങനെ തന്നെയുണ്ട്‌ .
ചുറ്റിലും മുറുകുന്ന
നിഴൽകൂത്തുകൾ .
ഇരുളിൽ ഉണരുന്ന
മാന്യൻ മാർ.
മരിച്ചു വീഴുന്ന
ആദർശങ്ങൾ .
ഇത് കണ്ടെങ്ങനെ
ചിരിക്കാതിരിക്കും.
ആർത്തു വിളിച്ചോളൂ
ഭ്രാന്തിയെന്നു നീ.
ഭ്രാന്തിയാണ് ഞാൻ.
ഭ്രാന്തില്ലാത്തവർ നിങ്ങൾ.

2014, ഫെബ്രുവരി 3, തിങ്കളാഴ്‌ച

നർത്തകി

വിരിയിന്നു മുദ്രകൾ വിരലുകളിൽ
തെളിയുന്നു ഭാവങ്ങളീ വദനത്തിൽ
ഒരു  നിമിഷത്തിൽ അഗ്നിയും
മറു നിമിഷത്തിൽ ലജ്ജയും
പൂക്കുന്നീ കരിമിഴിക്കൊണുകളിൽ
ശിരസ്സു പകുത്തു
സൂര്യനും ചന്ദ്രനും
മെടെഞ്ഞിട്ടൊരു മുടിയിൽ
കുഞ്ചലവും
കൈകളിൽ ജ്വലിക്കുന്നു
അൽത്തയിൻ ചുവപ്പ് 
ചിലങ്കകളിൽ  തീർക്കുന്നു
ചടുല താളത്തിൻ
മായിക പ്രപഞ്ചവും
രാഗവും താളവും
സമന്വയിക്കുമ്പോൾ
വേദിയിൽ തീരുന്നൊരു  
മോഹന- നടന ശില്പം
ഉയരുന്നീ  നൂപുര ധ്വനിയിൽ
മതി മറന്നാടുന്നു നീയും .

2014, ഫെബ്രുവരി 1, ശനിയാഴ്‌ച

ചെരുപ്പുകുത്തി

 ചെരുപ്പുകുത്തി
..............................
ഞാൻ ചെരുപ്പുകുത്തി.
കാണുമ്പോൾ തന്നെ
നിങ്ങളുടെ കാലിലേക്ക് നോക്കുന്ന,
തേഞ്ഞു പോയ ചെരിപ്പുകളുടെ
ആത്മാവിനെ തുന്നുന്ന,
നിറം മങ്ങിയോര-
ലുക്കുകളെ മിനുക്കുന്ന,
കറപിടിച്ച പല്ലുകൾ കാണിച്ചു
വരൂ എന്നു ക്ഷണിക്കുന്ന,
തുന്നാൻ സ്വന്തമായൊരു
ചെരുപ്പില്ലാത്ത,
പാത തൻ തണലോരം
കൂടാരമാക്കി -
ചുറ്റും നിരത്തിവെച്ച
വാറുപോയ ,
ഉപേക്ഷിക്കപെട്ട
ചെരുപ്പുകളുടെ
ശ്വാസം മുട്ടിയ
നിലവിളിയിൽ സ്വയം
മുങ്ങിയ ചെരുപ്പുകുത്തി .

എനിക്ക് വേണം
ഒരു ചെരുപ്പുകുത്തിയെ
പാകമാകാത്തയീ  ചെരിപ്പിനെ
എന്റെ കാലിലേക്ക് തുന്നിചേർക്കാൻ .
അല്ലെങ്കിൽ ,
എന്റെ കാലുകളെ
ഈ ചെരിപ്പുകൾക്ക്
പാകമാക്കാൻ
അഴിഞ്ഞുപോകാത്ത,
കൊളുത്തുകൾ വെച്ച്,
തേച്ചു മിനുക്കിയോരലുക്കുകൾ
വെച്ചു , നടക്കുംതോറും
ഇളകാത്തവിധം
കാലിനോട് ചേർത്ത്
തുന്നിവെക്കാൻ
എനിക്ക് വേണം
ഒരു ചെരുപ്പുകുത്തിയെ.


2014, ജനുവരി 31, വെള്ളിയാഴ്‌ച

ഞാൻ കണ്ട ചോദ്യങ്ങൾ

പിഴച്ച ജന്മമെന്ന അലർച്ചയിൽ
പകച്ച ആ പിഞ്ചു കണ്ണുകളിൽ
കണ്ടു ഞാൻ രണ്ടു ചോദ്യങ്ങൾ
പിഴച്ചതാർക്കു- "ദൈവത്തിനോ?"
"മനുഷ്യനോ ?"

" വൈദേഹി "

ഞാന്‍ വൈദേഹി..വേദന ജീവിതമെന്നറിഞ്ഞവള്‍് ,
വിരഹം വിധിയെന്ന് കരുതിയവള്‍ .
എന്നും രാമന്റെ നിഴലായവള്‍്
Add caption

2014, ജനുവരി 28, ചൊവ്വാഴ്ച

വൃദ്ധ സദനo

നിറമിഴികളാൽ യാത്രാമൊഴി-
യേകി പിന്തിരിഞ്ഞു നിന്നമ്മ.
പിന്നെയാ മുണ്ടിൻ കോന്തലയിൽ
 മൂകമായ് മായ്ച്ചുകളഞ്ഞ സങ്കടങ്ങൾ;
ആരും കാണരുതീ സങ്കടങ്ങളീ കണ്ണീരുപ്പും .

ഇനിയില്ലൊരു പിൻവിളിയെന്നറിഞ്ഞുവെങ്കിലും,
കാത്തുവെച്ചൊരു  മറുവിളി  മനസ്സിൽ  .
മങ്ങിയ കണ്ണിൻ  കാഴ്ചകളിലിന്നും
മനസ്സിൻ   വസന്തം മറയുന്നില്ല  .
പൊന്നുമോൻ അങ്ങുചെന്നു ചേരും വരെ ,
അമ്മ തൻ പ്രാർത്ഥനയുമൊടുങ്ങുന്നില്ല  .
കുഞ്ഞുമകൻ തന്നൊരാപൊട്ടിയ കളിപ്പാട്ടവും  
നെഞ്ചകം ചേർത്തു വിതുമ്പി-പിന്നെ
 പഴങ്കഥകളേറെ  പുലമ്പിക്കൊണ്ട്,
പറഞ്ഞു പഠിപ്പിച്ചു തൻ മനസ്സിനെ
ഇനി പോകും  വഴികളിലെല്ലാം-
 ഞാനീ  വൃദ്ധസദനത്തിൻ അഗതി  മാത്രം.
 ഇല്ലാ വാർധക്യത്തിൽ,
തണലായ്‌ മാറേണ്ടവൻ,
ഇനി ഇല്ലാ പൗത്രന്റെ-
കളി  കൊഞ്ചലുകളും.
 ഈ വയോജന ശാലയിൽ
നിന്നുയരുന്നെൻ  നെടുവീർപ്പുകൾ,
മേൽകൂര തട്ടി പിൻവാങ്ങുന്നു.
ഉപേക്ഷിച്ചു പോകുന്നവനറിയുന്നുണ്ടോ,
ഉപേക്ഷിക്കപെട്ടവന്റെ  വേദന.

2014, ജനുവരി 25, ശനിയാഴ്‌ച

മൌനം

നിനക്കറിയുമോ
നിന്റെ മൌനം പോലും
എന്നോട് സംസാരിക്കാറുണ്ട് .
മൌനത്തിനു ഭാഷ ഉണ്ടോ എന്ന
നിന്റെ ചോദ്യത്തിനു
ചിലപ്പോൾ കാറ്റിന്റെ
സീൽക്കാരം പോലെ
ചെവിയിൽ വന്നു
മൂളികൊണ്ടേയിരിക്കും
നിന്റെ മനസ്സിന്റെ പരാതികൾ .
ചിലപ്പോൾ കടലിന്റെ
ഇരമ്പൽ പോലെ
തിരകളുടെ താളം പോലെ

എന്നിലേയ്ക്കടിച്ചു
കേറികൊണ്ടേയിരിക്കും
നിന്റെ സ്നേഹവുമായ്‌.  
ചിലപ്പോൾ  ഒരു വിറയലാണ്
കാറ്റിൽ ഇലകളുടെ വിറയൽ പോലെ
നിന്റെ മനസ്സിന്റെ വിതുമ്പലുകൾ
പൊള്ളി പിടിക്കുന്ന പനിയിലെന്നവണ്ണം
വിറച്ചാർത്തു  വിളിക്കും
അപ്പൊ ഞാനവയെ എന്നിലേക്ക്‌
ചേർത്തു ചേർത്തു പിടിക്കും
വിതുമ്പി വിതുമ്പി ചേർന്ന് കിടക്കുന്ന
അവയെ ഞാൻ തലോടികൊണ്ടേയിരിക്കും 
ഒരു പൂച്ചകുഞ്ഞിനെ എന്നവണ്ണം
നീയൊരു കുറുകലോടെന്നിലേക്ക്‌
ചേർന്നും കണ്ണടക്കും .

2014, ജനുവരി 23, വ്യാഴാഴ്‌ച

നനുനനുത്ത പെയ്യുന്നയീ ചാറ്റൽ മഴയെ
നനഞ്ഞ പുൽമേട്ടിൽ നിന്ന് ഏറ്റുവാങ്ങണം
പിന്നെ ചറുപിറെ  പിറുപിറുക്കുമീ
ഭ്രാന്തൻ മഴയേ ഈ മരങ്ങളോടൊത്ത്‌
നനയണം
ഇടിവെട്ടി പെയ്യുന്ന ഇടവപ്പാതിയെ
ഇടവഴിയിലാർത്തു    തോൽപ്പിക്കണം
കരിമേഘക്കൂട്ടമായ് വരും
കർക്കിടകത്തെ കരിംകൊടി (കുട )കാട്ടി
 കളിയാക്കണം
ഇങ്ങനെ ഈ മനസ്സു
പറയുന്നതൊക്കെ ചെയ്താൽ
 ഭ്രാന്തൻ എന്ന് എന്നെ
വിളിക്കുമോ നിങ്ങൾ

2014, ജനുവരി 20, തിങ്കളാഴ്‌ച

കണ്ണാടി പറഞ്ഞതും ഞാനറിഞ്ഞതും..

കൊഴിഞ്ഞു പോയ ദിനങ്ങൾ 
വെള്ളിനൂലുകളായ് കണ്ണാടിയിൽ 
പ്രതിബിംബിച്ചു. 
കുഴിഞ്ഞ കണ്ണുകളിലെ
 ക്ലാവു പിടിച്ച ഓർമ്മകളിൽ
 എനിക്കു വയസ്സായി 
 എന്നാരോ ഉള്ളിൽ പറഞ്ഞു. 
അകക്കണ്ണിലെ നിറവു 
 പുറം കണ്ണിനെ നനയിച്ചു.
വഴികൾ കടന്നും നീളുന്ന
കാഴ്ചയെ മനസ്സു പോയി
തിരിച്ചു വിളിച്ചുകൊണ്ടുവന്നു .
കൂടെയുണ്ടാകുമെന്ന
വാഗ്ദാനം പാലിക്കാത്തവളെ
ഈ ഇരുട്ടിൽ ഞാൻ എവിടെതിരയാൻ
അകന്നു പോകവേ
തിരിഞ്ഞു നോക്കാൻ
എന്റെ മനസ്സു നിന്നോട് പറഞ്ഞതല്ലേ
എങ്ങിനെ കേൾക്കാൻ
ഞാൻ പറിച്ചെടുത്ത എന്റെ മനസ്സിൽനിന്നും
നീ നിന്റെ ചെവി തിരിചെടുത്തില്ലേ
അഹങ്കാരം എന്നിൽ
അന്ധകാരമായ് മാറിയപ്പോൾ
മൂടിയ തിമിരത്തിന്റെ പാട
മാറാൻ വർഷങ്ങളേറെ .
ഇന്നീ മുറിക്കോണിലിരുട്ടിൽ
ലോകത്തെ എന്നിലേക്കു ചുരുക്കി
നിഴലുകളോട് യുദ്ധം ചെയ്ത്
കാത്തിരിക്കുന്നു നിന്നെ
ഉപേക്ഷിക്ക പെട്ടവന്റെ
ഏകാന്തത അവയുടെ
ചുളിഞ്ഞ കൈവിരലുകളാൽ
എന്നെ ഉന്മാദത്തിന്റെ
താഴ്വരകൾ കാണിക്കും വരെ

2014, ജനുവരി 17, വെള്ളിയാഴ്‌ച

അർദ്ധനാരി

അർദ്ധനാരി
.....................................
ഞാൻ ..അർദ്ധനാരി
ഹിജടയെന്നു നിങ്ങൾ
വിശേഷിപ്പിക്കുന്നവൾ
ഞാൻ ആരെന്നു എനിക്ക് -
പോലും പിടികിട്ടാത്തവൾ
എന്നിലെ എന്നെ
തിരഞ്ഞു മടുത്തവൾ
രാവിനും പകലിനും
ഇടയ്ക്കു പെട്ടുപോയവൾ
അമ്മയുടെ കണ്ണുനീരിന്റെയും
അച്ഛന്റെ മൌനത്തിന്റെയും
വിലയറിഞ്ഞവൾ
ജീവിക്കാൻ ഇടം തേടി
അലഞ്ഞു മടുത്തവൾ
പരിഹാസങ്ങളെ
ചിരിയിലൊളിപ്പിക്കാൻ
ശീലിച്ചവൾ
കളികൂട്ടുകാരും കാണാതെ
മറയുന്നത് കണ്ടില്ലെന്ന്
നടിക്കാൻ പഠിച്ചവൾ
ഞാൻ ..അർദ്ധനാരി
ശിവന്
മോഹിനിയായവൾ
ശിഖണ്ഡിയായ് നിന്നു
യുദ്ധം ജയിച്ചവൾ
ഉള്ളിൽ മോഹങ്ങൾക്കു
ചിതയൊരുക്കിയവൾ
അവഗണനയുടെ കണ്ണുനീരിൽ
ഗംഗാ സ്നാനം ചെയ്തവൾ
ചേഷ്ടകളിലെ സ്ത്രൈണതയിൽ
ആനന്ദം കൊണ്ടവൾ
സ്ത്രീയെന്നോർത്ത്
അഹങ്കരിച്ചവൾ
പിന്നെ അല്ലന്നറിഞ്ഞു
മനസു പിടഞ്ഞവൾ
പൂർണതയിലും
പൂർണതയില്ലാത്തയീ
മനുഷ്യകോലങ്ങളിൽ
അപൂർണതയിലും
പൂർണത ഉള്ളവൾ ഞാൻ .

2014, ജനുവരി 14, ചൊവ്വാഴ്ച

പ്രതീക്ഷ

ഓർമകളെ ഒക്കേയും ഒന്ന്
മായിക്കുവാൻ കഴിഞ്ഞെങ്കിൽ
ഈ ജീവിതം തന്നെയൊന്നു
മാറ്റുവാൻ കഴിഞ്ഞെങ്കിൽ
നിരാശകളിൽ നിന്നും
പുതു നാമ്പുകൾ വിടർന്നെങ്കിൽ
നിറയുന്ന കണ്ണുകളൊരു
പുഞ്ചിരിയിലേക്കുയർന്നെങ്കിൽ
നാളെയെന്ന ദിനത്തിലേക്കൊരു
മഴവില്ല് ഉയർന്നെങ്കിൽ
എന്റെ ഹൃദയത്തിലൂടെ
നിനക്കു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ
എന്റെ സ്വപ്നങ്ങളൊക്കെയും
നിന്റെ ചിന്തകളായെങ്കിൽ
എന്റെ കണ്ണുകളിലൂടെ നീ എന്നെ
അറിഞ്ഞിരുന്നുവെങ്കിൽ
ഈ പാഴ് മനസ്സിൻ സംഘട്ടനങ്ങളിൽ
എന്റെ ജീവിത കണ്ണാടി ഉടയാതിരുന്നെങ്കിൽ

2014, ജനുവരി 10, വെള്ളിയാഴ്‌ച

എന്റെ പ്രിയനേ




ഞാൻ പറയാതെ പറഞ്ഞതല്ലേ
പ്രിയനേ നിന്നോടെന്റെ പ്രണയം
നീ കാണാതെ കടന്നു പോയില്ലേ
എന്നേക്കും എന്നിൽനിന്നും
  കണ്ണുകൾ  നിറഞ്ഞു
പെയ്തതെല്ലാം
എൻ മുടിച്ചുരുളുകൾ
ഒളിപ്പിച്ചു നിന്നിൽനിന്നും 
നമ്മളൊന്നു ചേർന്നിരുന്ന
നിമിഷങ്ങളൊക്കെയും
 ഇന്നു  വ്യർത്ഥ പ്രണയത്തിൻ
അവശേഷിപ്പ് മാത്രം
പിന്തിരിഞ്ഞൊരുമാത്ര
നോക്കുമ്പോൾ കാണാം
കരിയില മൂടിയ വഴികൾ പിന്നിൽ
പിന്നെ നാം കൈകോർത്തു
നടന്നൊരാം ഓർമ്മകളും ..
പലപ്പോഴും പങ്കുവെച്ചോരാ
ശീലക്കുടയിൻ തണലും
ചൊല്ലി പടിച്ചോരാ
കവിതതൻ ശീലും ...
 ...................................
ഒരു നെടുവീർപ്പിലൂടെ
ഞാൻ അമർത്തി വെച്ചു
തിളച്ചു പൊന്തിയൊരെൻ
ഓർമ്മകളെ
ഓർമ്മകൾ ചിലപ്പോൾ
എരിയും കനലാകാം
മറ്റു ചിലപ്പോൾ
 ഒരു വേനൽമഴയും
ഇനിയൊരു തിരിച്ചുപോക്കില്ല
എങ്കിലും
സംവദിക്കുന്നു ഞാൻ
എൻ മനസ്സിനോട്
ഞാൻ വരും
നിന്നിലെക്കെൻ പ്രണയമേ
നിന്റെ ഏകാന്തതയുടെ
മഴത്തുള്ളികളെ പെയ്തു തീർക്കാൻ  

എന്റെ പ്രണയചിന്തകൾ

എന്റെ കാഴ്ചകൾ നിന്റെ വരവുമാത്രം പ്രതീക്ഷിക്കുന്നു. എന്റെ കാതുകളിൽ നിന്റെ വിരൽതുമ്പിൻ സംഗീതം മാത്രം , സൂക്ഷിച്ചു കേൾക്കൂ , എന്റെ ഹൃദയത്തിന്റെ അവശേഷിക്കുന്ന മിടിപ്പും നിന്റെ പേര് ചൊല്ലിയാണ് വിളിക്കുന്നത്‌ . നിന്റെ ആകാശവും , നക്ഷത്രങ്ങളും എന്റേത് കൂടെയാണ് എന്നതെന്റെ അഹങ്കാരം . അകലങ്ങളിൽ എവിടെയോ നീയുണ്ടെന്നതും നിന്നിൽ ഞാനുണ്ടെന്നതും ആണ് എന്റെ ഊർജം . ഈ ദൂരമൊരു ദൂരമാണോ? നമ്മുടെ ചിന്തകൾക്കു തമ്മിൽ പ്രണയിക്ക്കുവാൻ .എന്റെ സ്വപ്‌നങ്ങൾ വഹിച്ചുകൊണ്ട് ഒരു കാറ്റ് നിന്നെ തേടിയെത്തും , അവ നിന്റെ മുടിയിഴകളെ എന്റെ വിരൽകൊണ്ട് തലോടും ,നിന്റെ വരണ്ട ചുണ്ടുകളെ എന്റെ ചുംബനം കൊണ്ടു നനയ്ക്കും ,തണുത്തു കുളിർക്കുന്ന നിന്നെ എന്റെ ചൂടുകൊണ്ട് പൊതിയും ,എന്റെ പ്രണയ കവിതകൾ കൊണ്ട് നിനക്ക് താരാട്ടു പാടി ഉറക്കും എന്നിട്ട് എന്റെ ഹൃദയം നിന്റെതിനോട് ചേർത്ത് വയ്ക്കും ...................

2014, ജനുവരി 7, ചൊവ്വാഴ്ച

എന്റെ മകളെ

എങ്ങിനെ ഞാൻ കാത്തു
സൂക്ഷിക്കേണ്ടു
എന്നോമന  പൊന്മകളെ
നിന്നെ ഞാനീ
ലോകത്തിൻ കാമ -
കണ്ണുകളിൽനിന്നും
തറയിലും തലയിലും
വെക്കാതെ ഞാൻ
നിന്നെ യെൻ കൈകളിൽ
കൊണ്ടു നടപ്പൂ
രൂക്ഷമായ് നിന്നിലെക്കുയരും
നോട്ടങ്ങളെ ഞാനെൻ
ക്രുദ്ധനയനങ്ങളാൽ
തട്ടിനീപ്പൂ
പൊൻ വേലി എന്നു
നിനക്കു തോന്നിടാമെങ്കിലും
ഇതൊരമ്മതൻ
ഹൃത്തിൻ വേവലാതി
ചുറ്റും കത്തുന്ന
കഴുകൻ കണ്ണുകളും
ചുറ്റി വരിയുന്ന
നീരാളികൈകളും
കുഞ്ഞേ നിനക്കറി യില്ലീ
 മനുഷ്യർ തൻ  പൊയ്മുഖം
എന്നും കാണുന്ന മാലാഘയാം
ചേട്ടനും ഒരു നിമിഷംകൊണ്ടൊരു
ചെകുത്താനായ്   മാറിടാം .
നിന്റെ  പൂമുഖം എന്നിലെന്നേക്കുമൊരു 
വേദനയായും മാറിടാം . 
കണ്ണിമ ചിമ്മാതെ
നോക്കിയിരിപ്പൂ ഞാൻ
 എന്നിൽ ആളിപ്പടരുമീ
ചിന്തകൾ നിന്നിലെക്കെത്തുന്ന
കാലം വരെ . 

2013, ഡിസംബർ 29, ഞായറാഴ്‌ച

പോകണം ദൂരേക്ക്‌ ,

പോകണം ദൂരേക്ക്‌ , ഞാനറിയാത്ത എന്നെ അറിയാത്ത ദൂരത്തേക്കു ....
കണ്ണടച്ചാൽ മനസ്സിൻ വെളിച്ചം നിറയുന്ന ഇടത്തിലേക്ക്
ഹൃത്തിൻ തേങ്ങലുകൾ കണ്ണുനീരായ് ഒഴുകിമാറുന്നിടത്തിലേക്ക്

എന്റെ പ്രണയം

അക്ഷരങ്ങൾ  തൊണ്ടയിൽ കുടുങ്ങിയ മീന്മുള്ള് പോലെ
അങ്ങോടുമില്ല ഇങ്ങോടുമില്ല .....
സ്വപ്‌നങ്ങൾ ഉള്ളിൽ കിടന്നൊരു
കരച്ചിൽ -  പുറത്തേക്കുള്ള
വഴിയറിയില്ലത്രേ
യാഥാർത്ഥ്യം മുൻപില്
വന്നു പകച്ചു നില്കാൻ
തുടങ്ങീട്ടു കുറച്ചു നേരമായ്
എനിക്കുമറിയില്ല
അവനുമറിയില്ല .
ചിന്തകളെ

കുറച്ചധികം നിരത്തി -
വെച്ചു നോക്കി .
പിന്നെ അതിൻ വരികളിൽ
ഒളിപ്പിച്ചു നിന്നെ
മനസ്സിൽ  നിന്നും മറച്ചു -
വെക്കുവാനും നോക്കി
എന്നിട്ടും ഉള്ളിലെ
കരച്ചിലിന്നൊരു കുറവുമില്ല
പ്രണയത്തിനു  ഇത്രേം
നൊമ്പരമെന്നു
ഇപ്പോഴാ  അറിയുന്നെ  
എന്തെങ്കിലും ഒന്ന് ചെയ്യണം
അതെ , അല്ലാതെ
എന്റെ ഉള്ളിലെ ഈ
ബുദ്ധിമുട്ട് ഞാൻ ആരോടു പറയാനാ



2013, ഡിസംബർ 26, വ്യാഴാഴ്‌ച

ഒരു ക്രിസ്തുമസ് രാവിനു ശേഷം

വിട്ടുപോകുവാൻ മടിക്കുന്ന
ഈ ശൈത്യം എന്റെ കാമുകനെ പോലെ
അവന്റെ കൈകളുടെ കുസൃതി
എന്നെ ഗാഡം  പുണർന്നു
കൊണ്ടിരിക്കുന്നു .
ഉറക്കം മയങ്ങിയ എന്റെ
കണ്ണുകൾ പുലരിയിലേക്കു
തുറക്കുവാൻ മടിക്കുന്നു
ജനാല ചില്ലുകളിൽ
മുട്ടിവിളിക്കുന്ന
മഞ്ഞുതുള്ളികളാവട്ടെ
പുതപ്പിനുള്ളിലെക്കെന്നെ
വീണ്ടും തള്ളിവിടുന്നു
കോടക്കാറ്റിൻ കൈകളോ
ഇലകൊഴിഞ്ഞ മരങ്ങൾ
നഗ്നരാണെന്നോർമിപ്പിക്കുന്നു
ഈ ഡിസംബറിൽ
ഇതെന്റെ സുന്ദര പ്രഭാതം
ഒരു ക്രിസ്തുമസ് രാവ് ബാക്കിവെച്ച
എന്റെ പുലർക്കാലം
ഞാൻ വീണ്ടും വീണ്ടും
ചുരുണ്ടുകൂടുവാൻ കൊതിക്കുന്ന
എന്റെ തണുത്ത പുലർക്കാലം . 


2013, ഡിസംബർ 20, വെള്ളിയാഴ്‌ച

ഊർമിളാ നീ എവിടെയാണ് ..

ഊർമിളാ നീ എവിടെയാണ്  ..?
നിന്റെ കാന്തൻ ലക്ഷ്മണൻ
പോകുവാൻ ഒരുങ്ങുന്നതു
കാണുന്നില്ലേ ?
ഈ വിരഹം
പതിന്നാലു സംവത്സരമെന്നു
അറിയുന്നില്ലേ ?
ഇതാ ജാനകിയും
ഒരുങ്ങി രാമനേ അനുഗമിക്കുവാൻ .

വിടപറയിലിന്റെ
അവസാന തുള്ളി കണ്ണുനീരും
പൊഴിഞ്ഞു കഴിഞ്ഞു .
വൃദ്ധരായ ഞങ്ങളെ ഓർത്തു
വിരഹിച്ചു തീർക്കുവാനോ 
നിന്റെ  ജീവിതം .
എവിടെയും നിഴലിന്റെ നിഴലായ്
ഒതുങ്ങുവാനൊ നിന്റെ യോഗം
കാലത്തിന്റെ സുവർണ
ലിപികളിൽ-
അയോദ്ധ്യാ രാമനെയും
സീതയേയും പിന്നെ
ലക്ഷ്മണനെയും
വാഴ്ത്തുമ്പോൾ
കുഞ്ഞേ , കഷ്ടം
എവിടെയാണ് നിന്റെ
സ്ഥാനം ....
മറവിയുടെ ഇരുട്ടിൽ
ഒളിച്ചിരിക്കാനോ
നിന്റെ നിയോഗം
അന്തപുരത്തിന്റെ
ഇടനാഴികളിൽ മുഴങ്ങുന്ന
ദീർഘ  നിശ്വാസങ്ങളിൽ
പോലും നീയില്ലല്ലോ
ദേവി , ഊർമിള  നീയെവിടെയാണ്  ..
പുറത്തേക്കു വരൂ
വിളിച്ചു പറയൂ
ഈ ലോകത്തോട്‌
നിന്റെ സഹനത്തിന്റെ
കഥ ..പിന്നെയീ
വിരഹത്തിന്റെ വേദന
അവഗണനയിലും
നിർവൃതി തേടിയ
നിന്റെ ഈ ജീവിതത്തിന്റെ
കഥ ..
ഊർമിളാ നീ എവിടെയാണ് ..


2013, നവംബർ 10, ഞായറാഴ്‌ച

ചില മുറിവുകൾ അങ്ങനെയാണു്

ചില മുറിവുകൾ അങ്ങനെയാണു്
അവയുടെ കൈപ്പിടിയിൽ നിന്നും -
നമ്മെ വേർപെടുത്താതെ
കൊണ്ടു നടക്കും .
ഉണങ്ങിയെന്നാശ്വസിക്കുന്ന
നിമിഷങ്ങളിൽ തന്നെ  
ഒരു കുഞ്ഞു വേദനയെയോ -
ഒരു ചെറു നിണ പൊടിപ്പിനെയോ -
സമ്മാനിക്കും .
ചില മുറിവുകൾ അങ്ങനെയാണു്...
എത്രയേറെ കാലങ്ങൾ
പിന്നിട്ടാലും അവയുടെ -
നിഴൽപ്പാടുകളാൽ
നമ്മെ ഓർമ്മപ്പെടുത്തികൊണ്ടേയിരിക്കും
ഒരു ചെറു നൊമ്പരമായ് -
വന്നു മനസ്സിനെയാകെ
പിടിച്ചുലച്ചെന്നിരിക്കും .
ചിലപ്പോൾ എല്ലാം മറന്നു
മരവിച്ചൊരു കള്ളനെപോൽ
ഉള്ളിൽ ഒളിച്ചു കിടക്കും .
പലപ്പോളും അവന്റെ
ആയുധങ്ങൾ പലതാകും .
ചിലനേരങ്ങളിൽ
സ്നേഹത്തിനെ ഒരു വജ്രായുധമാക്കും
ചിലപ്പോൾ സൗഹൃദത്തിനെ
ബ്രഹ്മാസ്ത്രമാക്കും .
അതും  അല്ലെങ്കിൽ
ബന്ധങ്ങളെ അവൻ
പരിചയാക്കി മാറ്റും .
ചില മുറിവുകൾ അങ്ങനെയാണു്...
പല മുഖങ്ങൾ ഉള്ളവ ..
നമുക്ക് തിരിച്ചറിയാൻ
സാധിക്കാത്തവ
ചിലപ്പോൾ ചിരിച്ചുകൊണ്ടു -
കൂടെനടന്നു
നമ്മിലേക്കാഴ്ന്നിറങ്ങും 
മറ്റു ചിലപ്പോൾ
പതിയിരുന്നു  ചാടിവീണേക്കാം
ചില മുറിവുകൾ അങ്ങനെയാണു്...
ഉള്ളിലൊരു കനലായ് -
മാറി സ്വയം നീറി നീറി -
നമ്മെയും നീറ്റുന്നവ
വേണമെന്നു വെച്ചു നാം
നെഞ്ചോടു ചേർക്കുന്നവ ...

   


  




 

2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

എനിക്കുറങ്ങണം

എനിക്കുറങ്ങണം
സ്വസ്ഥമായ്  ഉറങ്ങണം
ക്ഷോഭിച്ച കടൽ പോലെയെൻ
ഹൃദയവും ,
ഉറവകൾ വറ്റാത്ത എൻ
കണ്ണുകളും ചതുപ്പിൽ നിന്നുയരുന്ന -
കുമിളകൾ പോലെ എൻ
ഗദ്ഗധങ്ങളും ,മറന്നു
എനിക്കുറങ്ങണം
ശാന്തമായ് - ഉറക്കത്തിൽ
മതിവരുവോള മെനിക്ക് -
സന്തോഷിക്കണം ,
ഒരപ്പൂപ്പാൻ താടിപോലെ
സ്വച്ചമായ് ഒഴുകി പറക്കണം
നിഷ്കളങ്കമാം ബാല്യതിലെന്നപൊൽ
വെറുതെ പൊട്ടിച്ചിരിക്കണം
നിർത്താതോടുന്ന തീവണ്ടിയെ
കൂവിതോല്പിക്കണം
വെള്ളാരങ്കല്ലുകൾ കൂട്ടി
കൊത്തങ്കല്ലാടണം  
വളപ്പൊട്ടുകളും -
മയിൽപ്പീലിയും കൊണ്ടൊരു
സാമ്രാജ്യം തീർക്കണം
പറമ്പിലെ മരങ്ങൾ -
പെയ്യുന്ന മഴയിൽ നനയണം ,
അമ്മയുടെ സ്നേഹകരുതലിൻ
രാസ്നാദി തിരുമ്മണം
ഞാവൽ പഴത്തിൻ
കറപിടിച്ച നാവുനീട്ടി
മുഖകണ്ണാടിയെ  പേടിപ്പിക്കണം
ഇനിയുമുണ്ടേറെ -ഒരു
ഉറക്കത്തിനു മതിയകാത്തത്ര
എനിക്കുറങ്ങണം
വേഗമുറങ്ങണം
എന്നിട്ടെന്റെ
സ്വപ്നങ്ങളിലൂടെനിക്കു 
സഞ്ചരിക്കണം 









2013, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

കവിത മരം

കവിത മരം

കൊതിച്ചു  കൊതിച്ചിരുന്നു 
ഞാനും നട്ടെന്റെ
വീടിന് മുറ്റത്തൊരു
കവിതമരം
ഇന്ന് വരും കവിത .........
നാളെ വരും കവിത ...
കാത്തു കാത്തങ്ങിരുപ്പായ്
ഇലയായ് ...പൂവായ്
കായായ് .....പിന്നെ ....
പിന്നെ അതു  "ജ്ഞാന "പഴമായ്  ...............

2013, മാർച്ച് 5, ചൊവ്വാഴ്ച

മരണ പത്രം

ഇന്നെന്തോ ഞാന്‍ തീരുമാനിക്കുന്നു 
ഇതാണു നല്ലദിവസം 
ഈ ഭുമിയില്‍ നിന്നും യാത്ര പറയുവാന്‍ 
ശുഭ ദിവസം 
അറിയാതെ അറിയാതെ 
മരണത്തിന്റെ കരുത്തുറ്റ കൈകളിലേക്ക് 
ഒരു പ്രണയിനിയെ പോലെ 
ചേര്‍ന്നു അലിയാന്‍ 
അവന്റെ കറുത്ത ചുണ്ടുകളാല്‍ 
ചുംബനം ഏറ്റുവാങ്ങാന്‍ 
മാസ്മരികമായ ആ നിര്‍വൃതിയില്‍ 
സ്വയം മറക്കാന്‍ 
ഇതാണാ ദിവസം 
ശുഭ ദിവസം 
ഇന്ന്  കറുത്ത വാവോ  വെളുത്ത വാവോ ?
അറിയില്ല  .. എങ്കിലും ഇന്നാണ ദിവസം 
ആ ശുഭ ദിവസം 
എന്റെ ബന്ധങ്ങളെയും 
ബന്ധനങ്ങളെയും 
ഞാന്‍  പൊട്ടിച്ചെറിയാന്‍ 
തീരുമാനിച്ച ദിവസം 
നാളത്തെ സൂര്യന്‍ എനിയ്ക്ക് വേണ്ടി 
ഉദിക്കില്ല .. നാളത്തെ ചന്ദ്രനും 
ഇന്നു കഴിഞ്ഞാല്‍ എനിക്കന്യം 
ഇന്നുവരെ എന്റെതെല്ലാം 
നാളെ  നിന്റെ ആകാം 
ഇതാണാ ദിവസം 
എന്റെ എന്റെ എന്നാ ശബ്ദത്തിനു 
എനിക്ക് അര്‍ത്ഥമില്ലതാകുന്ന 
ശുഭ ദിവസം 
അരുടെയെക്കയോ 
ഹൃദയത്തില്‍ ചെറു പോറലുകള്‍ 
ഏല്പിച്ചും ഞാന്‍ ഇന്നു പോകാന്‍ തീരുമാനിക്കുന്നു 
ഇന്നലെകള്‍ എന്നില്‍ എന്തായിരുന്നു 
അറിയില്ല നാളെകളില്‍ എന്റെ ഓര്‍മ്മകള്‍ 
എന്തായിരിക്കാം അതും അറിയില്ല 
എങ്കിലും എന്റെ പ്രണാമം എല്ലാവര്ക്കും 
എന്റെ അവസാന പ്രണാമം ............... 


2012, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

എന്റെ പിഴ

ആരോ  പറഞ്ഞു
ജീവിതം  മുന്തിരിച്ചാറെന്നു
ആവോ ഞാനറിഞ്ഞില്ല
ആരോ പറഞ്ഞു വിശ്വാസം
കാരിരുംബെന്നു
അതും ഞാന്‍ അറിഞ്ഞില്ല
എന്റെ ജീവിതത്തിന്റെ
മുന്തിരിചാറിനു
കണ്ണുനീരിന്റെ ഉപ്പായിരുന്നു
എന്റെ വിശ്വാസങ്ങള്‍
ആകട്ടെ എന്നെ
കൊഞ്ഞനം കാണിക്കുന്നു
എന്താണോ ? എന്തിനാണോ?
പലരോടും ചോദിച്ചു ഒരു മറുപടിക്കായ്
എന്റെ ഹൃദയം
എന്നോട് പിണങ്ങി തുടങ്ങി
എന്തിനെന്നെ ഇങ്ങനെ വേദനിപ്പിക്കുന്നു
നിറഞ്ഞ കണ്ണുകള്‍
മുകളിലേക്കുയര്‍ത്തി
ഞാന്‍ പറഞ്ഞു
അറിയില്ല എനിക്കറിയില്ല
ഇത് എന്റെ പിഴയോ?
അതോ നിന്റെ പിഴയോ?
...............................................................

2009, ജൂൺ 20, ശനിയാഴ്‌ച

നീ....

നീ എന്റെ നിമിഷങ്ങളില്‍
നീര്‍കുമിളകള്‍ പോലെ ,
വിടരുന്നു , കൊഴിയുന്നു
സ്വപ്‌നങ്ങള്‍ പോലെ
അറിയാതെന്‍ ആത്മാവിന്‍
പൂമരചില്ലയില്‍
ചേക്കെരാനെത്തിയ
രാക്കുയിലായ് നീ ..
എന്‍ മിഴികള്‍ക്ക്
എന്നും പൂവസന്തമാണ് നീ
എന്‍ മൊഴികളില്‍
നീ എന്നും മധുരരാഗമാനെന്നു
............എന്‍ കരിവള
കൈകള്‍് കവര്‍ന്നു കൊണ്ടു..
നീ എന്‍ ചെവികളില്‍ ഓതിയ
മധുരവാക്കുകള്‍ ഇവ ...
ഇത്ര പെട്ടന്ന് നീ എന്നെ മറന്നു പോയോ?
ഓര്‍മക്കായ്‌ നീ തന്നതില്ല എനിക്ക്
അടയാള മോതിരങ്ങള്‍ ഒന്നും തന്നെ..
നിന്റെ കരങ്ങള്‍ തന്‍ കരുത്തില്‍
ഉടഞ്ഞു പോയ ഈ കരിവള പോട്ടുകളല്ലാതെ....
സ്നേഹിച്ചു പോയി നിന്നെ ഞാന്‍
ആത്മാര്‍ത്ഥമായ് ...
അതൊന്നു മാത്രമെ
എന്‍ പിഴയായ്‌ ഉള്ളൂ
നോക്കൂ ...
തിളങ്ങുന്ന നക്ഷത്രമെന്നു
നീ വര്‍ണിച്ച എന്‍ മിഴികളില്‍
ഇന്നു തിളങ്ങുന്നതെന്‍
കന്ണൂനീര്‍്തുള്ളികളാണ്
എവിടെ പോയി മറഞ്ഞു നീ
എന്നില്‍നിന്നും
അറിയാം വരില്ല നീ ഇനി
എന്നിലേക്ക്‌
എന്ഗിലും വീണ്ടും ഞാന്‍
ആശീപ്പൂ വ്യര്‍്തമായ്..

2009, ജൂൺ 14, ഞായറാഴ്‌ച

"ഓര്‍മ്മകള്‍"

നീര്‍മാതളത്തിന്റെ കൂട്ടുകാരി,
നമ്മുടെയെല്ലാം സ്വകാര്യ അഹങകാരമായ
നീലാംബരി..
സ്ത്രീമാനസുകളുടെ കാപട്യം നിറഞ്ഞ നിഗൂടതയെ
അനാവരണംചെയ്യാന്‍് ശ്രെമിച്ച
പുന്നയുര്‍കുലത്തെ നിഷ്കളങ്ങയെ,
ഒരു രോമതോപ്പികാരന്റെകപടസ്നേഹത്താല്‍് "കമല സുരയ്യ "
ആയി മാറിയ നമ്മുടെ സ്വന്തം മാധവികുട്ടി ഇനി ഓര്‍മകളില്‍ മാത്രം
നഷ്ടപെട്ട നീലാംബരിക്കായ്‌ ഒരു പിടി വെളുത്ത പുഷ്പങ്ങള്‍ അര്‍പിക്കുക
..... അക്ഷരങ്ങളെ സ്നേഹിക്കുന്നു എങ്കില്‍...





കടപ്പാട് : പ്രേമേട്ടൻ

2009, മാർച്ച് 3, ചൊവ്വാഴ്ച

" ഓര്‍മ്മ കുറിപ്പ് "

എന്തെഴുതാന്‍ " മുത്തേ "..
ഇതു വെറും വരികളല്ല നിനക്ക്
ഞങ്ങളുടെ ഓര്‍മകളുടെ
വസന്തമല്ലേ..
അവിടെ ഞാന്‍ ഒരു
മുല്ല മോട്ടാകട്ടെ
ഒരു പകലിന്റെ
ആയുസ്സില്‍
എന്റെ മുഴുവന്‍
സൌരഭ്യവും നിനക്കു
നല്കുന്ന ഒരു കുഞ്ഞു പൂ മൊട്ടു .

**************

എങ്കില്‍ പിന്നെ ഞാനൊരു
തോട്ടാവാടിയാകം
നിന്റെ..
കുഞ്ഞു കുഞ്ഞു
പിണക്കങ്ങളില്‍
ഇലകള്‍ കൂമ്പി
പിന്നീടുള്ള ഇണക്കത്തില്‍
വിടര്‍ന്നു ചിരിക്കുന്ന
നിന്റെ പ്രീയപ്പെട്ട
തൊട്ടാവാടി....

***********

ഇല്ല കേട്ടോ ഒരു
പനിനീര്‍ പൂവാകാന്‍ ഞാനില്ല
സുന്ദരമാണ് എന്കിലും
എന്റെ മുള്ളുകള്‍ നിന്നെ
വേദനിപ്പിച്ചാലോ ..

*************

എന്നുമെന്നും
നിന്‍ ഓര്‍മകളില്‍
സുഗന്ധം പരത്തുന്ന ആ
മുല്ലമോട്ടായാല്‍ മതി എനിക്കു .

എവിടെയായിരുന്നാലും
എന്റെ പ്രാര്‍ത്ഥനയുടെ ,
എന്റെ സ്നേഹത്തിന്റെ
സുഗന്ധം നിന്നിലെക്കെത്തിച്ചു
കൊണ്ടിരിക്കുന്ന...
ഒരു കുഞ്ഞു പൂവ്...


* ഇതു എന്റെ കുഞ്ഞു വാവക്ക്

2009, ഫെബ്രുവരി 26, വ്യാഴാഴ്‌ച

" ഒരു പ്രണയത്തിന്‍ ഓര്‍മ്മക്കായ് "

ഒരു പ്രണയത്തിന്‍ -
ഓര്‍മ്മക്കായ്..
കാത്തു വെച്ചു ഞാന്‍ -
ആ പനിനീര്‍ പൂവ്
നീ നിന്റെ സ്നേഹം -
നിറച്ചു ചുവപ്പിച്ച പൂവ്

ഒരു പ്രണയത്തിന്‍ -
ഓര്‍മ്മക്കായ് ..
ഓര്‍ത്തു വെച്ചൂ ഞാന്‍ -
ആ വരികള്‍
നീ എന്റെ ചെവിയില്‍
ഓതിയവ .

ഒരു പ്രണയത്തിന്‍ -
ഓര്‍മ്മകളില്‍ ..
തെളിഞ്ഞു നിന്നൂ
സായന്തനങ്ങള്‍
വിരലുകള്‍ കോര്‍ത്തു
വിജനമാം വീഥികളില്‍
നാം പന്കു വെച്ച നിമിഷങ്ങള്‍ .

ഒരു പ്രണയത്തിന്‍ -
ഓര്‍മ്മകളില്‍..
നിറഞ്ഞു നിന്നെന്‍
പ്രിയനേ നീ..
ഈ കാലങ്ങളില്‍
ജീവിത കോലങ്ങളില്‍
മങ്ങി മായാതെ നീ ..
**************
ജനനമെന്നാല്‍ -
മരണം സത്യം.
ഈ ജീവിതമെന്നാല്‍ -
നശ്വരം സത്യം .
എന്നാലീ ....
ഓര്‍മകള്‍ക്കിവിടെ -
മരണമില്ലത്രെ.

എന്നില്ലൂടെ ..പിന്നെ
നിന്നിലൂടെ
അനശ്വരമത്രെ......

2009, ഫെബ്രുവരി 22, ഞായറാഴ്‌ച

" സത്യം "

സത്യം എപ്പോഴും ആരറിയുന്നു,
ആരറിയാന്‍ ശ്രെമിക്കുന്നു
ചാരെ ഗമിക്കും സത്യത്തിനെ -

അകറ്റി നിര്‍ത്തുന്നെപ്പൊഴും 
ക്രൂര വൈരിയെപ്പോൽ

ചിലപ്പോള്‍ -
കല്ലെറിയുന്നൂ.
തൂക്കിലേറ്റു ന്നൂ,
കണ്ടാല്‍ മുഖം തിരിക്കുന്നു
കള്ളനെന്നു വിളിക്കുന്നു

പാവം....
അവസാന ശ്വാസം വരെ -
അവനാരെന്നറി യിക്കാന്‍്
കഴിയാതുഴറുന്നു.

പിന്നെ...
കാലചക്രത്തിന്‍ തിരിവില്‍ -
എപ്പോഴോ നിലച്ച
ആ ജീവനെ
കല്ലറക്കുള്ളിലാക്കി
അവസാന മുഷ്ടി മണ്ണും തൂകി -
നാം പറയും
" ഇതാ, സത്യം ഇതായിരുന്നു..
കഷ്ടം ! അറിഞ്ഞില്ലിതു വരെ .."